ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടും; സിപിഐഎമ്മിന്റെ ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കല്‍: സീതാറാം യെച്ചൂരിയുമായി അഭിമുഖം

സിപിഐഎം ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുമായി കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും വിവിധ മേഖലയിലെ പ്രമുഖരും നടത്തിയ ആശയ സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

‘അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. പാര്‍ടിയുടെ ഇപ്പോഴത്തെ പ്രധാന കടമ ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും കൂടുതല്‍ അപകടത്തിലായിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഒരു മൂല്യവും കാത്തുസൂക്ഷിക്കാത്ത പാര്‍ടിയാണ് ബിജെപി’-സിപിഐ എം ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കുന്നു.

കൈരളി പീപ്പിള്‍ ടിവിയുടെ മുഖാമുഖം പരിപാടി (ലാല്‍സലാം യെച്ചൂരി) യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖാമുഖത്തിന്റെ സംക്ഷിപ്ത രൂപം ചുവടെ.



രാജന്‍ ഗുരുക്കള്‍:
സിവില്‍ സര്‍വീസുപോലും കാവിയണിയുന്നവിധം ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങുകയാണ്. തീരുമാനങ്ങള്‍ പാര്‍ലമെന്റിലൂടെ എടുക്കുന്നതിന് കാലതാമസം വരുമെന്ന പേരിലാണ് ഇത് നടപ്പാക്കുന്നത്. ഇതിനോടുള്ള പ്രതികരണം?

യെച്ചൂരി: ശരിയാണിത്. പാര്‍ലമെന്ററി ജനാധിപത്യത്തെ മറികടക്കുന്ന പ്രവണത ശക്തമാണ്. ഇതിനെ വിശാല മാനത്തില്‍ കാണേണ്ടതുണ്ട്. ഭരണഘടനാക്രമം അട്ടിമറിക്കപ്പെടുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ രാജ്യസഭയിലെ 50 അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയ ഇംപീച്ച്‌മെന്റ് പ്രമേയം ഉപരാഷ്ട്രപതി തള്ളി. നിയമവിരുദ്ധമാണീ നടപടി.

എത്ര അംഗങ്ങള്‍ ഒപ്പിട്ടുവെന്നും ഒപ്പുകളുടെ ആധികാരികതയും നോക്കേണ്ട കാര്യം മാത്രമേ ഉപരാഷ്ട്രപതിക്കുള്ളൂ. ഏറ്റവും അവസാനമായി ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനവും തടഞ്ഞു.

പ്രധാനമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ ആരെയൊക്കെ കൂടെ കൊണ്ടുപോകുന്നു; ചെലവെത്ര എന്നതൊന്നും പുറത്തുവിടുന്നില്ല. ഇത് എന്ത് ജനാധിപത്യമാണ്. മോഡി പറയുന്നത്്, ഇടപാടുകളില്‍ മധ്യവര്‍ത്തികളെ അനുവദിക്കില്ലെന്നാണ്. ശരിയാണ്. സര്‍ക്കാര്‍ തന്നെ മധ്യവര്‍ത്തിയാകുമ്പോള്‍ മറ്റൊന്നിന്റെ ആവശ്യമെന്താണ്.

ജോണ്‍ ബ്രിട്ടാസ്: ബിജെപി നേതാക്കളെ മഹാഭാരതത്തിലെ കഥാപാത്രങ്ങളുമായി താങ്കള്‍ താരതമ്യം നടത്തുകയുണ്ടായല്ലോ?

യെച്ചൂരി: ശരിയാണ്. മഹാഭാരതത്തില്‍ 100 കൗരവസഹോദരങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതില്‍ എത്രപേരെ നമുക്ക് പേരുകൊണ്ട് അറിയാം. ദുര്യോധനനെയും ദുശ്ശാസനനെയും മാത്രമേ നമുക്ക് അറിയൂ. അതുപോലെ ബിജെപിയില്‍ നരേന്ദ്ര മോഡിയെയും അമിത് ഷായെയും മാത്രമേ അറിയൂ.

