ഉപരാഷ്ട്രപതി ഇന്ന് തിരുവല്ലയില്‍; ഒരുക്കങ്ങള്‍ പൂര്‍ണം

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 101-ാമത് ജന്മദിനാഘോഷവും മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് 12.30ന് തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ഉപരാഷ്ട്രപതി എത്തും.

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആന്റോ ആന്റണി എംപി, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ. ദിവാകരന്‍ നായര്‍, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ ഹെലിപ്പാഡില്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കും.

തുടര്‍ന്ന് മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തെ പുലാത്തീനില്‍ ഒരുക്കുന്ന ഉച്ച വിരുന്നില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. ഇതിനു ശേഷം മൂന്നിന് ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 101-ാമത് ജന്മദിനാഘോഷവും മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

രാജ്യസഭാ അധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍, ഉമ്മന്‍ചാണ്ടി എംഎല്‍എ, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ, മാര്‍ത്തോമ്മാ സഭാ ട്രഷറര്‍ പി.പി. അച്ചന്‍കുഞ്ഞ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ യോഗം ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷാകാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും പാടില്ലെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ. ദിവാകരന്‍ നായര്‍, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീത്, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ ഡി. കമലമ്മ, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. ജഗദീഷ്, തിരുവല്ല ഡിവൈഎസ്പി ആര്‍. ചന്ദ്രശേഖരന്‍, തിരുവല്ല തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവല്ല നഗരസഭ മൈതാനം മുതല്‍ ചടങ്ങ് നടക്കുന്ന മാര്‍ത്തോമ്മാ സഭാ ആസ്ഥാനം വരെയുള്ള റോഡുകള്‍ ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇന്നലെ മുതല്‍ തിരുവല്ല നഗരം പൂര്‍ണമായും പോലീസിന്റെ സുരക്ഷാ വലയത്തിലാണ്.

അഞ്ച് എസ്പിമാര്‍, ഏഴ് ഡിവൈഎസ്പിമാര്‍, 13 സിഐമാര്‍, 88 എസ്‌ഐമാര്‍, 412 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 21 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 650 ല്‍ ഏറെ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഇന്റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാര്‍, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവര്‍ ഇന്നലെ തിരുവല്ലയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഉപരാഷ് ട്രപതിയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി വാഹനവ്യൂഹം ഉള്‍പ്പെടുന്ന പൂര്‍ണ ട്രയലും ഇന്നലെ നടന്നു. ശനിയാഴ്ചയും ഇന്നലെയും നാലു തവണ വ്യോമസേനാ ഹെലികോപ്ടറുകള്‍ തിരുവല്ല മുന്‍സിപ്പല്‍ മൈതാനത്ത് ട്രയല്‍ ലാന്‍ഡിംഗ് വിജയകരമായി നടത്തി.

തിരുവല്ലയിലെ പരിപാടികള്‍ക്കു ശേഷം ഇന്ന് വൈകിട്ട് 4.10ന് ഉപരാഷ്ട്രപതി മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News