മദ്രസയില്‍ ആക്രമിക്കപ്പെട്ട 11 വയസുകാരിയുടെ കുടുംബത്തെ സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു; നീതി ലഭ്യമാക്കാന്‍ സിപിഐഎം മുന്നിലുണ്ടാകുമെന്ന് നേതാക്കളുടെ ഉറപ്പ്

ദില്ലി: യുപിയിലെ ഗാസിയാബാദില്‍ മദ്രസയില്‍ വെച്ച് ആക്രമിക്കപ്പെട്ട 11 വയസ്സുകാരിയുടെ കുടുംബത്തെ സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു.

പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന നേതാക്കളായ മൈമൂനാ മൊല്ല, ആശാ ശര്‍മ്മ, സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം രവീന്ദ്രനാഥ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്.

കുട്ടിയുടെ രക്ഷിതാക്കളെയും അമ്മാവനെയും കണ്ട ശേഷം നീതിലഭിക്കാന്‍ സിപിഐഎം മുന്നിലുണ്ടാകുമെന്ന് വൃന്ദാ കാരാട്ട് ഉറപ്പ് നല്‍കി.

ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം എത്രയും വേഗത്തിലാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ജാതിയോ മതമോ ഈ വിഷയത്തിലേക്ക് കൂട്ടിക്കലര്‍ത്താന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും രക്ഷിതാക്കള്‍ നേതാക്കളോട് പറഞ്ഞു.

പതിനേഴ് വയസ്സുള്ള ആണ്‍കുട്ടി കിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം മദ്രസയിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബം ഡല്‍ഹിയിലെ ഗാസിപ്പുരിലേക്ക് മാറുന്നതിനുമുമ്പ് യുപിയിലെ ഗാസിയാബാദിലായിരുന്നു. ഈ ഘട്ടത്തില്‍ കുറ്റാരോപിതനായ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇടപഴകിയിരുന്നു.

പെണ്‍കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ലൈംഗിക കുറ്റങ്ങള്‍ തടയാനാകുംവിധം ശരിയായ പദ്ധതി യുപി സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News