മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ആസിഫ് അലി പിന്നീട് ഹിറ്റ് സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരുന്നു. ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേയായിരുന്നു ആസിഫിന്റെതായി അടുത്തിടെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നൊരു ചിത്രം.

ആസിഫ് അലിയ്ക്കൊപ്പം ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തിയിരുന്നത്. ദീപക് ദേവിന്റെ സംഗീതത്തില്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ആസിഫിന്റെതായി ഹിറ്റായി മാറിയ ചിത്രമായിരുന്നു സണ്‍ഡേ ഹോളിഡേ.

നവാഗതനായ മൃദുല്‍ നായർ സംവിധാനം ചെയ്യുന്ന “ബിടെക്ക്” ആണ് ആസിഫ് അലിയുടെ പുതിയ റിലീസ് . അപര്‍ണാ ബാലമുരളി തന്നെയാണ് ഈ ചിത്രത്തിലും ആസിഫിന്റെ നായികയായി എത്തുന്നത്. കോളേജ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയുളള കഥയാണ് പറയുന്നത്. അനുപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള മികച്ചൊരു ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ട്രെയിലര്‍ കാണാം