ഒഞ്ചിയം; കേരള ജനതയുടെ പോരാട്ടവീര്യത്തിന്‍റെ തിളയ്ക്കുന്ന ഏ‍ഴ് പതിറ്റാണ്ട്

നവലിബറല്‍ നയങ്ങളും ഹിന്ദുത്വ വര്‍ഗീയതയും ചേര്‍ന്ന് ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും നമ്മുടെ ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളെയും തകര്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 70‐ാം വാര്‍ഷികം ആചരിക്കുന്നത്. ബലാത്സംഗത്തെപ്പോലും ആയുധമാക്കി വര്‍ഗീയത വളര്‍ത്തുകയും ന്യൂനപക്ഷങ്ങളെയും ദളിതുകളെയും വേട്ടയാടുകയും ചെയ്യുന്ന ഭീതിജനകമായ സാഹചര്യമാണുള്ളത്. കയ്യൂര്‍, കരിവള്ളൂര്‍, മുനയന്‍കുന്ന്, കാവുമ്പായി, തില്ലങ്കേരി തുടങ്ങിയ കര്‍ഷക സമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും തുടര്‍ച്ചയിലാണ് ഒഞ്ചിയം വെടിവയ‌്പ‌് ഉണ്ടാകുന്നത്.

മലബാറില്‍ ശക്തിപ്പെട്ടുവന്ന കമ്യൂണിസ്റ്റ് കര്‍ഷക സമരങ്ങള്‍ക്കു നേരെ ഭീകരമായ മര്‍ദനമുറകളാണ് 1940കളില്‍ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റുകാരെ നേരിടാന്‍ മദിരാശി കോണ്‍ഗ്രസ് ഗവണ്‍മെന്റ‌് ‘ഡിസ്റ്റര്‍ബന്‍സ് പ്രിവന്‍ഷന്‍ സ്പെഷ്യല്‍ നിയമം’ വരെ ഉണ്ടാക്കി. കുറുമ്പ്രനാട്, കോട്ടയം, ചിറക്കല്‍ താലൂക്കുകള്‍ കമ്യൂണിസ്റ്റ് ലഹളബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചാണ് അടിച്ചമര്‍ത്തല്‍ നടത്തിയത്. ഈയൊരു ചരിത്ര പശ്ചാത്തലത്തിലാണ് ഒഞ്ചിയത്ത് ഭരണകൂടവേട്ടയും കമ്യൂണിസ്റ്റുകാരുടെ ചെറുത്തുനില്‍പ്പും നടക്കുന്നത്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതിഹാസോജ്വലമായ ചെറുത്തുനില്‍പ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും പ്രതീകമാണ് ഒഞ്ചിയം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവകാലം മുതല്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പ്രദേശമാണ് ഒഞ്ചിയം. 1939ല്‍ തന്നെ സ. മണ്ടോടി കണ്ണന്റെ നേതൃത്വത്തില്‍ ഇവിടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസെല്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ വേട്ടയാടിയിരുന്ന 1940കളില്‍ പൂഴ്ത്തിവയ‌്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും അവരുടെ സംരക്ഷകരായ ഭരണവര്‍ഗരാഷ്ട്രീയക്കാര്‍ക്കുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ജനങ്ങളെ സമരസജ്ജരാക്കി. പൂഴ്ത്തിവച്ച ധാന്യങ്ങള്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് പട്ടിണിപ്പാവങ്ങള്‍ക്ക് വിതരണം ചെയ്തു.

വസൂരിയും കോളറയും പോലുള്ള മഹാവ്യാധികള്‍ ബാധിച്ചു കഴിയുന്നവരെ ശുശ്രൂഷിച്ചും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടിയും കമ്യൂണിസ്റ്റുകാര്‍ ജനങ്ങളുടെ പ്രിയപ്പെട്ടവരായി മാറി. കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യതയില്‍ വിളറിപൂണ്ട കോണ്‍ഗ്രസ് ഭരണാധികാരികള്‍ എംഎസ‌്പിക്കാരെ കയറൂരിവിട്ടും ദേശരക്ഷാസേനയെന്ന ഗുണ്ടാപ്പടയെ ഉപയോഗിച്ചും കമ്യൂണിസ്റ്റുകാരെ നാടെങ്ങും വേട്ടയാടി.

