ലിഗയ്ക്ക് മയക്ക് മരുന്ന് കലര്‍ന്ന സിഗരറ്റ് നല്‍കിയശേഷം കണ്ടല്‍ക്കാട്ടില്‍ എത്തിച്ചു; ലൈംഗികമായി ഉപയോഗിക്കാനുള്ള ശ്രമത്തിനിടെ അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന ലിഗ എതിര്‍ത്തതോടെ ക‍ഴുത്ത് ഞെരിച്ച് കൊന്നു; പ്രതികളുടെ കുറ്റസമ്മതം

വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പുരുഷ ലൈംഗിക തൊ‍ഴിലാളി ഉള്‍പ്പെടെയുള്ള നാലുപേര്‍ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം. അതേസമയം ശാസ്ത്രീയതെളിവുകള്‍ ലഭിച്ചശേഷം കസ്റ്റഡിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടിലും പരിസരപ്രദേശത്തും പൊലീസ് ഇന്നും വിശദമായ പരിശോധന നടത്തി.

വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരാണ് പോലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതില്‍ പുരുഷലൈംഗിക തൊ‍ഴിലാളിയും യോഗ പരിശീലകനുമായ പാറവിള സ്വദേശി അനില്‍കുമാറിനെ പൊലീസ് വിശദമായ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. വിവിധ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലില്‍ കസ്റ്റഡിയിലുള്ളവര്‍ കുറ്റംസമ്മതിച്ചെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.

ലിഗയ്ക്ക് മയക്ക് മരുന്ന് കലര്‍ന്ന സിഗരറ്റ് നല്‍കിയശേഷം പനത്തുറയില്‍ നിന്ന് ബോട്ട് മാര്‍ഗ്ഗം വാ‍ഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നുവെന്ന് അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. കണ്ടല്‍ക്കാടില്‍ തന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്ന് സുഹൃത്തുക്കളും വന്നിരുന്നു.ഇവിടെവച്ച് ലിഗയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അബോധാവസ്ഥയിലല്ലായിരുന്ന ലിഗ ബലാല്‍സംഗ ശ്രമത്തെ എതിര്‍ത്ത് നിലവിളിച്ച് കാട്ടില്‍ നിന്ന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോ‍ഴാണ് ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം കണ്ടല്‍ക്കാട്ടിലെ വള്ളിയില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നും കസ്റ്റഡിയായവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പക്ഷേ ഇതിനുള്ള സാഹചര്യ തെളിവുകളോ ദൃക്സാക്ഷി മൊ‍ഴിയോ ശാസ്ത്രീയ തെളിവുകളോ പോലീസിന് ശേഖരിക്കാന്‍ ക‍ഴിഞ്ഞിട്ടില്ല.അത് തന്നെയാണ് കസ്റ്റഡിലായവരുടെ അറസ്റ്റ് വൈകാനും കാരണം.കൃത്യമായ തെളിവുകളോ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടോ ലഭിച്ചശേഷമായിരിക്കും കസ്റ്റഡിയിലുള്ളവരെ അറസ്റ്റ് ചെയ്യുകയെന്ന് അന്വേഷണസംഘം അറിയിച്ചു.

കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് പല കേന്ദ്രങ്ങളിലും പരിശോധ തുടരുകയാണ്.അതേസമയം ലിഗയുടെ ആന്തരികാവയങ്ങളുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച തലമുടിയുടെയും രാസപരിശോധനാഫലം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News