ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; ക്രമീകരണങ്ങള്‍ മികവുറ്റതാണെന്ന് ഉറപ്പാക്കണം: മന്ത്രി മാത്യു ടി തോമസ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ തിരുവല്ലയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മികച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശിച്ചു.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് തിരുവല്ല ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 101-ാമത് ജന്മദിനാഘോഷവും മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുന്നതിന് തിരുവല്ലയില്‍ ഈ മാസം 30ന് ആണ് ഉപരാഷ്ട്രപതി എത്തുന്നത്.

ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീതിന്റെ നേതൃത്വത്തില്‍ റവന്യു, പോലീസ്, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് മുന്‍സിപ്പല്‍ സ്റ്റേഡിയം, പരിപാടി നടക്കുന്ന മാര്‍ത്തോമ്മ സഭാ ആസ്ഥാനത്തെ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തുന്നതിന് മന്ത്രി നിര്‍ദേശിച്ചു.

മഴ പെയ്താല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ നിശ്ചയിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. റോഡുകളുടെ നവീകരണം പൊതുമരാമത്ത് നിരത്തു വിഭാഗം അടിയന്തിരമായി നടത്തി വരുകയാണ്. വൈദ്യുതി മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ കെഎസ്ഇബി സ്വീകരിച്ചു കഴിഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീമും ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സും സേവനത്തിനുണ്ടാകും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് പോലീസ് പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. ജില്ലാ പോലീസ് മേധാവി ടി. നാരായണനുമായി സുരക്ഷാ കാര്യങ്ങള്‍ മന്ത്രി ചര്‍ച്ച ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ബ്രീഫിംഗ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തെ വിജിഎം ഹാളില്‍ നടക്കും. എഡിജിപി ഇന്റലിജന്‍സ് മുഹമ്മദ് യാസിന്‍, എഡിജിപി സൗത്ത് സോണ്‍ അനില്‍കാന്ത്, എഡിജിപി സെക്യൂരിറ്റീസ് ടി.കെ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ ബ്രീഫിംഗില്‍ പങ്കെടുക്കും.

യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീത് അധ്യക്ഷത വഹിച്ചു. അടൂര്‍ ആര്‍ഡിഒ എം.എ. റഹീം, തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്‍, തിരുവല്ല നഗരസഭാ സെക്രട്ടറി സുഭഗന്‍, തിരുവല്ല തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍, മാര്‍ത്തോമാ സഭ സെക്രട്ടറി റവ.കെ ജി ജോസഫ്, ട്രസ്റ്റി പി പി അച്ചന്‍ കുഞ്ഞ്, ഫിനാന്‍സ് മാനേജര്‍ റവ.ജോര്‍വിന്‍ ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News