‘പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണം’: കേരള വിഷന്‍ ചാനലിന്റെ ഉപഗ്രഹസംപ്രേഷണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: ഇന്നത്തെ കാലത്ത് പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള വിഷന്‍ ചാനലിന്റെ ഉപഗ്രഹസംപ്രേഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാദേശിക വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പലപ്പോഴും വിട്ടു പോകുന്ന കാര്യം. പ്രാദേശിക സംഭവങ്ങള്‍ നല്ല രീതിയില്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തണം. ന്യൂസ് ഹബ് എന്ന ആശയത്തിന് പുതുമയുണ്ട്.

പുതുമ എപ്പോഴും കേരളത്തിന് ഇഷ്ടമാണ്. ജനസാന്ദ്രത പോലെ തന്നെ മാധ്യമ സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനമാണ് കേരളം. ഇതില്‍ രണ്ടെണ്ണം അടച്ചു പൂട്ടി. ബാക്കി 36 എണ്ണം പ്രവര്‍ത്തിക്കുന്നു.

ഇതില്‍ 15 എന്റര്‍ടെയ്‌മെന്റ് ചാനലുകളും ഏഴ് ന്യൂസ് ചാനലുകളും ഉള്‍പ്പെടും. ഇത്രയും ചെറിയ സംസ്ഥാനത്തെ കണ്ടുകൊണ്ടാണ് ഇത്രയും ചാനല്‍ പ്രവര്‍ത്തിക്കുന്നത്.

പുതിയൊരു ചാനല്‍ ആവശ്യമുണ്ടോ എന്നു സംശയം തോന്നും. പുതിയതോ പഴയതോ എന്നുള്ളതല്ല ഉള്ളടക്കമാണ് പ്രധാനം. ആളുകള്‍ക്ക് താത്പര്യം നല്ല പരിപാടികളാണ്. ഇത് ചാനലിനെറെ മികവ് വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.

അപ്പോള്‍ പുതിയ ചാനലിന് ഇടമുണ്ട് എന്ന് നമുക്ക് മനസിലാകും. സ്വയം തൊഴില്‍ അന്വേഷകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭമാണ് കേരള വിഷന്‍ എന്നത് കൂടുതല്‍ സന്തോഷം തരുന്നു.

വന്‍കിട ചാനല്‍ വ്യവസായികളുടെ നടുവിലാണ് ചെറുകിട കേരള വിഷന്‍ വരുന്നത്. അപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള വിഷന്‍ പ്രവര്‍ത്തകരുടെ അനുഭവസമ്പത്ത് പ്രാപ്തമാകണം.

വാര്‍ത്തയിലെ സത്യസന്ധത, സുതാര്യത, വിശ്വാസ്യത എന്നിവയാണ് ചാനലുകാര്‍ ശ്രദ്ധിക്കേണ്ടത്. ഈ വഴിയിലൂടെ മാത്രമേ പ്രേക്ഷകരുടെ മനസില്‍ സ്ഥിരമായി സ്ഥാനം പിടിക്കാന്‍ കഴിയൂ. ജനപക്ഷ നിലപാടും പുതിയ സമീപനവും ഏതു വമ്പന്മാരെയും പിന്നിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചാനലിന്റെ തീംമ്യൂസിക്ക് പ്രകാശനം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചാനല്‍ പ്രോഗ്രാമുകളുടെ ത്രിഡി പ്രകാശനം വി.മുരളീധരന്‍ എം.പി യും കേരള വിഷന്‍ ഓണ്‍ലൈന്‍ ഹോം പേജിന്റ ഉദ്ഘാടനം തമിഴ് നടന്‍ വിജയ് സേതുപതിയും നിര്‍വഹിച്ചു.

കേരള വിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. കേരള വിഷന്‍ എം.ഡി. രാജ് മോഹന്‍ മാമ്പറ, ഡയറക്ടര്‍ ഗോപകുമാര്‍, വൈസ് പ്രസിഡന്റ് പ്രകാശ് മേനോന്‍, കമ്പനി ഡയറക്ടര്‍ ബിനു ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News