നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നുറച്ച് കൊളീജിയം; ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.സുപ്രീം കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങിയിരിക്കുകയാണ്. സുപ്രീംകോടതിയിലെത്തുന്ന ഏഴാമത്തെ വനിതാ ജഡ്ജിയും അഭിഭാഷകരില്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതാ ജഡ്ജിയുമാണ് ഇന്ദു മല്‍ഹോത്ര.

ഹൈക്കോടതികളില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് ഇതുവരെ വനിതകള്‍ സുപ്രിം കോടതി ജഡ്ജിമാരായിട്ടുള്ളത്.എന്നാല്‍ ആ കീഴ്വഴക്കത്തിന് ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞയിലൂടെ പൊളിച്ചെഴുത്തുണ്ടായിരിക്കുകയാണ്. ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ ജനുവരി 10 നാണ് കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

എന്നാല്‍ മൂന്ന് മാസത്തോളം കാലതാമസം വരുത്തിയ ശേഷം ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. കെഎം ജോസഫിന്റെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു.

കെ എം ജോസഫിന്റെ ശുപാര്‍ശ കേന്ദ്രം മടക്കിയതില്‍ തെറ്റില്ലെന്നും രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കുന്ന കാര്യം ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുണ്ടെന്നും ഇത് സംബന്ധിച്ച് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവിശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍.

കെഎം ജോസഫിന്റെ പേര് പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം തിരിച്ചയച്ച നടപടി സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് മുതിര്‍ന്ന അഭിഭാഷകരുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here