ഡോ. കെ എന്‍ പണിക്കര്‍: ബിജെപിയെ നേരിടാന്‍ ഒരു ബഹുവര്‍ഗ ജനമുന്നേറ്റം ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമല്ലേ. അടുത്ത മൂന്നു വര്‍ഷത്തിനിടയില്‍ ഇത്തരമൊരു ജനമുന്നേറ്റത്തിന് പാര്‍ടി മുന്‍കൈയെടുക്കുമോ?

യെച്ചൂരി: പണിക്കര്‍ സാറിന് ഞാന്‍ 82ാം ജന്മദിനാശംസ നേരുന്നു. സാറിന്റെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ചൂഷിതരുടെ ഐക്യമാണ് കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം. ബിജെപിക്കെതിരെ ഒരു ബഹുവര്‍ഗകക്ഷി ഐക്യം ആവശ്യമാണ്. അതൊരു രാഷ്ട്രീയ സഖ്യമോ മുന്നണിയോ ആകണമെന്നില്ല.

വര്‍ഗീയശക്തിയെ നേരിടാന്‍ ഇന്ത്യയില്‍ ബഹുവര്‍ഗ ഐക്യം അനിവാര്യമാണ്. എന്നാല്‍, ബഹുകക്ഷി സഖ്യംജനതാ പാര്‍ടി പോലുള്ളത് ഇന്ത്യയില്‍ വിജയിച്ചിട്ടില്ല. ഐക്യമുന്നണി സര്‍ക്കാരും യുപിഎ സര്‍ക്കാരും തെരഞ്ഞെടുപ്പിനു ശേഷമാണ് രൂപംകൊണ്ടത്.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ഒരു ബഹുകക്ഷി ഐക്യമെന്ന ആശയം പതുക്കെയാണെങ്കിലും രൂപപ്പെട്ടുവരികയാണ്. ശത്രുവിനെ പരാജയപ്പെടുത്താന്‍ എല്ലാ വിഭവങ്ങളും സമാഹരിക്കുകയാണ് ഇന്നത്തെ ആവശ്യം.

ജേക്കബ് ജോര്‍ജ്: പാര്‍ടി കോണ്‍ഗ്രസില്‍ രണ്ട് ചിന്താഗതികള്‍ തമ്മിലുള്ള ശക്തമായ തര്‍ക്കം ഉണ്ടായല്ലോ? ഇതിന്റെ ഫലമായുണ്ടായ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണോ?

യെച്ചൂരി: കോണ്‍ഗ്രസുമായി ചേര്‍ന്നുപോകുന്നതോ, പോകാത്തതോ. ഇതില്‍ ഏതാണ് വിഡ്ഢിത്തം. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ടെന്നതാണ് പാര്‍ടി കോണ്‍ഗ്രസ് തീരുമാനം. പാര്‍ടിയുടെ ഇപ്പോഴത്തെ പ്രധാന കടമ ബിജെപിയെ തോല്‍പിക്കുകയെന്നതാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വൃത്തികെട്ട തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പലയിടത്തും ബിജെപി അധികാരത്തില്‍ വന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിടത്തുപോലും അവര്‍ അധികാരത്തില്‍ വന്നു. ഗോവയിലും മണിപ്പൂരിലും ഈ നെറികെട്ട തന്ത്രത്തിലൂടെയാണ് അധികാരത്തില്‍വന്നത്.

ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ഏറ്റവും കൂടുതല്‍ അപകടത്തിലായിട്ടുള്ളത്. രാഷ്ട്രീയത്തില്‍ ഒരു മൂല്യവും കാത്തുസൂക്ഷിക്കാത്ത പാര്‍ടിയാണ് ബിജെപി. സിപിഐഎം എന്നും രാഷ്ട്രീയമൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന പാര്‍ടിയാണ്.

സരസ്വതി നാഗരാജന്‍: സിപിഐഎം നേതൃത്വത്തില്‍ വനിതാ പ്രാതിനിധ്യം ഇനിയും കൂടേണ്ടതല്ലേ?

യെച്ചൂരി: ഈ വാദം പൂര്‍ണമായും അംഗീകരിക്കുന്നു. നിലവില്‍ രണ്ട് വനിതകള്‍ പിബിയില്‍ ഉണ്ട്. ഇത് ഇനിയും കൂടണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്നത് ദൈര്‍ഘ്യമേറിയ പ്രക്രിയയാണ്. ഇന്നത്തെ സാമൂഹിക അവസ്ഥയാണ് സ്ത്രീകളെ പൊതുവേദികളില്‍നിന്ന് അകറ്റുന്നത്. അതിനെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമാണ്.

