സോഷ്യല്‍ മീഡിയയിലൂടെ കള്ളപ്രചാരണം നടത്തി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയ ശക്തികളുടെ ആസൂത്രിത ശ്രമം; മുഖ്യമന്ത്രി പിണറായി

സോഷ്യല്‍ മീഡിയയിലൂടെ കളള പ്രചാരണം നടത്തി കേരളത്തില്‍ കലാപമുണ്ടാക്കാന്‍, വര്‍ഗീയ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കി പാവകളാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പിണറായി കുറ്റപ്പെടുത്തി.

4 ദിവസമായി കോഴിക്കോട് നടന്നുവരുന്ന നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സോഷ്യല്‍ മീഡിയാ ഹര്‍ത്താലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അത്യന്തം ഹീനമായ ഗൂഡാലോചനയാണ് ഇതിന് പിന്നില്‍ നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമം നടന്നു. ഇതില്‍ കുറേ പേര്‍ വീണുപോയി, ഇതൊരു അനുഭവ പാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് നടക്കാന്‍ പാടില്ലാത്തത് നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് മതനിരപേക്ഷ മനസ്സുളളവരെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെപോലും വരുതിയിലാക്കാനും പാവകളാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ടൗണ്‍ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, കോഴിക്കോട് ജില്ലയില്‍ നിന്നുളള നിയമസഭാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ബി ഇക്ബാര്‍ വിഷയം അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News