മദ്രസയില്‍ ആക്രമിക്കപ്പെട്ട 11 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച സിപിഐഎം സംഘത്തിനുനേരെ ബിജെപി അക്രമം; സംഘമെത്തിയത് വര്‍ഗീയ വിദ്വേഷ മുദ്രാവാക്യങ്ങളുമായി

ദില്ലി: ഗാസിയാബാദിലെ മദ്രസയില്‍ അക്രമത്തിനിരയായ പത്തുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച സിപിഐഎം പ്രതിനിധി സംഘത്തിനുനേരെ ബിജെപിയുടെ അക്രമശ്രമം.

ഗാസിപൂരിലെ ഘരോലി ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ആശ്വസിപ്പിക്കുന്നതിനിടെ ബിജെപിക്കാര്‍ കൊടികളുമായി വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ബിജെപി പ്രാദേശിക നേതാക്കളുള്‍പ്പെട്ട പതിനഞ്ചംഗ സംഘം വര്‍ഗീയ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ഇരയായ കുട്ടിയുടെ വീട്ടിലേക്ക് തള്ളികയറുകയായിരുന്നു.

മതത്തിന്റെ പേരിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് ബിജെപിക്കാര്‍ മുദ്രാവാക്യം മുഴക്കിയത് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തു.

തുടര്‍ന്ന് സംഭവത്തില്‍ മതം കൂട്ടിയിണക്കരുതെന്ന് കുടുംബം ബിജെപിക്കാരോട് ആവശ്യപ്പെട്ടു. കുട്ടിക്കുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലില്‍നിന്ന് വിട്ടുമാറാത്ത മാതാപിതാക്കള്‍ കണ്ണീരോടെ ബൃന്ദയോട് കാര്യങ്ങള്‍ വിവരിക്കവെയാണ് ബിജെപിക്കാര്‍ വീട്ടിലേക്ക് ഇരച്ചുകയറിയത്.

പുതുക്കിയ എഫ്‌ഐആറിന്റെ പകര്‍പ്പും മെഡിക്കല്‍ പരിശോധനാഫലവും ലഭിച്ചിട്ടില്ലെന്ന് കുടുംബം ബൃന്ദയെ അറിയിച്ചോടെ എന്തുകൊണ്ട് എഫ്‌ഐആറിന്റെ പകര്‍പ്പ് കുടുംബത്തിന് നല്‍കുന്നില്ലെന്ന് ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അമര്‍ സിങിനെ ബൃന്ദ ഫോണില്‍ വിളിച്ച് ചോദിച്ചു.

ഇത് കുടുംബത്തിന് നല്‍കിയെന്ന് ആദ്യം പറഞ്ഞ അമര്‍ സിങ് താന്‍ കുടുംബത്തോടൊപ്പമുണ്ടെന്ന് ബൃന്ദ പറഞ്ഞതോടെ നിലപാടു തിരുത്തി.

ഉടന്‍ കുടുംബത്തിന് എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭ്യമാക്കാമെന്നും ഉറപ്പുനല്‍കി. സംഭവത്തിന് വര്‍ഗീയ നിറം നല്‍കാനുള്ള ബിജെപി ശ്രമത്തിന് സഹായം നല്‍കുന്ന നിലയിലാണ് പൊലീസും കേസില്‍ ഇടപെടുന്നത്.

കഴിഞ്ഞ ദിവസം റോഡ് തടഞ്ഞ് പ്രതിഷേധവും അക്രമവും നടത്തിയ ബിജെപിക്കാര്‍, എന്നാല്‍ കുടുംബം നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. കുട്ടിക്കുണ്ടായ ദുരനുഭവത്തെ മതവര്‍ഗീയ മുതലെടുപ്പിന് ഉപയോഗിച്ച് നീതിതേടിയുള്ള പോരാട്ടങ്ങളെ അട്ടിമറിക്കരുതെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ക്കൊപ്പം വേണമെന്നും ഒരു കുട്ടിക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും പെണ്‍കുട്ടിയുടെ മാതാവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News