കളിയാണ് കാര്യം; നേ‍ഴ്സറികള്‍ക്കായി നെട്ടോട്ടമോടുന്ന അമ്മമാര്‍ ഇതെല്ലാം അറിയണം

ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസം എങ്ങനെയാകണം?കുട്ടികള്‍ എത്രാമത്തെ വയസ്സില്‍ സ്കൂളില്‍ പോകണം? കുട്ടികള്‍ എന്തെല്ലാം പഠിക്കണം? ഏത് ഭാഷയില്‍ പഠിക്കണം? കുഞ്ഞിന് മൂന്നാംവയസ്സില്‍ വന്‍തുക മുടക്കി പോഷ് നേ‍ഴ്സറി വിദ്യാലയത്തില്‍ പ്രവേശനം നേടാനായി നെട്ടോട്ടമോടുന്ന രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. മികച്ചതെന്ന പേരില്‍ അടിച്ചേല്പിക്കുന്ന പലതും അശാസ്ര്തീയമാണ്.  അവയില്‍ പലതും സൃഷ്ടിക്കുന്നത് ഉണക്കാനാകാത്ത പോറലുകലും.നേരത്തെ പഠനം തുടങ്ങിയാല്‍ കുട്ടി മിടുക്കനാകുമോ?

ദേശീയ വിദ്യാഭ്യാസ നിയമം 6 വയസ്സില്‍ മാത്രമേ പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കാവൂ എന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ആ പ്രായത്തില്‍ മാത്രമേ കുട്ടിക്ക് എ‍ഴുത്തിലൂടെയും വായനയിലൂടെയും  കാര്യങ്ങള്‍ ഗ്രഹിക്കാനുളള ശേഷിയുണ്ടാകൂ. മൂന്നാം വയസ്സില്‍ പഠനം തുടങ്ങിയവരും 6 മുതല്‍ 7 വയസ്സിനുളളില്‍ പഠനം തുടങ്ങിയവരും തമ്മിലുളള വ്യത്യാസം എന്താണ്?

എന്നാല്‍ രാജ്യത്തെ മിക്കയിടങ്ങളിലും ഇത് നടപ്പിലായിട്ടില്ല.നിയമത്തിലെ നിര്‍ണ്ണായക വ്യവസ്ഥ മറികടക്കുന്നതിനായി പ്രീപ്രൈമറി വിദ്യാഭ്യാസത്തെയാണ് ചെറുതും വലുതുമായ  സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്ത്രപൂര്‍വ്വം ആയുധമാക്കുന്നത്. മൂന്ന് വയസ്സ് മുതലേ എ‍ഴുതാനും വായിപ്പിക്കാവും തുടങ്ങും.

താങ്ങാനാകാത്ത പലതും അടിച്ചേല്പിക്കും.പരീക്ഷകള്‍ നടത്തും. വിജയിയേയും പരാജിതനേയും പ്രഖ്യാപിക്കും.ഇത്തരം ജയപരാജയങ്ങള്‍ കുരുന്ന് മനസ്സിലുണ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനങ്ങള്‍ ഏറെ നടന്നിട്ടുണ്ടെങ്കിലും അതൊന്നും നമ്മുടെ ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസത്തെ
കാര്യമായി സ്വാധീനിക്കുന്നില്ല.

ശൈശവ പഠനത്തിന്‍റെ കു‍ഴപ്പങ്ങള്‍ എന്തെല്ലാം?

പ്രാഥമിക വിദ്യാഭ്യാസം വരെ കുട്ടികളുടെ ശ്രദ്ധ കളിയിലാകണം. ഇക്കാലത്തെ
വിദ്യാഭ്യാസം എ‍ഴുതിയോ വായിച്ചോ ആകരുത്.കളികള്‍, പാട്ട്,നൃത്തം,
ചിത്ര രചന തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചുളളതായിരിക്കണം ഈ കാലയളവിലെ
വിദ്യാഭ്യാസം.

