പ്രായത്തിനു തളർത്താനാവില്ല ഈ കലാകാരിയെ; കാണണം 93ാം വയസ്സിലെ മുത്തശ്ശി കരുത്ത്

കലാകാരിയുടെ അർപ്പണബോധം പ്രായത്തിനു തളർത്താനാവില്ലെന്നു തെളിയിക്കുയാണ് കോട്ടയം കുമ്മണ്ണൂർ മീനാക്ഷിയമ്മ. കഥകളിപ്പദങ്ങൾ തിരുവാതിരപ്പാട്ടാക്കി മാറ്റി അച്ഛൻ പകർന്നു നൽകിയ വൈഭവമാണ് 93-ാം വയസ്സിലും ഈ തിരുവാതിര മുത്തശിയുടെ കരുത്ത്.

മനസ്സിന്റെ തിരുമുറ്റത്ത് ഇനിയും കെടാത്ത തിരുവാതിര വിളക്കുകൾ, ഈ കണ്ണിലും ചിരിയിലും ഇപ്പോഴും ഒളി വിതറുകയാണ്.

നവതി പിന്നിട്ടെങ്കിലും പ്രായം തളര്‍ത്താത്ത ആവേശവുമായി തിരുവാതിരയുടെ താളച്ചുവടുകളും അംഗവടിവുകളും ഇപ്പോഴും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കുകയാണ് കുമ്മണ്ണൂര്‍ മീനാക്ഷിയമ്മ.

കീര്‍ത്തനങ്ങള്‍ക്കനുസരിച്ച് കാല്‍ചുവടുകളും കൈമുദ്രകളും കാട്ടി മീനാക്ഷിയമ്മ തിരുവാതിര പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് 75 വര്‍ഷം കഴിഞ്ഞു.

18-ാം വയസില്‍ പത്ത് പേരടങ്ങുന്നവരെ തിരുവാതിര അഭ്യസിപ്പിച്ച് തുടങ്ങിയ ഈ തിരുവാതിര മുത്തശിയുടെ ശിഷ്യഗണം വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പടെ പതിനായിരം പിന്നിട്ടു.

കഥകളി സംഗീതത്തിൽ പ്രാവീണ്യം നേടിയ അച്ഛന്‍ സുബ്രമണ്യ അയ്യരും അമ്മ പാര്‍വതിയും സഹോദരി ഗൗരിയുമാണ് മീനാക്ഷിയമ്മയുടെ ഗുരുക്കന്‍മാര്‍. കഥകളി പദങ്ങൾ തിരുവാതിര പാട്ടുകളാക്കി അഭ്യസിപ്പിച്ചത് അച്ഛനാണെന്നും ഈ മുത്തശി ഓര്‍ത്തെടുക്കുന്നു.

93-ാം വയസിലും തിരുവാതിര അഭ്യസിപ്പിക്കാന്‍ മീനാക്ഷിയമ്മയ്ക്ക് കൂട്ടിനുള്ളത് മക്കളായ കോമളവല്ലിയും ലതികയുമാണ്. അതുകൊണ്ടുതന്നെ ധനുമാസത്തില്‍ മാത്രമല്ല കിടങ്ങൂരിലെ കുമണ്ണുര്‍ താഴത്തുവീട്ടില്‍ എന്നും തിരുവാതിരയാണ്.

ആത്മവിശ്വാസവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ പ്രായം ഒരു തടസമേ അല്ല എന്നാണ് ഈ തിരുവാതിര മുത്തശിയുടെ പക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News