പതിനാറുകാരനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു; എസ്‌ഐ നഷ്ടപരിഹാരം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

കൊച്ചി: പതിനാറുകാരനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.ഐയോട് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂനപക്ഷ കമീഷന്റെ ഉത്തരവ്.

ഫോര്‍ട്ടുകൊച്ചി എസ്.ഐ ആയിരുന്ന ആന്റണി ജോസഫ് നെറ്റോക്കെതിരെയാണ് 22000 രൂപ പിഴ വിധിച്ചു കൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ ഉത്തരവിട്ടത്. എസ്.ഐ ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തി കേസെടുക്കാനും എറണാകുളം സിറ്റി പോലീസ് കമീഷണറോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വരാപ്പുഴയിലെ ഹര്‍ത്താല്‍ ദിനത്തില്‍ പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും വഴിയാത്രക്കാരായ പെണ്‍കുട്ടികളെ അസഭ്യം പറയുകയും ചെയ്ത ഹര്‍ത്താല്‍ അനൂകൂലികള്‍ക്കെതിരെയുള്ള കേസും കമീഷന്‍ ഫയലില്‍ സ്വീകരിച്ചു.
ഫോര്‍ട്ടുകൊച്ചി സ്വദേശി എ.ബി. ഡേവിഡിന്റെ പരാതിയിലാണ് എസ്.ഐയോട് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ വര്‍ഷം ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. ഫോര്‍ട്ടുകൊച്ചിയില്‍ സൈക്കിളില്‍ വരികയായിരുന്ന ഡേവിഡിന്റെ മകന്‍ എഡ്വിന്‍ ഡേവിഡിനെ എസ്.ഐ. ആയിരുന്ന ആന്റണി ജോസഫ് നെറ്റോ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും മര്‍ദ്ദനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് എഡ്വിന്‍ എട്ടു ദിവസം കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ഇത് ചൂണ്ടി കാണിച്ച് എഡ്വിന്റ പിതാവ് എസ്.ഐ.ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെറ്റോയെ മരട് സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വളരെ ദുര്‍ബലമായ വകുപ്പുകളായ 294 (ബി), 323 ഈ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് ഡേവിഡ് ആരോപിക്കുന്നു.

തുടര്‍ന്നാണ് ഡേവിഡ് ന്യൂനപക്ഷ കമീഷനെ സമീപിച്ചത്. പരാതിക്കാരെയും എസ്.ഐ. യെയും ഒരുമിച്ചിരുത്തി കമീഷന്‍ വാദം കേട്ടു. സംഭവത്തില്‍ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പു സെക്രട്ടറി പെട്ടന്നു തന്നെ തീരുമാനമെടുക്കണമെന്നും കമീഷന്‍ നിര്‍ദ്ദേശിച്ചു. എസ്.ഐക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടികളുടെ അവകാശ സംരക്ഷണ നിഷേധവും ഉള്‍പ്പെടുത്തി കേസെടുക്കാന്‍ എറണാകുളം സിറ്റി പോലീസ് കമീഷണറോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വരാപ്പുഴയിലെ ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടയുകയും പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത 50 ഹര്‍ത്താല്‍ അനുകൂലികള്‍ ക്കെതിരെ കുന്നുകര സ്വദേശി ഷാഫി നല്‍കിയ പരാതിയില്‍ കമീഷന്‍ കേസെടുത്തു. വരാപ്പുഴ എസ്.എന്‍.ഡി.പി.ഭാഗത്ത് കാര്‍ തടഞ്ഞ് ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്ന പിഞ്ചു കുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തയാറാക്കിയ റിപ്പോര്‍ട്ടും കമീഷന്‍ പരിഗണനയിലെടുത്തു. വഴിയാത്രക്കാരായ പെണ്‍കുട്ടികളെ വഴിയില്‍ അസഭ്യം പറഞ്ഞവര്‍ക്കെതിരെയും കമീഷന്‍ കേസെടുത്തു.

നോര്‍ത്ത് പറവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തക കദീജ നല്‍കിയ പരാതിയിലാണ് കേസ്. അറബി ടീച്ചറുടെ നിയമനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിഭാഗത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ രണ്ടു എന്‍.സി.എ വിജ്ഞാപനം വിളിച്ചിട്ടും യോഗ്യരായവര്‍ ഇല്ലെങ്കില്‍ അടുത്ത അര്‍ഹരായ ഊഴത്തിലെ ബിസി, എസ്‌സി, എസ്ടി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമന ശുപാര്‍ശ നല്‍കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ആലുവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സിറ്റിംഗില്‍ ഇന്നലെ 21 കേസുകള്‍ പരിഗണിച്ചു. ഇതില്‍ ആറു കേസുകള്‍ ഉത്തരവു പറയാന്‍ മാറ്റി വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News