സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷം; കെ എം ജോസഫിനെ പരിഗണിക്കാതെ ഇന്ദു മല്‍ഹോത്രയെ മാത്രം ജഡ്ജിയാക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി; ഫുള്‍കോര്‍ട്ട് വിളിക്കണമെന്നും ആവശ്യം

സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കൊളീജിയം അതൃപ്തി അറിയിച്ചു.സുപ്രീംകോടതി ജഡ്ജിമാരായി രണ്ട് പേരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ കെ എം ജോസഫിന് കേന്ദ്രം പരിഗണിക്കാതെ ഇന്ദു മല്‍ഹോത്രയെ മാത്രം പരിഗണിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഇന്ദു മല്‍ഹോത്രയോടൊപ്പം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിന്റെ പേരും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ കെ എം ജോസഫിനെ പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കൊളീജിയം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ജുഡീഷ്യറിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ ഫുള്‍കോര്‍ട്ട വിളിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. അതേസമയം ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം തള്ളിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഉചിതമായ സമയത്ത് ഇക്കാര്യം പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മലയാളിയായ ഒരു ജസ്റ്റിസ് സുപ്രീംകോടതിയില്‍ ഉള്ളത് കൊണ്ട് മറ്റൊരു ജഡ്ജിയെ നിയമിക്കണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നവംബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കുര്യന്‍ ജോസഫിനുശേഷമായിരിക്കും കെ.എം. ജോസഫിനെ പരിഗണിക്കാന്‍ സാധ്യത.

സുപ്രീംകോടതിയിലെത്തുന്ന ആറാമത്തെ വനിതാ ജഡ്ജിയും അഭിഭാഷകരിന്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതാ ജഡ്ജിയുമാണ് ഇന്ദു മല്‍ഹോത്ര. ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുണ്ടെന്നും ഇത് സംബന്ധിച്ച് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് ഇതിനു മുന്‍പ് കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രം ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News