നക്ഷത്രങ്ങളെ പ്രണയിച്ച എസ് സമീര ഇനി അക്ഷരനഗരിയുടെ അഭിമാന നക്ഷത്രം.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്ക് നേടിയാണ് കഞ്ഞിക്കുഴി സ്വദേശിനി എസ് സമീര അക്ഷരനഗരിയുടെ അഭിമാനമായത്. പരന്ന വായനകൊണ്ടുമാത്രമാണ് സമീരയ്ക്ക് കടുപ്പമേറിയ പരീക്ഷയില്‍ വിജയിക്കാനായെന്നും അവര്‍ വെളിപ്പെടുത്തുന്നു.

ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബോണില്‍ നിന്നും 2010ല്‍ ജ്യോതിശാസ്ത്ര ഗവേഷണം പൂര്‍ത്തിയാക്കിയാണ് എസ് സമീര സിവില്‍ സര്‍വീസിലേക്കെത്തുന്നത്.

കോട്ടയം കഞ്ഞിക്കുഴി പള്ളിപറമ്പില്‍ പരേതനായ സലീം ജോര്‍ജിന്റേയും ഡോ. അയിഷയുടേയും മകളാണ് സമീര. മകള്‍ സിവില്‍ സര്‍വീസ് പരിക്ഷയെഴുതി വിജയിക്കണമെന്നായിരുന്നു അഞ്ചുവര്‍ഷം മുമ്പ് മരിച്ച അച്ഛന്റെ സലീമിന്റെ ആഗ്രഹം.

മകള്‍ യാദൃശ്ചികമായി സിവില്‍ സര്‍വീസ് പഠനത്തിലേക്ക് തിരിഞ്ഞപ്പോള്‍ അമ്മയാണ് ഇത് വെളിപ്പെടുത്തിയത്.

അച്ഛന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി സമീര പ്രയത്‌നിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്ക് നേടി. പരന്ന വായനയാണ് കടുപ്പമേറിയ പരീക്ഷയില്‍ വിജയിക്കാനായതെന്ന് സമീര വ്യക്തമാക്കുന്നു.

മാധ്യമപ്രവര്‍ത്തകനായ സഹോദരന്‍ സന്ദീപിന്റെ പിന്തുണ സമീറയുടെ വിജയത്തിലെ പ്രധാന ഘടകമാണ്. പഠനത്തോടൊപ്പം നൃത്തത്തിലും പാട്ടിലും സമീര സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

2003ല്‍ സിബിഎസ്‌സി സംസ്ഥാന കലോത്സവത്തില്‍ കലാതിലകമായിരുന്നു. നക്ഷത്ര ലോകത്ത് കണ്ണുനട്ടിരുന്ന സമീരയുടെ വിജയം അക്ഷരനഗരത്തിന് അഭിമാനമാണ്.