
ഐപിഎല്‍ പതിനൊന്നാം സീസണിന്‍റെ തുടക്കത്തില്‍ തന്നെ കല്ലുകടി. ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍ രാജിവച്ചതോടെ മറ്റ് ടീമുകളിലും പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു. ഡല്‍ഹിഡെയര്‍ഡെവിള്‍സ് ആറ് കളികളില്‍ അഞ്ചിലും പരാജയപ്പെട്ടതാണ് ഗംഭീറിന്‍റെ നായകസ്ഥാനത്തിന് ഇളക്കം തട്ടാന്‍ കാരണം.
സമാന അവസ്ഥയിലാണ് മുംബൈ ഇന്ത്യന്‍സും. നിലവിലെ ചാമ്പ്യന്‍മാരെന്ന പകിട്ടുമായെത്തി അവര്‍ ആറില്‍ അഞ്ച് മത്സരങ്ങളും തോറ്റ് ഏഴാം സ്ഥാനത്തേക്കാണ് നിലംപതിച്ചത്. സണ്‍റൈസസിനെതിരായ നാണം കെട്ട തോല്‍വിയും ഗൗതം ഗംഭീറിന്‍റെ രാജിയും കൂടിയായതോടെ മുംബൈ ക്യാംപിലും കാര്യങ്ങള്‍ പൊട്ടിത്തെറിയിലെത്തിച്ചിരിക്കുകയാണ്.
മുംബൈ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കുമെതിരെ തുറന്നടിച്ച് പരിശീലകന്‍ മഹേല ജയവര്‍ധന രംഗത്തെത്തി. രോഹിതിന്‍റെ നായകസ്ഥാനത്തെക്കുറിച്ച് ജയവര്‍ദനെ ഒന്നും പറഞ്ഞില്ലെങ്കിലും ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു.
ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ കടുത്ത ഭാഷയിലാണ് മഹേല പ്രതികരിച്ചത്. പാണ്ഡ്യസ്ഥിരത പുലര്‍ത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം കഠിനാധ്വാനം ചെയ്യണമെന്ന് ചൂണ്ടാകാട്ടി.
കാലം മാറുന്നതിനനുസരിച്ച് കളി മെച്ചപ്പെടുത്തി സ്വയം വളരാന്‍ യുവതാരങ്ങള്‍ക്ക് സാധിക്കണം. പ്രതിഭ കൊണ്ടു മാത്രം കാര്യമില്ലെന്ന് ഹാര്‍ദിക്കിനേപ്പോലുള്ള യുവതാരങ്ങള്‍ മനസ്സിലാക്കണമെന്നും ജയവര്‍ധനെ പറഞ്ഞുവച്ചു.
സണ്‍റൈസസിനെതിരെ താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടും ഉത്തരവാദിത്തമില്ലാതെ ബാറ്റു വീശിയ ബാറ്റ്‌സ്മാന്‍മാരാണ് ടീമിന്റെ തോല്‍വിക്കു കാരണമെന്നും പരിശീലകന്‍ തുറന്നടിച്ചു.
സണ്‍റൈസസിനെതിരെ 119 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ 87 റണ്‍സിന് എല്ലാവരും പുറത്തായി 31 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കാര്യങ്ങള്‍ ഈ നിലയില്‍ പോകുന്നത് രോഹിതിന്‍റെ നായകസ്ഥാനത്തിന് ഭീഷണിയാണെന്നാണ് പരിശീലകന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here