
തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സിപിഐഎം അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സിപിഐഎംന്റെ നേതൃത്വത്തില്‍ മെയ് 8 ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനമാചരിക്കും. വര്‍ദ്ധിച്ച് എക്‌സൈസ് ഡ്യൂട്ടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
അനുദിനം വര്‍ദ്ധിക്കുന്ന പെട്രോള്‍ – ഡീസല്‍ വില സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കുന്നുവെന്നും സിപിഐഎം. മെയ് എട്ടിന് എല്ലാ സംസ്ഥാന -ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവിനെതിരെ മെയ് 4ന് വൈകുന്നേരം 4 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. പെട്രോളിന്റെയും, ഡീസലിന്റെയും വര്‍ധനവ് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.
ഓരോ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണ വിലവര്‍ധനവ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ചരക്കുനീക്കത്തിനുള്ള ചെലവ് കൂടുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സ്ഥിതിയുണ്ടാകും.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയായിരിക്കും ഇത് പ്രതികൂലമായി ബാധിക്കുക. വിലക്കയറ്റം രൂക്ഷമാക്കുന്ന എണ്ണ വിലവര്‍ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
യുപിഎ ഭരണകാലത്ത് എണ്ണകമ്പനികള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കുന്നതിനെതിരെ പ്രതിഷേധിച്ച പാര്‍ടിയാണ് ബിജെപി. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വിലവര്‍ധിപ്പിക്കാനുള്ള അധികാരം നല്‍കുകയാണ് ചെയ്‌തത്.
സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുന്നതിനായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ധന വിലവര്‍ധനവിലൂടെ ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തത് ഇരുപത് ലക്ഷം കോടി രൂപയാണ്. സബ് സിഡി ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കി.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം ഉപഭോക്താവിന് നല്‍കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്നുള്ളതിന്റെ ഇരട്ടി വിലയുണ്ടായിരുന്ന കാലഘട്ടത്തിലെ വിലയെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനുമുള്ളത്.
എണ്ണ വിലവര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും മെയ് 4ന് നടക്കുന്ന പ്രതിഷേധസംഗമം വിജയിപ്പിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here