ഈയൊരു സാഹചര്യത്തിലാണ് 1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാനായി പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞാണ് എംഎസ‌്പി സംഘം യോഗത്തിനെത്തുന്ന നേതാക്കളെ പിടികൂടാനായി മുക്കാളിയിലെത്തുന്നത്. കോണ്‍ഗ്രസിന്റെ ദേശരക്ഷാസേനയെന്ന ചെറുപയര്‍പട്ടാളവും എംഎസ‌്പിക്കൊപ്പം കമ്യൂണിസ്റ്റ് വേട്ടയെ സഹായിക്കാനുണ്ടായിരുന്നു. പുലര്‍ച്ചെ നാലിനു തന്നെ അവര്‍ മണ്ടോടി കണ്ണന്റെ വീട്ടില്‍ പാഞ്ഞുകയറി ഭീകരത സൃഷ്ടിച്ചു. കര്‍ഷക കാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടികൂടി കയ്യാമംവച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് ഒഞ്ചിയത്തിന്റെ പുലര്‍കാല നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ മെഗാഫോണ്‍ വിളി ഉയര്‍ന്നത്. പ്രിയമുള്ളവരെ ഒഞ്ചിയത്ത് പട്ടാളം വന്നിരിക്കുന്നു. നമ്മുടെ സഖാക്കളെ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരിന്‍. വിളികേട്ട് ചെറ്റക്കുടിലുകളില്‍ ഓലച്ചൂട്ടുകള്‍ മിന്നി.

നാട്ടുകാര്‍ കൂട്ടംകൂട്ടമായി എത്തി ഒന്നിച്ചുകൂടി. കോണ്‍ഗ്രസ് ഭരണത്തിന്റെ വേട്ടപ്പട്ടികള്‍ക്കു നേരെ വിരല്‍ചൂണ്ടി ജനങ്ങളൊന്നിച്ച് ചോദിച്ചു﹣ ഇവരെ നിങ്ങളെന്തിനാണ് അറസ്റ്റ‌്ചെയ്തത്. നിരപരാധികളായ ഇവരെ വിട്ടുതരണം. ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യര്‍ഥന കേള്‍ക്കാന്‍ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടു നീങ്ങി. പിന്നാലെ അറസ്റ്റ‌്ചെയ്തവരെ വിട്ടുതരണമെന്ന അഭ്യര്‍ഥനയുമായി ഗ്രാമീണരും.

ചെന്നാട്ടുതാഴെ വയലിനടുത്ത‌് എത്തുമ്പോഴേക്കും പൊലീസിന് മുന്നോട്ടു പോകാനാകാത്തവിധം ഒരു ഗ്രാമമാകെ അവിടെ ഒന്നിച്ചുകൂടിയിരുന്നു. ഇതോടെ എംഎസ‌്പിക്കാര്‍ അസ്വസ്ഥരായി. ജനങ്ങള്‍ പിരിഞ്ഞുപോകണമെന്ന് ഇന്‍സ്പെക്ടര്‍ തലൈമ ആക്രോശിച്ചുകൊണ്ടിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ജനങ്ങളും. ജനക്കൂട്ടത്തിനു നേരെ 303 റൈഫിളില്‍നിന്ന‌് 17 ചുറ്റ് വെടിയുയര്‍ന്നു. ചെന്നാട്ടുതാഴെ വയലില്‍ ചോരയൊഴുകി. എട്ട് കമ്യൂണിസ്റ്റ് പോരാളികള്‍ പിടഞ്ഞുവീണു. അളവക്കല്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വി പി ഗോപാലന്‍, സി കെ രാഘൂട്ടി.

