വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തില്‍ ബസ് ഉടമകള്‍ക്കിടയില്‍ ഭിന്നത

തൃശൂര്‍: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തില്‍ ബസ് ഉടമകള്‍ക്കിടയില്‍ ഭിന്നത.

ഇക്കാര്യത്തില്‍ ഏകപക്ഷീയ നിലപാടെടുത്തത് ശരിയല്ലെന്നും, കണ്‍സഷന്‍ നല്‍കില്ലെന്ന് ഉടമകള്‍ക്ക് പറയാനാകില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും കേരളത്തിലെ എണ്‍പത്തിയഞ്ച് ശതമാനം ബസ് ഉടമകള്‍ അംഗങ്ങളായ സംഘടന തൃശൂരില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന ബസ് ഉടമകളുടെ പ്രഖ്യാപനത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. യാത്രാ ഇളവ് നിഷേധിച്ചാല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ സമ്മതിക്കില്ലെന്ന് വിദ്യര്‍ത്ഥി സംഘടനകളും പ്രഖ്യാപിച്ചു.

തൊട്ടു പിന്നാലെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടറിയിച്ചത്.

കണ്‍സഷന്‍ നല്‍കില്ലെന്ന് പറയാന്‍ സംഘടനയ്ക്ക് അധികാരമില്ലെന്നും, യാത്രാ കൂലിയില്‍ ഇളവ് നല്‍കുന്നത് തുടരുമെന്നും നേതൃത്വം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്തണമെങ്കില്‍ അതു ചെയ്യേണ്ടത് സര്‍ക്കാരാണ്.

ഏക പക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനമെടുത്ത ഒരു വിഭാഗം ബസ് ഉടമകളുടെ നടപടി ശരിയല്ല. ഇന്ധന വിലയില്‍ ക്രമാതീതമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഡീസലിന്റെ വില പിടിച്ചു നിര്‍ത്താന്‍ സംവിധാനം ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എണ്‍പത്തിയഞ്ച് ശതമാനം ബസ് ഉടമകളും അംഗങ്ങളായ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വിയോജിപ്പ് അറിയിച്ചതോടെ, എതിര്‍ വിഭാഗം വെട്ടിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News