ജെ പ്രഭാഷ്: ഒരു രാഷ്ട്രീയ സങ്കല്‍പ്പം എന്നനിലയില്‍ ഇടതുപക്ഷം വളരെ ശക്തമാണ്. എന്നാല്‍, തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈ അന്തരം എങ്ങനെയാണ് നികത്തുക?

സച്ചിദാനന്ദന്‍: കമ്യൂണിസ്റ്റ് പാര്‍ടികള്‍ ദുര്‍ബലമാകുന്നത് നയതീരുമാനങ്ങള്‍ എടുക്കുന്നതിലും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും വരുന്ന വീഴ്ച കൊണ്ടാണോ? ഒരു ആശയമെന്നനിലയില്‍ കമ്യൂണിസം ശക്തമാണെങ്കിലും ഇന്ത്യയിലെവിടെയും പ്രായോഗികമായി അത് പ്രതിഫലിക്കപ്പെടുന്നില്ല?

പി ജെ അലക്‌സാണ്ടര്‍: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഇടതുപക്ഷത്തിന് വളരാന്‍ കഴിയാത്തതിന്റെ കാരണം?

യെച്ചൂരി: തീര്‍ത്തും പ്രസക്തമായ ചോദ്യങ്ങളാണിത്. സങ്കല്‍പ്പവും യാഥാര്‍ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ട്. ലിബറലിസവും ശാസ്ത്രവും കൈകോര്‍ക്കുന്ന ഒരു തത്വചിന്തയാണ് മാര്‍ക്‌സിസം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടായ ആഗോളവല്‍ക്കരണവും ഇടതുപക്ഷത്തെ ക്ഷയിപ്പിച്ചു.

ലാഭം കുന്നുകൂട്ടുന്നത് തെറ്റല്ലാതായി മാറിയ കാലമാണിത്. അന്തരീക്ഷ വായു മാത്രമാണ് സ്വകാര്യവല്‍ക്കരിക്കാതെ അവശേഷിക്കുന്നത് എന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍, അവയും ഇപ്പോള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ശുദ്ധവായു ശ്വസിക്കാനും കാശുകൊടുക്കണമെന്നായി.

സ്‌കൂളുകളിലും തൊഴില്‍ശാലകളിലും പ്രവേശനം ലഭിക്കണമെങ്കില്‍ രാഷ്ട്രീയ വിശ്വാസം പാടില്ലെന്നായി. ഒരുകാലത്ത് ജെഎന്‍യു ഇടതുകോട്ടയെന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ പഠിച്ച് വരുന്നവരില്‍ പലരും ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരായി രാജ്യത്തിന്റെ പല ഭാഗത്തും ജോലി ചെയ്യുന്നുണ്ട്. അവര്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളൊന്നുമല്ല.

എന്നാല്‍, അവര്‍ക്ക് ജനാധിപത്യബോധം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതാണിപ്പോള്‍ ഇല്ലാതാകുന്നത്. ഇടതുപക്ഷത്തിന്റെ മുന്നോട്ടുപോക്കിനും ഇതെല്ലാം തടസ്സമായി.

എന്നാല്‍, ഈ ഘട്ടത്തിലും ഒരു സങ്കല്‍പ്പമെന്ന നിലയില്‍ ഇടതുപക്ഷം കരുത്താര്‍ജിക്കുകയാണ്. ഘടനാപരമായ പരിഷ്‌കാരങ്ങളുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുന്നതില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റിയിട്ടുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുംകൂടി മനസ്സിലാക്കേണ്ടതുണ്ട്. സാമ്പത്തിക അടിച്ചമര്‍ത്തലിനെതിരെ ഇടതുപക്ഷത്തോടൊപ്പം പൊരുതുന്ന വ്യക്തി തെരഞ്ഞെടുപ്പില്‍ സാമൂഹിക സാഹചര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ സാമ്പത്തിക അടിച്ചമര്‍ത്തലിനെതിരായ സമരങ്ങള്‍ സാമൂഹിക അടിച്ചമര്‍ത്തലിനെതിരായ സമരവുമായി കണ്ണിചേര്‍ക്കണം. എങ്കിലേ ഈ പ്രതിസന്ധി മുറിച്ചുകടക്കാനാകൂ.

