കല്പറ്റ: പ്രമുഖ ഭിഷഗ്വരനും യോഗാചാര്യനും മാതൃഭൂമി ജോയന്റ് മാനേജിങ്ങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാറിന്റെ ഭാര്യാപിതാവുമായ ധനഞ്ജയ് ഗുണ്ടെ അന്തരിച്ചു. മഹാരാഷ്ട്ര കോലാപ്പൂര്‍ ശിവജി പാര്‍ക്ക് കൃഷ്ണ ബംഗ്ലാവിലായിരുന്ന എണ്‍പത്തിയൊന്നുകാരനായ ധനഞ്ജയ് ഗുണ്ടെ താമസിച്ചിരുന്നത്.

പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജനായ അദ്ദേഹം സ്റ്റെം സെല്‍ ശസ്ത്രക്രിയയിലും വിദഗ്ധനായിരുന്നു. മരുന്നും മെഡിക്കല്‍ സയന്‍സും കൊണ്ടുമാത്രം സൗഖ്യം പ്രാപിക്കാനാവില്ലെന്നു വിശ്വസിച്ച അദ്ദേഹം യോഗയില്‍ അധിഷ്ഠിതമായ ജീവിതരീതി പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

രാജ്യത്തിനകത്തും അമേരിക്ക, കനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുമായി ആയിരത്തിലേറെ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്കി. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, മുന്‍ പ്രധാനമന്ത്രി വി.പി. സിങ്ങ് തുടങ്ങിയവര്‍്ക്ക് യോഗ പരിശീലനം നല്കിയിട്ടുണ്ട്.

ഗ്രൂപ്പ് യോഗ തെറാപ്പികള്‍ക്കും പ്രത്യേകം ഊന്നല്‍ നല്കി. കോലാപ്പൂര്‍ കൃഷ്ണ നഴ്‌സിങ്ങ് ഹോം ഉടമയും സി.ജെ.ജി യോഗാ അക്കാദമി ഡയറക്ടറുമായ അദ്ദേഹം ശിവാജി സര്‍വകലാശാല വിസിറ്റിങ്ങ് ലക്ചററുമാണ്. സൗത്ത് ഇന്ത്യ ജൈന്‍ സഭയുടെ വീര്‍ സേവാദള്‍ വിഭാഗം സ്ഥാപക പ്രസിഡന്റാണ്.

യോഗയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് കോലാപ്പൂര്‍ നഗരസഭ നല്കിയ കോലാപ്പൂര്‍ ഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

ഭാര്യ: ലളിത. മക്കള്‍: കവിതാ ശ്രേയാംസ് കുമാര്‍. സുചേത. കോലാപ്പൂരിലെ ഡോ. സലിം മരുമകനാണ്.എം.വി ശ്രേയാംസ് കുമാറിന്റെ ഭാര്യാപിതാവ് ഡോ. ധനഞ്ജയ്് ഗുണ്ടെ