അമിത് ഷായ്ക്ക് വേണ്ടി കൃഷി നശിപ്പിച്ച് ഹെലിപാഡ് നിര്‍മാണം; തടയാന്‍ ശ്രമിച്ച കര്‍ഷകന് മര്‍ദനം

ഉത്തര കര്‍ണാടകത്തിലെ കാര്‍ഷിക മേഖലയായ ബഗല്‍കോട്ടിലെ ജഗദീഷ് രുദ്രപ്പ കരാടി എന്ന കര്‍ഷകന്‍റെ 1.32 ഏക്കര്‍ കൃഷിഭൂമിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി ദൊദനഗൗഡ ജി പാട്ടീലിന്‍റെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഹെലിപാഡിനായി വെട്ടിനിരത്തിയത്. കര്‍ഷക മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനായാണ് ഇല്‍കല്‍-നാഗൂര്‍ ഹൈവേയ്ക്ക് സമീപം തടയണ പോലും തകര്‍ത്ത് കൃഷിഭൂമി നികത്തിയത്.

അമ്മാവന്‍റെ സ്ഥലം പാട്ടത്തിനെടുത്ത് 9.7 ലക്ഷം രൂപ ചെലവ‍ഴിച്ചാണ് വയല്‍ കൃഷിയിറക്കാന്‍ ഒരുക്കിയതെന്ന് ജഗദീഷ് പറയുന്നു. കാലവര്‍ഷത്തിന് മുമ്പ് കൃഷിയിറക്കാനാണ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. നിലം ഉ‍ഴുത് മറിക്കുകയും വെള്ളം ലഭിക്കാനായി ചാല് കീറുകയും ചെയ്തു.

കഴിഞ്ഞ ദിവസം വയല്‍ നികത്തുന്നതെന്തിനാണെന്ന് അയല്‍വാസി ചോദിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ജഗദീഷ് പറയുന്നു. കൃഷിഭൂമിയിലെത്തിയപ്പോള്‍ അന്‍പതിലധികം ആളുകള്‍ ചേര്‍ന്ന് വയല്‍ നികത്തുന്നതാണ് കണ്ടത്. തന്‍റെ സ്വപ്‌നമാണ് അവര്‍ തകര്‍ത്തത്. തടയാന്‍ ശ്രമിച്ച തന്നെ കൈയ്യേറ്റം ചെയ്തുവെന്നും ജഗദീഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ബിജെപിക്കിത് രാഷ്ട്രീയായിരിക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് ഇത് ജീവിതമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈയൊരു കൃഷിഭൂമിക്ക് വേണ്ടിയാണ് ജീവിച്ചത്. ഇതില്‍ നിന്ന് ലഭിക്കുന്നവരുമാനം കൊണ്ടാണ് മുന്നോട്ട് പോകേണ്ടിയിരുന്നത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ എല്ലാം തകര്‍ത്തു.

കൃഷിഭൂമിയില്‍ നിന്ന് ലഭിക്കുന്നതിന്റെ ഒരു പങ്ക് തന്റെ സഹോദരനും നല്‍കേണ്ടതുണ്ടായിരുന്നു. എന്നാല്‍ അതിന് സാധിക്കില്ല. കടുത്ത വിഷമം കൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നും നഷ്ടപരിഹാരമായി10,000 രൂപ അവര്‍ വാഗ്ദാനം ചെയ്തുവെന്നും ജഗദീഷ് പറഞ്ഞു.

കര്‍ഷകരുടെ ഏക വരുമാന മാര്‍ഗം തടഞ്ഞ് വയല്‍ നികത്തിയ ബിജെപിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍. മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്ന കാശിപ്പനവര്‍ വിജയനാന്ദാകട്ടെ അമിത് ഷായ്ക്ക് വേണ്ടി ബിജെപി വയല്‍ തകര്‍ത്തത് പ്രചാരണായുധമായി ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിയെടുത്ത് കര്‍ഷകോരോഷം ശമിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News