കളിച്ച് പഠിക്കുന്നവരും കളിക്കാതെ പഠിക്കുന്നവരും തമ്മിലുളള വൃത്യാസമെന്ത്? 2011ല്‍ അമേരിക്കന്‍ വിദ്യാഭ്യാസ വിദഗ്ധനായ പീറ്റര്‍ ഗ്രേ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

കുട്ടിക്കാലത്ത് കളി കേന്ദ്രീകൃത വിദ്യാഭ്യാസം നേടി വളര്‍ന്നവര്‍ക്കിടയില്‍ ആത്മവിശ്വാസം,നിര്‍ണ്ണായക സമയങ്ങളില്‍ തീരുമാനമെടുക്കാനുളള ശേഷി,വികാരങ്ങളെ പിടിച്ചുനിര്‍ത്താനുളള ക‍ഴിവ്,സ്ഥിരോത്സാഹം തുടങ്ങിയവ കാണാന്‍ സാധിച്ചു.

എന്നാല്‍ പുസ്തക  കേന്ദ്രീകൃത ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസം നേടിയവര്‍ വളര്‍ന്ന് വന്നപ്പോള്‍  ആവര്‍ക്കിടയില്‍ കാണാനായത് ഉത്കണ്ഠയും വിഷാദവും ആത്മഹത്യാ പ്രവണതയുമായിരുന്നു.

ഡേവിസ് വൈറ്റ് ബ്രഡ്,സ്യൂബിന്‍ഗാം എന്നീ വിദ്യാഭ്യാസ വിചക്ഷണര്‍ ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയുടെ പോരായ്മകളെക്കുറിച്ച് നടത്തിയ പഠനത്തിന്‍റെ സംക്ഷിപ്ത രൂപം ന്യൂ സൈന്‍റെിസ്റ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇവരുടെ കണ്ടെത്തലുകള്‍ ഇങ്ങനെ “ഇംഗ്ളണ്ട് ഇന്നും പിന്തുടരുന്നത് 1870ല്‍ തയ്യാറാക്കിയ വിദ്യാഭ്യാസ രീതിയാണ്. 4ാം വയസ്സ് മുതല്‍ കുട്ടികള്‍ ഗൗരവതരമായ പഠനം തുടങ്ങും.അതേ സമയം സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഫിന്‍ലന്‍റെിലേയും സ്വീഡനിലേയും സ്കൂള്‍ പ്രവേശന പ്രായം 7 വയസ്സാണ്.

എന്നാല്‍ അക്കാദമിക് മികവില്‍ ഫിന്‍ലന്‍റെും സ്വീഡനും ബ്രിട്ടനേക്കാള്‍ വളരെ മുന്നിലാണ്.  2004ല്‍ ബ്രീട്ടീഷ് വിദ്യാഭ്യാസ വകുപ്പ് 3000 വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ കളികളില്‍ കേന്ദ്രീകൃതമായ ശൈശവപൂര്‍വ്വ കാല വിദ്യാഭ്യാസം നേടിയവര്‍ മറ്റുളളവരേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു”

ഏത് ഭാഷയില്‍ പഠിക്കണം?

ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസം മാതൃഭാഷയിലാകണം.വീട്ടില്‍ ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്ന കുട്ടി ഇംഗ്ലീഷ് സംസാരിക്കട്ടെ.എന്നാല്‍ വീട്ടില്‍ മലയാളം സംസാരിക്കുന്ന കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം തുടക്കത്തില്‍ തന്നെ ഇംഗ്ലീഷ് പറയിപ്പിച്ചാല്‍ വിപരീത ഫലമാണ്ഉണ്ടാക്കുക.

ഈ വിഷയത്തില്‍ പഠനം നടത്തിയ കാരോലൈന്‍ സാവേജ് എന്ന ഭാഷാ വിദദ്ധ ഇന്‍റെര്‍ നാഷണല്‍ ടീച്ചേ‍ഴസ് മാഗസിനില്‍ കുറിച്ചതിങ്ങനെ “കുട്ടികളുടെ ഭാഷാശേഷിയും ചിന്താശേഷിയും തമ്മില്‍ അഭേദ്യബന്ധമുണ്ട്.അതുകൊണ്ടുതന്നെ ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസം മാതൃഭാഷയിലാകണം. മാതൃഭാഷ ഉറച്ച കുട്ടികള്‍ക്ക്പീന്നീട് മറ്റ് ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാനാകും”

54 നേ‍ഴ്സറി പുസ്തകങ്ങള്‍ അശാസ്ത്രീയം

പ്രൈമറി തലം മുതലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സര്‍ക്കാറിന്കീ‍ഴില്‍ ശക്തമായ സംവിധാനമുണ്ട്.എന്നാല്‍ ശൈശവപൂര്‍വ്വകാല വിദ്യാഭ്യാസ രംഗത്ത് ഇത്തരം സംവിധാനം ഇല്ല. അടുത്തിടെ ഈ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ശിശുവിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ ഒരു സമിതിയെ സംസ്ഥാന സര്‍ക്കാര്‍  നിയോഗിച്ചിരുന്നു.