ജേക്കബ് ജോര്‍ജ്: അധികാരത്തില്‍നിന്ന് മാറിനടക്കുന്ന സമീപനമാണ് സിപിഐ എം സ്വീകരിക്കുന്നത്. അധികാരത്തില്‍ വരില്ല എന്നതുകൊണ്ടാണ് വോട്ടര്‍മാര്‍ വലതുപക്ഷത്തിന് വോട്ടുചെയ്യുന്നത്. ബിജെപിയാകട്ടെ എങ്ങനെയും അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത് ?

യെച്ചൂരി: ജനം അധികാരം നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ ഒരു മടിയും സിപിഐ എമ്മിനില്ല. ബംഗാളിലും ത്രിപുരയിലും പല തവണ അധികാരം നല്‍കിയപ്പോള്‍ സ്വീകരിച്ചു. ലഭിക്കുന്ന അധികാരത്തോട് സത്യസന്ധത പുലര്‍ത്തണമെന്ന് സിപിഐ എമ്മിനുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയണമെന്ന നിര്‍ബന്ധവുമുണ്ട്.

ബി ഉണ്ണികൃഷ്ണന്‍: സ്വപ്നം കാണുന്നവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. എന്നാല്‍, മാര്‍ക്‌സിസ്റ്റുകാരെ പോലും അബോധമായി ഹിന്ദുത്വ ആശയഗതി സ്വാധീനിക്കുന്നില്ലേ?

യെച്ചൂരി: സ്വപ്നങ്ങള്‍ പോലും യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗമല്ലേ എന്നും വാദിക്കാമല്ലോ. പ്രധാനം കാഴ്ചപ്പാടാണ്. ഞാനൊരു ചോദ്യം ചോദിക്കട്ടെ. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ഉയര്‍ന്നുവന്ന ജര്‍മന്‍ തത്വശാസ്ത്രം സമ്പന്നമായിരുന്നു. മാര്‍ക്‌സ് പോലും ഇതിന്റെ ഭാഗമാണ്.

എന്നാല്‍, അവിടെ തന്നെയാണ് ഫാസിസവും തലപൊക്കിയത്. അവിടത്തെ ജനങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്. സമാനമാണ് ഇന്ത്യയിലെയും സംഭവങ്ങള്‍. കഠ്‌വയില്‍ കൊലയാളികളെ സംരക്ഷിക്കാന്‍ പോലും ആളുകളുണ്ടായി. മനുഷ്യത്വംപോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

രാജന്‍ ഗുരുക്കള്‍: മുതലാളിത്ത വികസനത്തിനാണ് ഇന്ന് പ്രാമുഖ്യം ലഭിക്കുന്നത്. ഇ എം എസും മറ്റും ഇടതുപക്ഷത്തിന്റെ ജനകീയവികസനത്തെ കുറിച്ച് വിശദീകരിച്ചിരുന്നു. എന്നിട്ടും മുതലാളിത്ത വികസനത്തിന് മേല്‍ക്കൈ ലഭിക്കുന്നത് എന്തുകൊണ്ടാണ്?

യെച്ചൂരി: സമഗ്രവികസനമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. മുതലാളിത്ത വികസനം ഏതാനുംപേരുടെ വികസനമാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈയിലാണ് രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും കുമിഞ്ഞുകൂടുന്നത്. അതും വികസനമല്ലേ എന്ന് ചോദിച്ചാല്‍ വികസനമാണ്. വികസനം ആര്‍ക്കുവേണ്ടി എന്നതാണ് പരമപ്രധാനം.

സരസ്വതി നാഗരാജന്‍: ഇടതുപക്ഷം വികസനത്തിനും പുരോഗതിക്കും എതിരാണെന്ന പൊതുധാരണ ഉണ്ടല്ലോ. ഇതിനെ എങ്ങനെയാണ് നേരിടുക?

