ലിഗയുടെ മരണം വ‍ഴിത്തിരിവിലേക്ക്; കണ്ടല്‍ക്കാടുകളിലേക്ക് കൊണ്ടുപോയ വള്ളം കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍; കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് സൂചന

ലിത്വാന സ്വദേശി ലിഗയുടെ മരണം സംബന്ധിച്ച അന്വേഷണം വ‍ഴിത്തിരിവിലേക്ക്. ലിഗ കണ്ടല്‍ക്കാടുകളിലേക്ക് എത്തിയ വള്ളം പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി.

ലിഗയ്ക്ക് മയക്കുമരുന്നു നല്‍കിയ ആളാണ് കസ്റ്റഡിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ നാലു പേരും കസ്റ്റഡിയിലായെന്നാണ് സൂചന. ഈ നാലു പേര്‍ ചേര്‍ന്നാണ് കണ്ടല്‍ക്കാടുകളിലേക്ക് ലിഗയെ കൊണ്ടു പോയതെന്നാണ് കരുതുന്നത്. മരണത്തില്‍ പത്തോളം പേര്‍ സംശയത്തിന്‍റെ നി‍ഴലിലാണ്.

വിദേശ വനിത ലിഗയെ, അമിതഅ‍ളവില്‍ മയക്ക് മരുന്ന് നല്‍കിയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് നിഗമനം.

ലിഗയ്ക്ക് മയക്ക് മരുന്ന് നല്‍കി, കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടികൊണ്ടുവന്നത് റിസോര്‍ട്ട് കേന്ദ്രീകരിച്ച് ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന യുവാക്കളാണെന്നും പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

ലിഗയെ യുവാക്കള്‍ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. തിരുവനന്തപുരം തിരുവല്ലത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ലിഗയുടെതെന്ന് DNA പരിശോധനാഫലത്തിലൂടെ സ്ഥിരീകരിച്ചിരുന്നു.

ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും ശനിയാ‍ഴ്ച ലഭിക്കുമെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.

കോവളത്ത് എത്തിയ വിദേശ വനിത ലിഗ, ലഹരിമാഫിയയുടെ കൈകളില്‍ അകപ്പെട്ടു. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മയക്ക്മരുന്നും കഞ്ചാവും വില്‍ക്കുന്ന രണ്ട് യുവാക്കള്‍ ലിഗയെ, മയക്ക്മരുന്ന് നല്‍കാനായി തിരുവല്ലം വാ‍ഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നു.

ഡിപ്രഷന് മരുന്ന ക‍ഴിക്കുന്ന ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ മയക്ക് മരുന്ന് പ്രവേശിച്ചത് ശ്വാസം മുട്ടല്‍ മൂലം ലിഗയുടെ മരണം സംഭവിക്കാന്‍ കാരണമായി. അല്ലെങ്കില്‍ യുവാക്കള്‍ ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇങ്ങനെയാണ് പൊലീസ് കരുതുന്നത്.

ലിഗ മരിച്ചുവെന്ന് ഉറപ്പായ യുവാക്കള്‍ ലിഗയെ കണ്ടല്‍ക്കാട്ടിലെ വള്ളിപ്പടര്‍പ്പിലേക്ക് തള്ളിയിട്ടു. അങ്ങനെയായിരിക്കാം ലിഗയുടെ ക‍ഴുത്ത് വള്ളിയില്‍ കുരുങ്ങിയിരുന്നതെന്നുമുള്ള നിഗമനത്തില്‍ പൊലീസ് എത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News