അലിയൻസ് അരീനയില്‍ തീപാറും പോരാട്ടം; റയലിന്‍റെ വിധി കുറിക്കുമോ ബയേണ്‍; ജര്‍മ്മന്‍ വമ്പന്‍മാരുടെ കൊമ്പടിക്കുമോ ക്രിസ്റ്റ്യാനോയും സംഘവും

ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തില്‍ റെയല്‍ മാഡ്രിഡ് ഇന്ന് ബയേണ്‍ മ്യൂണിക്കിനെ നേരിടും. ബയേണിന്‍റെ സ്വന്തം തട്ടകമായ അലിയാന്‍സ് അരീന സ്റ്റേഡിയത്തില്‍ പുലര്‍ച്ചെ 12 മണിക്കാണ് മത്സരം. റയലില്‍ നിന്നും ബയേണിലെത്തിയ ഹാമിഷ് റോഡ്രിഗസിന്‍റെ പ്രകടനത്തെ ആശ്രയിച്ച് ബയേണ്‍ ബൂട്ടുകെട്ടുമ്പോള്‍ സൂപ്പര്‍ താരം റൊണാള്‍ഡോയിലാണ് റയലിന്‍റെ പ്രതീക്ഷ.

അലിയൻസ് അരീനയിൽ ബയേൺ ഈ സീസണിൽ തോറ്റിട്ടേയില്ല. 13 ജയം, രണ്ട് സമനില. അതാണ് കണക്ക്. അലറിവിളിക്കുന്ന സ്വന്തം കാണികൾക്കുമുന്നിൽ തോൽക്കാൻ ബയേണിന് കഴിയില്ല. ബയേണിന്റെ ഏറ്റവും പ്രധാന വിജയഘടകം അതാണ്. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്കിന് വരുന്ന റയലിന്റെ ഈ സീസണിലെ ഏറ്റവും വലിയ പരീക്ഷണവും ഈ സെമിതന്നെ.

ഈ സീസണിൽ റയലിന്റെ ഏക പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ്. സ്പാനിഷ് ലീഗിൽ മൂന്നാമത്. കിങ്സ് കപ്പ് ബാഴ്സലോണ നേടി. പഴുതുകളില്ലാത്ത ടീമുമായാണ് സിനെദിൻ സിദാൻ ജർമനിക്ക് വരുന്നത്. പ്രതിരോധക്കാരൻ നാച്ചോ ഫെർണാണ്ടസിന്റെ പരിക്കാണ് അലട്ടിയിരുന്നത്. പരിക്ക് മാറി ഫെർണാണ്ടസ് പരിശീലനത്തിനിറങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഗോളടിയന്ത്രത്തിന് ചുറ്റുമാണ് റയൽ കറങ്ങുന്നത്. ഗോളടിയന്ത്രം എന്ന് റൊണാൾഡോയെ വിശേഷിപ്പിച്ചത് ബയേണിന്റെ പ്രതിരോധക്കാരൻ ജോഷുവ കിമ്മിച്ചാണ്. റൊണാൾഡോ അഗ്നിയാണെന്നും അഗ്നിയെ ബയേൺ അഗ്നികൊണ്ടുതന്നെ നേരിടുമെന്നും ഇരുപത്തിരണ്ടുകാരനായ കിമ്മിച്ച് പറഞ്ഞു. കിമ്മിച്ചിന്റെ വാക്കുകളിൽ ആത്മവിശ്വാസമുണ്ട്. ഏത് ആത്മവിശ്വാസത്തിന്റെയും ശിരസ്സിനുമീതെ ഉയർന്ന് ഗോൾ തൊടുക്കാൻ റൊണാൾഡോയ്ക്ക് കഴിയും. ആ കാലിലാണ് റയൽ.

ഗാരെത് ബെയ്ൽ, കരീം ബെൻസെമ, ഇസ്കോ, വാസ്ക്വെസ്, അസെൻസിയോ എന്നിവരിൽനിന്ന് റൊണാൾഡോയെ തുണയ്ക്കേണ്ട രണ്ടുപേരെ സിദാന് കണ്ടെത്തണം. ഇസ്കോയെയും വാസ്ക്വെസിനെയും ആദ്യ പതിനൊന്നിൽ സിദാൻ ഇറക്കിയേക്കും. ഇസ്കോയ്ക്ക് സിദാന്റെ പദ്ധതിയിൽ പ്രധാന പങ്കുണ്ട്. വാസ്ക്വെസ് പ്രത്യാക്രമണത്തിൽ കരുത്തനാണ്.

മധ്യനിരയിൽ കാസിമിറോ‐ ടോണി ക്രൂസ്‐ മോഡ്രിച്ച് ത്രയം റയലിന്റെ നട്ടെല്ലാണ്. മധ്യനിരയിലെ മോശം ജോലികൾ കാസിമിറോയ്ക്കാണ്. പന്ത് റാഞ്ചുക, വേണ്ടിവന്നാൽ പ്രതിയോഗിയോട് കടുപ്പം കാട്ടുക എന്നീ ചുമതലയാണ് കാസിമിറോയ്ക്ക്. അളന്നുമുറിച്ച പാസുകളാണ് ക്രൂസിന്റെ ആയുധം. മോഡ്രിച്ച് മധ്യനിര നിറയും.

എവിടെ റയൽ പതറുമെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ബയേണിന്റെ പരിശീലകൻ ജുപ് ഹെയ്ൻകെസിനാണ്. 1997ൽ റയലിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയത് ഹെയ്ൻകെസാണ്. ക്രോസിലും സെറ്റ് പീസിലും റയൽ പതറുമെന്ന് ഹെയ്ൻകെസിനറിയാം. ക്രോസ് നൽകുന്നതിൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ഇപ്പോൾ ബയേണിനൊപ്പമുണ്ട്.

ജെയിംസ് റോഡ്രിഗസ് എന്ന ഈ കൊളംബിയക്കാരൻ റയലിൽനിന്ന് വായ്പയായാണ് ബയേണിലെത്തിയത്. ബയേണിൽ മികച്ച ഫോമിലാണ് റോഡ്രിഗസ്. ഗോളടിക്കാൻ റോബർട്ട് ലെവൻഡോവ്സ്കിയുണ്ട്. ഏറ്റവും മികച്ച പ്രതിരോധമാണ് ബയേണിന്റേത്. സ്പാനിഷ് ക്ലബ്ബിനെ നേരിടാൻ സ്പെയ്ൻകാരായ തിയാഗോയും മാർടിനെസും ബെർനാറ്റും ബയേണിലുണ്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സെവിയ്യയെ തോൽപ്പിച്ചശേഷം ഗോളടിച്ചുകൂട്ടുകയാണ് ബയേൺ.

ജർമൻ കപ്പിൽ ബൊറൂസിയ മോയെൻഗ്ലാൻഡ്ബായോട് 5‐1, ബയേർ ലെവർകുസെനോട് 6‐2, ലീഗിൽ ഹാനോവറിനോട് 3‐0. സ്വന്തം മൈതാനിയിൽ തോൽക്കാൻ ബയേണിന് കഴിയില്ല. പക്ഷെ ഒരുനിമിഷം മതി റൊണാൾഡോയ്ക്ക്, കണക്കുകൂട്ടലുകൾ തെറ്റിക്കാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News