സൂക്ഷിക്കുക, കളളനോട്ടുകൾ പെരുകുന്നു; നൂറിന്‍റെ നോട്ടുകളില്‍ വ്യാജന്‍ സുലഭം; ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പ്രവഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ രാജ്യത്താകെ കണ്ടെത്തിയത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകളെന്ന് ദേശീയ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2018 ജനുവരി മുതൽ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത് ഉത്തര്‍പ്രദേശിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു

11 കോടിയോളം രൂപ മൂല്യം വരുന്ന 1,07,480 വ്യാജ നോട്ടുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പിടിച്ചെടുത്തത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്നും ഒരു കോടി 13 ലക്ഷം രൂപ മൂല്യമുള്ള 19,768 നോട്ടുകളാണ് കണ്ടെത്തിയത്.ഡല്‍ഹിക്ക് പിന്നാലെ ഗുജറാത്ത്, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും കളളനോട്ട് വിതരണത്തിൽ മുൻ നിരയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മൂന്നു മാസത്തെ കള്ളനോട്ട് പട്ടികയിൽ കേരളം ആറാം സ്ഥാനത്താണ്. മാർച്ച് 31 വരെ സംസ്ഥാനത്ത് 16 ലക്ഷത്തോളം രൂപ മൂല്യം വരുന്ന 1454 കള്ളനോട്ടുകളാണു പിടിച്ചെടുത്തത്. 2000 രൂപയുടെ 694 നോട്ടുകളും പുതിയ 500 രൂപ നോട്ടുകളുടെ 276 വ്യാജനും 200, 100 രൂപകളുടെ 200 വീതം കളളനോട്ടുകളും കേരള‍ത്തിൽ നിന്ന് പിടികൂടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്യത്ത് ആകമാനം കണ്ടത്തിയവയിൽ 100 രൂപയുടെ വ്യാജനോട്ടുകളാണ് ഏറ്റവും കൂടുതൽ. നൂറ് രൂപയുടെ 13,659 വ്യാജനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ഞൂറു രൂപയുടെ 3,822 വ്യാജനോട്ടുകളും പിടിച്ചെടുത്തു. രണ്ടായിരത്തിന്റെ 5,983 എണ്ണവും ഇരുന്നൂറ് രൂപയുടെ 533 വ്യാജ നോട്ടുകളും മൂന്ന് മാസത്തിനുള്ളില്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വലിയ നോട്ടുകൾക്ക് പുറമെ 10, 20 രൂപകളുടെ വ്യാജനും രംഗത്തുണ്ട്.

വ്യാജ നോട്ടുവിതരണവുമായി ബന്ധപ്പെട്ട് 11 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുന്നുമാസത്തിനുളളിൽ 20 പേർ കേരളപോലീസിന്‍റെ പിടിയിലായി. രാജ്യത്താകെ 119 കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും110 പേരെ അറസ്റ്റും ചെയ്തെന്നും ദേശീയ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here