‘കത്വ സംഭവം ചെറിയകാര്യം മാത്രം; ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും’; കത്വയെ നിസാരവത്ക്കരിച്ച് കശ്മീര്‍ ബിജെപി മന്ത്രി

കത്വയില്‍ എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചെറിയ കാര്യം മാത്രമാണെന്ന് ബിജെപി മന്ത്രി കവിന്ദര്‍ ഗുപ്ത.

മന്ത്രി സഭാ പുനസംഘടനയില്‍ കഴിഞ്ഞ ദിവസമാണ് കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മനസാക്ഷിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് കത്വാ സംഭവത്തില്‍ ബിജെപി നേതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടും നിസ്സാരവത്ക്കരിച്ചുള്ള പ്രതികരണമാണ് ബിജെപി അംഗമായ മന്ത്രി നടത്തിയിരിക്കുന്നത്. അതൊരു ചെറിയ കാര്യം മാത്രമാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് നടക്കുന്നത്.

ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. ഈ വിഷയത്തെ മനപൂര്‍വം കുത്തിപ്പൊക്കേണ്ട കാര്യമില്ലെന്നും നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. കാശ്മീര്‍ സ്പീക്കറായിരുന്ന കവിന്ദര്‍ ഉള്‍പ്പെടെ എട്ടു മന്ത്രിമാരാണ് പുനസംഘടനയില്‍ മന്ത്രിമാരായത്.

കത്വാ സംഭവത്തില്‍ പ്രതികളെ പിന്തുണച്ചുള്ള റാലിയില്‍ പങ്കെടുത്ത എംഎല്‍എയും പുതിയ മന്ത്രിസഭയില്‍ ഇടംനേടിയിട്ടുണ്ട്. ഹിന്ദു ഏകതാ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്ത രണ്ടു മന്ത്രിമാരായ ലാല്‍ സിംഗും, ചന്ദര്‍ പ്രകാശ് ഗംഗയും രാജിവച്ചതിനു പിന്നാലൊണ് ബിജെപി മന്ത്രിസഭാ പുനസംഘടന നടത്തിയത്.

കവിന്ദര്‍ ഗുപ്തയുടെ ഈ മനസാക്ഷിയ്ക്ക് നിരക്കാത്ത പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കത്വാ സംഭവത്തില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ വേണ്ടിയാണ് ജമ്മു കാശ്മീര്‍ മന്ത്രിസഭ അഴിച്ച് പണിതിരിക്കുന്നത്. എന്നാല്‍ ഈ പ്രസ്താവനയിലൂടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here