ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ ആക്രമണങ്ങള്‍ അ‍ഴിച്ചു വിട്ട് തൃണമൂൽ; പത്രിക പിൻവലിപ്പിക്കാൻ അക്രമവും ഭീഷണിയും

കൊൽക്കത്ത: ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ അക്രമം. നേരിട്ട് നാമനിർദേശപത്രിക സമർപ്പിച്ച ഇടതുമുന്നണി സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിക്കാൻ അക്രമവും ഭീഷണിയും സംസ്ഥാനത്തൊട്ടാകെ തുടരുന്നു.

ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ പകുതി സ്ഥാനങ്ങളിലേക്കുപോലും തൃണമൂലിന്റെ അക്രമം മൂലം ഇടതുമുന്നണിക്ക് പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല.

പത്രിക സമർപ്പിച്ചവരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും പിൻവലിപ്പിക്കാനാണ‌് നീക്കം. പ്രതിപക്ഷവിമുക്ത പഞ്ചായത്ത് എന്ന മമതയുടെ നയം നടപ്പാക്കാൻ തൃണമൂൽ അക്രമം വ്യാപകമാക്കുകയാണ‌്. ഇതിനകം സിപിഐ എമ്മിന്റെ നിരവധി സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പത്രിക പിൻവലിക്കാനുള്ള ഫോമുകൾ ബലാൽക്കാരമായി ഒപ്പിട്ടുവാങ്ങി. വഴങ്ങാത്തവരെ തട്ടിക്കൊണ്ടുപോയി വധഭീഷണി മുഴക്കുന്നു.

സ്ത്രീകളുൾപ്പെടെ പത്രിക സമർപ്പിച്ച നിരവധിപേരെയും അവരുടെ കുട്ടികളെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയി. ശനിയാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം.

പശ്ചിമ മെദിനിപുർ ജില്ലയിലെ ഗഡ്വത്ത പഞ്ചായത്ത് സമിതിയിൽ ആകെയുള്ള 17 സീറ്റിൽ എട്ടിടത്തുമാത്രമാണ് ഇടതുമുന്നണിക്ക് പത്രിക സമർപ്പിക്കാൻ കഴിഞ്ഞത്. അതിൽ മൂന്നുപേരെ തൃണമൂലുകാർ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിക്കാനുള്ള ഫോമിൽ നിർബന്ധമായി ഒപ്പിടുവിച്ചു.

മെദിനിപുർ നോയഗാ പഞ്ചായത്തിലെ സിപിഐ എം സ്ഥാനാർഥി സുബാഷ് ഘോഷിനെ വീട്ടിൽക്കയറി ക്രൂരമായി മർദിച്ചു. പ്രായമായ അമ്മയെയും അക്രമികൾ വെറുതെവിട്ടില്ല. അക്രമികൾ കൈയും കാലും തല്ലിയൊടിച്ച ഘോഷ് ആശുപത്രിയിലാണ്. ആശുപത്രി വിട്ടാലുടൻ പ്രചാരണത്തിനിറങ്ങുമെന്ന‌് അദ്ദേഹം പറഞ്ഞു.

ഉത്തര ദിനാജ്പുർ ജില്ലാ പരിഷത്തിലേക്ക് പത്രിക നൽകിയ സിപിഐ എം സ്ഥാനാർഥി ആശാ പാൾ എന്ന വനിതയെയും ഭർത്താവിനെയും തട്ടിക്കൊണ്ടുപോയി 17 മണിക്കൂർ തടവിൽ പാർപ്പിച്ച് പത്രിക പിൻവലിപ്പിച്ചു. പശ്ചിമ ബർദ്വമാൻ ജില്ലയിലെ 6 സിപിഐ എം സ്ഥാനാർഥികളുടെ വീടുകൾ തല്ലിത്തകർത്തു.

ആയുധങ്ങളുമായി മോട്ടോർ സൈക്കിളുകളിൽ തൃണമൂൽസംഘം സംഘടിതമായി ചുറ്റിക്കറങ്ങിയാണ് അക്രമം നടത്തിയത്. നാദിയ, ബിർഭും പുരുളിയ, ബാങ്കുറ, ഹൂഗ്ലി, മൂർഷിദാബാദ്, ഉത്തര ദക്ഷിണ 24 പർഗാനാസ് എന്നീ ജില്ലകളിലെല്ലാം വ്യാപക അക്രമമാണ്.

എതിരാളികളെ മാത്രമല്ല അടിച്ചൊതുക്കുന്നത്. തൃണമൂലിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലും പൊരിഞ്ഞ അടിയാണ്. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ജയ്നഗറിൽ രണ്ട‌് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിലും വെടിവയ‌്പിലും ഒരു സ്ത്രീ കൊല്ലപ്പെട്ടു.

ജയനഗർ തൃണമൂൽ പ്രസിഡന്റ് ഗൗർ സർക്കാരിന്റെയും എംഎൽഎ ബിശ്വനാഥ് ദാസിന്റെയും ഗ്രൂപ്പുകൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News