കത്വ കേസ് വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: കത്വയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ കേസ് വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.

കത്വാ പീഡനക്കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയും പ്രതി നല്‍കിയ തടസ്സഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു.

കത്വാ പീഡനക്കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് ശ്രമമെന്നും ഭയമില്ലാതെ മുന്നോട്ട് പോവാന്‍ ഇരകളുടെ അഭിഭാഷകര്‍ക്ക് അവസരമുണ്ടാക്കുമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേസില്‍ രാഷ്ട്രീയ പരമായ ഇടപെടലുകള്‍ ഉള്ളതുകൊണ്ട് കേസ് ഛഢീഗഢ് കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതിന് മുന്‍പ് വാദം കേട്ട കോടതി മെഹബൂബ മുഫ്തി സര്‍ക്കാരിനോട് രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

തികച്ചും ജമ്മു ബാര്‍ അസോസിയേഷന് അനുകൂലമായ റിപ്പോര്‍ട്ടാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഇരയുടെ അഭിഭാഷകയായ ദീപിക സിംഗ് രജാവത്തിനെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉന്നയിച്ചു.

ഇരയുടെ അഭിഭാഷകരുടെ വാദം പൂര്‍ണ്ണമായും തെറ്റാണെന്നും ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ബാര്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ പ്രതികളുടെ ആവശ്യംപ്പോലെ കേസ് ജമ്മു കാശ്മീരില്‍ തന്നെ വിചാരണ നടത്താനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News