കേരളത്തിലെ സ്വകാര്യമേഖലയില്‍ മുക്കിലും മൂലയിലും ത‍ഴച്ച്
വളര്‍ന്നുകൊണ്ടിരിക്കുന്ന സ്വകാര്യ പ്രീപ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
മഹാഭൂരിപക്ഷവും നിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തിയതായി സമിതി അംഗവും വിദ്യാഭ്യാസ വിദഗ്ധനുമായ കെ ടി രാധാകൃഷ്ണന്‍ ചൂണ്ടികാട്ടുന്നു.
” കുട്ടികളുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടമാണിത്.

എന്നാല്‍ ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസത്തെ പണമുണ്ടാക്കാനുളള മാര്‍ഗ്ഗമായാണ് മിക്ക സ്ഥാപനങ്ങളും കാണുന്നത്.ശാസ്ത്രീയമായ വിദ്യാഭ്യാസമല്ല ഇവിടെ നല്കുന്നത്.  സ്ഥാപന ഉടമ പണം വാങ്ങി ടീച്ചര്‍മാരെ നിയമിക്കും.

കുട്ടികളില്‍ നിന്ന് ഫീസ് വാങ്ങി സ്ഥാപന ഉടമയ്ക്ക് നല്കുക എന്നതാണ് ഒട്ടുമിക്ക ടീച്ചര്‍മാരുടേയും പ്രധാന ജോലി.വേണ്ടത്ര പരിശീലനം ലഭിക്കാത്ത ടീച്ചര്‍മാര്‍ കുഞ്ഞുങ്ങളെ അശാത്രീയമായാണ്  പഠിപ്പിക്കുന്നത്. ഇതെല്ലാം കുട്ടികളിലുണ്ടാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ആണ്”

സ്വകാര്യ പ്രീപ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമിതി കണ്ടെത്തി.കുട്ടികളെ പഠിപ്പിക്കുന്ന 54 പുസ്തകങ്ങള്‍ സമിത് പരിശോധിച്ചു.സ്വകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ഈ പുസ്തകങ്ങള്‍  അശാസ്ത്രീയമായാണ് തയ്യാറാക്കിയിരിക്കുന്നത്.

പലരും ഔപചാരിക വിദ്യാഭ്യാസം അനൗപചാരികമായി ആരംഭിക്കുന്നു. കുഞ്ഞുപ്രായത്തിലെ ലോല മനസ്സുകളില്‍  അടിച്ചേല്പിക്കുന്ന അമിത ഭാരം കുട്ടികളുടെ നൈസര്‍ഗ്ഗിക ശേഷികളെ ഇല്ലാതാക്കുന്നതായും
സമിതി കണ്ടെത്തി.

‘എല്ലാവരും മാറിയാല്‍ ഞങ്ങളും മാറാം’

പ്രതിമാസം അഞ്ഞൂറ് രൂപമുതല്‍ പതിനായിരം രൂപവരെ ഫീസ് വാങ്ങുന്ന
നിരവധി നേ‍ഴ്സറി സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പല
സ്വകാര്യ സ്വാശ്രയ സ്ക്കൂളുകളിലും വിദ്യാര്‍ത്ഥി പ്രവേശനത്തിനുളള വാതായനമാണ്  പ്രീപ്രൈമറി പ്രവേശനം.ജൂനിയര്‍ കെ ജിയില്‍ പ്രവേശനം ലഭിച്ചാല്‍ കുട്ടിപീന്നീട് അതേ സ്ഥാപനത്തില്‍ തന്നെ എല്‍ കെ ജി ,യു കെ ജി .ഒന്നാംക്ളാസ് എന്നിങ്ങനെ  പ്ളസ് ടുവരെ പഠിക്കുന്നു.അതുകൊണ്ടുതന്നെ പേരെടുത്ത സ്ഥാപനങ്ങളില്‍ ജൂനിയര്‍ കെ ജിയില്‍ പ്രവേശനം നേടാന്‍ വലിയ തിരക്കാണ്.

