എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; ഇ പ്രേംകുമാര്‍ പ്രസിഡന്‍റ്; ടിസി മാത്തുക്കുട്ടി സെക്രട്ടറി

കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡണ്ടായി ഇ.പ്രേംകുമാറും ജനറൽ സെക്രട്ടറിയായി ടി. സി.മാത്തുക്കുട്ടിയും തുടരും.

അടിമാലിയിൽ നടക്കുന്ന സമ്മേളനമാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്. 75 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

അഞ്ചര പതിറ്റാണ്ടായി നവകേരള സൃഷ്ടിക്കായി ധീരോദാത്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന യൂണിയന്റെ സമ്മേളനത്തിന് ഇടുക്കി മൂന്നാംതവണയാണ് ആതിഥ്യമരുളുന്നത്.

അടിമാലി മച്ചിപ്ലാവ് ഈസ്റ്റേൺ ന്യൂട്ടൻ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി വി കെ ഷീജ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ അബ്ദുറഹിം അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനത്തിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ, എഫ്‌എസ്‌ഇടിഒ സംസ്ഥാന പ്രസിഡന്റ്‌ കെ സി ഹരികൃഷ്‌ണൻ, കോൺഫെഡറേഷൻ ഓഫ്‌ ഗവൺമെന്റ്‌ എപ്ലോ. ആൻഡ്‌ വർക്കേഴ്‌സ്‌ ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.

മന്ത്രി എം എം മണി പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എസ്‌ രാജേന്ദ്രൻ എംഎൽഎ സ്വാഗതവും എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി നന്ദിയും പറഞ്ഞു.

ഇ പ്രേംകുമാർ, സുജാത കൂടത്തിങ്കൽ, എ അബ്ദുറഹിം, രാജമ്മ രഘു, എം എസ്‌ ശ്രീവൽസൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. ടി സി മാത്തുക്കുട്ടി, കെ സുന്ദരരാജൻ, എൻ കൃഷ്‌ണപ്രസാദ്‌, വി കെ ഷീജ, സി കെ ദിനേഷ്‌കുമാർ എന്നിവരടങ്ങിയ സ്‌റ്റിയറിങ്‌ കമ്മിറ്റിയും എം എ അജിത്‌കുമാർ, കെ വാമദേവൻ, എസ്‌ ഗോപകുമാർ, എം കെ വസന്ത എന്നിവരടങ്ങിയ പ്രമേയകമ്മിറ്റിയും പ്രവർത്തിക്കുന്നു.

ഏരിയാ പ്രസിഡന്റ് ഷിലുമോൻ രചിച്ച് രാജു അടിമാലി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയായിരുന്നു തുടക്കം. രാവിലെ 9.30 ന്‌ സംസ്ഥാന സെക്രട്ടറി കെ സുന്ദരാജൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. തുടർന്ന്‌ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്‌ ചർച്ചയും നടന്നു.‌
ട്രഷറർ സി കെ ദിനേശ്‌കുമാർ വരവുചെലവ്‌ കണക്ക്‌ അവതരിപ്പിച്ചു.

പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്‌ക്ക്‌ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി മറുപടി നൽകി. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. ചർച്ച തിങ്കളാഴ്‌ചയും തുടരും. 1,46,537 അംഗങ്ങളെ പ്രതിനിധീകരിച്ച് 863 പേരാണ്‌ പങ്കെടുക്കുന്നത്‌.

ഇതിൽ 235 പേർ വനിതകളാണ്. സമ്മേളനം തിങ്കളാഴ്‌ചയും തുടരും. ചൊവാഴ‌്ച സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News