ഈ രണധീരരുടെ മൃതദേഹങ്ങള്‍ പിസിസിയുടെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി. വൈകിട്ട‌് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ടു മൂടി. പിന്നീട് നടന്ന നരനായാട്ട് ഒഞ്ചിയം ഗ്രാമത്തെ പിച്ചിച്ചീന്തി. സ. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മര്‍ദനത്തെതുടര്‍ന്ന് രക്തസാക്ഷികളായി. വിപ്ലവസമരപാതയിലെ സൂര്യതേജസ്സായി എന്നും ഒഞ്ചിയം രക്തസാക്ഷികള്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ഭരണകൂട ഭീകരതയ‌്ക്കുമെതിരായി മലബാറിന്റെ മണ്ണില്‍ നടന്ന ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും വീരസ്മരണകൾ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. 1948 ഏപ്രില്‍ 30 ഒഞ്ചിയം ഗ്രാമമാകെ പാര്‍ടിയെയും അതിന്റെ നേതാക്കളെയും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ചോരചിന്തിയത‌് കോഴിക്കോടിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം സൃഷ്ടിച്ചു. 1949 മാര്‍ച്ച് നാലിനാണ് കോഴിക്കോടിന്റെ ബോള്‍ഷെവിക‌് ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന മണ്ടോടി കണ്ണന്‍ രക്തസാക്ഷിയാകുന്നത്. ലോക്കപ്പ് മുറിയില്‍ പൈശാചികമായ മര്‍ദനത്തെ തുടര്‍ന്ന് സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ച വിപ്ലവധീരതയുടെ പര്യായപദമാണ് മണ്ടോടി കണ്ണന്‍. 1948ലെ ഭരണകൂട ഭീകരതയുടെയും ബൂര്‍ഷ്വാ പ്രചാരണങ്ങളുടെയും പുകപടലം നിറഞ്ഞ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരണകൂടം നടത്തിയ ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയെ പ്രതിരോധിച്ച മലബാറിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ചോരവീണ ചുവന്ന മണ്ണാണ് ഒഞ്ചിയത്തിന്റേത്. വെടിയുണ്ടകളെ തൃണവല്‍ഗണിച്ച് പ്രസ്ഥാനത്തെയും നേതാക്കളെയും സംരക്ഷിക്കാന്‍ പൊരുതിവീണവരുടെ മരണത്തെ തോല്‍പ്പിച്ച ആത്മബോധത്തിന്റെ പ്രതീകമാണ് ഒഞ്ചിയത്തിന്റെ ചരിത്രം.

ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് വേട്ടയുടെയും കൂട്ടക്കൊലയുടെയും ഉത്തരവാദികളായ കോണ്‍ഗ്രസും വലതുപക്ഷ രാഷ്ട്രീയ സംഘങ്ങളുമായി ചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ സര്‍വ പിന്തിരിപ്പന്മാരുടെയും പിന്തുണയോടെ നടത്തുന്ന സന്ദര്‍ഭത്തിലാണ് ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 70‐ാം വാര്‍ഷികം കടന്നുവരുന്നത്. ഒഞ്ചിയം മണ്ണില്‍ കോണ്‍ഗ്രസ്, ബിജെപി വലതുപക്ഷക്കാര്‍ക്ക് വേരുറപ്പിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന ആര്‍എംപിയുടെ വഞ്ചനാപരമായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് അവരുടെ സ്വാധീനത്തില്‍പ്പെട്ടുപോയ നൂറുകണക്കിനു പേര്‍ സിപിഐ എമ്മിലേക്ക‌് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. നുണപ്രചാരണങ്ങളും ഇല്ലാത്ത അക്രമകഥകളും പ്രചരിപ്പിച്ച് വന്‍കിട മാധ്യമ സഹായത്തോടെ സ്വന്തം അണികള്‍ ചോര്‍ന്നുപോകുന്നത് മറച്ചുപിടിക്കാനുള്ള ദയനീയ ശ്രമത്തിലാണ് ആര്‍എംപിയും യുഡിഎഫ് നേതാക്കളും.

ദേശീയതലത്തിലും സംസ്ഥാനത്തും എല്ലാ നിറത്തിലും രൂപത്തിലും പെട്ട കമ്യൂണിസ്റ്റ‌് വിരുദ്ധശക്തികള്‍ ഇടതുപക്ഷ സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ കടന്നാക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ബദല്‍ വികസന നയങ്ങളിലൂടെ പുതിയ കേരളം സൃഷ്ടിക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത പൂണ്ട ബിജെപിയും മറ്റിതര വലതുപക്ഷ ശക്തികളും നടത്തുന്ന പ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും പ്രതിരോധിച്ചു കൊണ്ട് ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ മഹനീയ പാരമ്പര്യം നമുക്ക് ഉയര്‍ത്തിപ്പിടിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News