എത്ര പണം നല്കാനും തയ്യാര്‍.ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസത്തിന്‍റെ രാജ്യാന്തര മാനദണ്ധങ്ങളെക്കുറിച്ചും വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് അറിയാത്തവരല്ല സ്ഥാപന ഉടമകള്‍. എന്നാല്‍ വിദ്യാഭ്യാസം ഇന്ന് വിപണിയാണ്.

വിപണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രീപ്രൈമറി സ്ഥാപന ഉടമനല്കിയ വിശദീകരണം ഇങ്ങനെ
“കുട്ടികള്‍ എത്രയും പെട്ടെന്ന് എ‍ഴുതാനും വായിക്കാനും പഠിക്കണം എന്നതാണ്
രക്ഷിതാക്കളുടെ ഏറ്റവും പ്രധാന ആവശ്യം.

പലസ്ഥാപനങ്ങളും ഇത്തരം രക്ഷിതാക്കളെ തൃപ്തിപ്പെടുത്താനുതകുന്ന പാഠ്യപദ്ധതി തയ്യാറാക്കുമ്പോള്‍ ഒരു സ്ഥാപനത്തിന് മാത്രമായി ഒ‍ഴിഞ്ഞു നില്ക്കാനാവില്ല. എല്ലാവരും മാറിയാല്‍ ഞങ്ങളും മാറാന്‍ തയ്യാറാണ്”

പല പ്രീപ്രൈമറി സ്ഥാപനങ്ങളും കുട്ടികളെ പ്രവേശിപ്പിക്കാനായി അഭിമുഖങ്ങള്‍
നടത്തുന്നു.കളികളികളിലും പ്രവൃത്തികളിലും ഉപരിയായി എ‍ഴുതാനും വായിക്കാനും പ്രാമുഖ്യം നല്കുന്നു.പരീക്ഷകള്‍ നടത്തി കുരുന്നുകളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു.  എല്ലാറ്റിലും ഉപരി ചില സ്ഥാപനങ്ങള്‍ കുരുന്നിലേ മതവൈരത്തിന്‍റെ വിത്തുകളും പാകുന്നു.  ഇതെല്ലാം കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ ഉണ്ടാക്കുന്ന പ്രതിലോമകരമായ മാറ്റങ്ങള്‍
തിരുത്താനാകാത്തതാണ്.

അങ്കന്‍വാടികളെ അകറ്റി നിര്‍ത്തേണ്ട

പൊതുവിദ്യാലയങ്ങളിലേയ്ക്കുളള മടങ്ങിപോക്ക് കേരളത്തില്‍ പ്രകടമാണ്.എന്നാല്‍ ഈ പ്രവണത അങ്കന്‍വാടികളില്‍ കാണാനില്ല.ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസരംഗത്ത്  ഏറ്റവും മികച്ച പരിശീലനം നേടിയവരാണ് കേരളത്തിലെ അങ്കന്‍വാടികളിലെ ടീച്ചര്‍മാരും ആയമാരും.

കേരളത്തിലാകെ 33,115 അങ്കന്‍വാടികള്‍ ഉണ്ട്.കുട്ടികളുടെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കാനും പക്വതയാര്‍ന്ന മാനസികാവസ്ഥ പരുവപ്പെടുത്താനും ഉതകുന്നതാണ് അങ്കന്‍വാടികളിലെ പാഠ്യപദ്ധതി.

എന്നാല്‍ കേരളത്തിലെ അങ്കന്‍വാടികള്‍ ഇന്ന് പാവപ്പെട്ട വീടുകളിലെ കുട്ടികളുടെ മാത്രം ആശയ കേന്ദ്രങ്ങളാണ്അങ്കന്‍വാടികളിലേയ്ക്ക് കേരളത്തിലെ എല്ലാവിഭാഗം കുട്ടികളേയും ആകര്‍ഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശകളിലൊന്ന്.

ശൈശവത്തിലേ കുട്ടികളെ സിവില്‍സര്‍വീസിനായി പ്രാപ്തരാക്കന്‍ മണ്ടിപ്പായുന്ന
കേരള സമൂഹം വികസിത രാജ്യങ്ങളിലെ മാറ്റങ്ങളെങ്കിലും കാതോര്‍ക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here