മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍റെ മൂന്നാം വിവാഹവും പിരിയുന്നതായി പാക് മാധ്യമങ്ങള്‍. ഇമ്രാന്‍റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടില്‍ കാണാനില്ല. ഇമ്രാന്‍റെ വളര്‍ത്തുനായകളും ബുഷ്റയുടെ ആദ്യ വിവാഹത്തിലെ മകന്‍റെ സാന്നിധ്യവുമാണ് വിവാഹം തകരാന്‍ കാരണമത്രെ.

ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് വിവിധ പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുഷ്‌റയ്ക്ക് മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളില്‍ മുഴുകുന്നതിനും ഇമ്രാന്‍റെ നായ്ക്കള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന കാരണത്താല്‍ അവയെ വീട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ നായ്ക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്തുക കൂടി ചെയ്തതോടെ ഇമ്രാനും ബുഷ്‌റയും വേര്‍പിരിഞ്ഞെന്ന അഭ്യൂഹം ശക്തമായി.

അതേസമയം ബുഷ്‌റയുടെ ആദ്യവിവാഹത്തിലെ മകനായ ഖവാര്‍ ഫരീന്‍റെ സാന്നിധ്യമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്ന് ഉര്‍ദു ദിനപത്രമായ ഡെയിലി പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുഷ്‌റയുടെ ബന്ധുക്കളാരും ഇര്‍ഫാനും ബുഷ്‌റയും താമസിക്കുന്ന വീട്ടില്‍ അധികദിവസം താമസിക്കരുതെന്ന് വിവാഹസമയത്ത് ഇരുവരും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇത് തെറ്റിച്ചതിനെ തു ടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് കുടുംബജീവിതം പ്രശ്‌നത്തിലാക്കിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയെ രണ്ട് മാസം മുമ്പാണ് ഇമ്രാന്‍ ജീവിത സഖിയാക്കിയത്. 65 കാരനായ ഇമ്രാന്‍റെ മൂന്നാമത്തെ ജീവിത സഖിക്ക് അമ്പതിനടുത്ത് പ്രായമുണ്ട്. ആത്മീയ ഉപദേശം തേടി പിങ്കി പിര്‍ എന്ന് വിളിപ്പേരുള്ള മനേകയെ ഒരുവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ കാണാന്‍ തുടങ്ങിയത്.

മനേക നടത്തിയ ചില രാഷ്ട്രീയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ ഈ അടുപ്പവും ദൃഢമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് മനേക ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ആത്മീയ ഉപദേശകയ്ക്ക് അഞ്ച് കുട്ടികളുണ്ട്.

1995 ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്‌സ്മിത്തുമായുള്ള വിവാഹബന്ധം ഒമ്പത് വര്‍ഷമേ നീണ്ടുള്ളൂ. ഈ ബന്ധത്തില്‍ ഇമ്രാന്‍ രണ്ട് ആണ്‍കുട്ടികളുണ്ട് 2004 ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് ടെലിവിഷന്‍ അവതാരകയായ റേഹം ഖാനെയാണ് ഇമ്രാന്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം 10 മാസം മാത്രമേ നീണ്ടുള്ളൂ.