നീരവ് മോദി ന്യുയോര്‍ക്കില്‍; റദ്ദാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നീരവിന്‍റെ യാത്രയെന്ന് റിപ്പോര്‍ട്ട്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദി ന്യുയോര്‍ക്കിലുണ്ടെന്നു റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ സര്‍ക്കാര്‍ റദ്ദാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി ഇപ്പോഴും യാത്ര ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ജനുവരി ആദ്യ ആഴ്ചയിലാണ് നീരവ് മോദി ഇന്ത്യയില്‍നിന്നു മുങ്ങിയത്. മുംബൈയില്‍നിന്നു യുഎഇയിലേക്കു പോയ മോദി, അവിടെനിന്നു ഹോങ്കോംഗിലേക്കും പിന്നീട് ലണ്ടനിലേക്കും ഇപ്പോള്‍ ന്യുയോര്‍ക്കിലേക്കും യാത്ര ചെയ്തതായാണു റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനം ലണ്ടനില്‍ നിന്നു പോയ മോദി ഫെബ്രുവരി 14ന് ഹോങ്കോംഗില്‍നിന്നും മുങ്ങുകയായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് നീരവ് മോദി മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡില്‍ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേണത്തില്‍ തെളിഞ്ഞത്.

നീരവ് മോദിയെ അറസ്റ്റ് ചെയ്തു വിട്ടുനല്‍കണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോങ്കോംഗിന്റെ ഔദ്യോഗിക പ്രതികരണം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മോദിക്കെതിരായ പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസുകളില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News