യെച്ചൂരി: സിപിഐ എം ചങ്ങാത്ത മുതലാളിത്തത്തിനും പൊതുധനം കൊള്ളയടിക്കുന്നതിനും എതിരാണ്. വികസനത്തിന് എതിരല്ല.

സദസ്സില്‍നിന്നു ചില ചോദ്യങ്ങള്‍:

• ഫാസിസത്തെ എങ്ങനെയാണ് സിപിഐഎം നിര്‍വചിക്കുന്നത് ?

യെച്ചൂരി: മുതലാളിത്താനന്തര പ്രതിഭാസമാണ് ഫാസിസം. 1930കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ സൃഷ്ടികൂടിയാണിത്. കുത്തക മുതലാളിത്തം പ്രതിസന്ധിയിലാകുകയും ലാഭം കുന്നുകൂട്ടുന്നത് തടയപ്പെടുകയും ചെയ്തപ്പോഴാണ് ജനങ്ങളുടെ അവകാശങ്ങളെ നിയന്ത്രിച്ച് ചൂഷണം ശക്തമാക്കിയത്.

പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ത്ത് സേച്ഛാധിപത്യവാഴ്ചയ്ക്ക് ഫാസിസം തുടക്കമിട്ടു. എന്നാല്‍, ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടില്ല. തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇത് ഇപ്പോള്‍ തന്നെ തടയണം. അല്ലെങ്കില്‍, ജനാധിപത്യം സംരക്ഷിക്കാന്‍ ആരും അവശേഷിക്കില്ല.

• സിപിഐ എം തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുമെന്നാണ് പറയുന്നത്. അതും ഒരുതരത്തില്‍ ഏകാധിപത്യമല്ലേ?

യെച്ചൂരി: നിലവില്‍ മുതലാളിത്തത്തിന്റെ ഏകാധിപത്യം അല്ലേ ഉള്ളത്. അതിനുപകരം തൊഴിലാളിവര്‍ഗ സര്‍വാധിപത്യം വരുന്നതില്‍ എന്താണ് തെറ്റ്. വര്‍ത്തമാന ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യവും ബഹുകക്ഷി ജനാധിപത്യവും തുടരുകതന്നെ ചെയ്യും.

കമല്‍ഹാസന്‍: കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന കാലമാണിത്. ഭൂരിപക്ഷ വികാരങ്ങള്‍ക്കാണ് പ്രാമുഖ്യം. ഇതിനെതിരെ നിശ്ശബ്ദ ഭൂരിപക്ഷം ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട്. ഫെഡറല്‍ സങ്കല്‍പ്പവും ശക്തമാകണം?

യെച്ചൂരി: നന്മയുടെ പക്ഷം നിശ്ശബ്ദമാകുന്നതുകൊണ്ടാണ് ദുഷ്ടശക്തികള്‍ക്ക് അതിജീവിക്കാനാകുന്നത്. ദുഷ്ടശക്തികളുടെ പരാജയത്തിനായി നമുക്ക് ഒന്നിക്കാം. ഇന്ന് നമുക്ക് ഒന്നിച്ച് ഇന്ത്യയെ രക്ഷിക്കാം. നാളെ അതിനെ മാറ്റുകയും ചെയ്യാം.

ജെ പ്രഭാഷ്: ത്രിപുരയില്‍നിന്ന് എന്തുപാഠമാണ് സിപിഐ എം പഠിച്ചത്?

യെച്ചൂരി: ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ് ത്രിപുരയില്‍ നടന്നത്. അക്രമവും അവസരവാദവും ഉപയോഗിച്ച് ജനവിധിയെ അട്ടിമറിക്കുകയായിരുന്നു.

വിഘടനവാദികളുമായി പോലും അവര്‍ കൈകോര്‍ത്തു. ജനാധിപത്യമൂല്യങ്ങള്‍ പാലിക്കാതെയുള്ള തെരഞ്ഞെടുപ്പ് പോരാട്ടമാണത്. ത്രിപുരയില്‍നിന്ന് ഉയര്‍ന്നത് ജനാധിപത്യവിരുദ്ധ രാക്ഷസീയ മുഖമാണ്.

അതിനോടാണ് പൊരുതേണ്ടിവന്നത്. ഇന്ത്യന്‍ ജനാധിപത്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here