വരാപ്പു‍ഴ കേസ്: പ്രതികളെ ഹാജരാക്കിയപ്പോള്‍ കാണാന്‍ കൂട്ടാക്കാതെ തിരിച്ചയച്ചു; മുന്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം

വരാപ്പു‍ഴ കേസില്‍ വടക്കന്‍ പറവൂര്‍ മുന്‍ മജിസ്ട്രേറ്റ് എം സ്മിതക്കെതിരെ ഹൈക്കോടതി അന്വേഷണം. ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജ് നല്‍കിയ പരാതിയിലാണ് അന്വേഷണം.

ശ്രീജിത്ത് ഉള്‍പ്പെടെയുളള പ്രതികളെ ഹാജരാക്കിയപ്പോള്‍ കാണാന്‍ കൂട്ടാക്കാതെ തിരിച്ചയച്ചുവെന്നായിരുന്നു പരാതി. വരാപ്പു‍ഴയില്‍ മത്സ്യത്തൊ‍ഴിലാളിയായ വാസുദേവന്‍റെ വീട് ആക്രമിച്ച കേസില്‍ പിടികൂടിയ ശ്രീജിത് ഉള്‍പ്പെടെയുളള പ്രതികളെ ഹാജരാക്കിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന പൊലീസിന്‍റെ പരാതിയിലാണ് പറവൂര്‍ മുന്‍ മജിസ്ട്രേറ്റ് M സ്മിതക്കെതിരെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചത്.

ആറാം തിയതി രാത്രി കസ്റ്റഡിയിലെടുത്ത പ്രതികളുമായി ഏ‍ഴാം തിയതി വൈകിട്ടോടെ മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഒന്പതാം തിയതിയാണ് ശ്രീജിത് കസ്റ്റഡിയില്‍ മരിക്കുന്നതും.

മജിസ്ട്രേറ്റിന്‍റെ നടപടി നിയമവിരുദ്ധമാണെന്നും കേസില്‍ തങ്ങളെ പ്രതി ചേര്‍ക്കാന്‍ ഈ കാലതാമസം കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് വരാപ്പു‍ഴ പൊലീസ് നല്‍കിയ പരാതി ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയത്.

ഇതില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശപ്രകാരം ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണച്ചുമതല. പ്രതിയെ പിടികൂടിയാല്‍ 24 മണിക്കൂറിനുളളില്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമം. ഇവ മജിസ്ട്രേറ്റിന്‍റെ നടപടി മൂലം ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കും.

ശ്രീജിത്തിന് വിദഗ്ധ ചികിത്സ ലഭ്യമാകുന്നത് വൈകാന്‍ ഇത് കാരണമായോയെന്നും പരിശോധിക്കും. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരുടെ മൊ‍ഴികളും പരാതിയിലുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ പറവൂര്‍ മജിസ്ട്രേറ്റായിരുന്ന എം സ്മിതയെ ഞാറയ്ക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News