മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ; സോഷ്യലിസം പുലരട്ടെ; സർവരാജ്യ തൊഴിലാളികളേ സംഘടിക്കുക – മെയ് ദിന മാനിഫെസ്റ്റോയിൽ സിഐടിയു

ലോകത്തെ എല്ലാ തൊഴിലാളികളെയും മെയ് ദിനത്തിൽ സിഐടിയു അഭിവാദ്യം ചെയ്യുന്നു. ചൂഷണത്തിൽനിന്ന‌് രക്ഷനേടാൻ കഠിനാധ്വാനംചെയ്ത് അവർ നേടിയെടുത്ത അവകാശങ്ങളെ സംരക്ഷിക്കാനും സാമ്രാജ്യത്വത്താലും നവ ഉദാരവൽക്കരണത്താലും അവരുടെ ജീവിതത്തിൽ കടന്നുകയറുന്ന മുതലാളിത്തത്തെ ചെറുത്തുതോൽപ്പിക്കാനുമുള്ള പോരാട്ടങ്ങളിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സോഷ്യലിസത്തെ സംരക്ഷിക്കാനും ചൂഷണത്തെ തടയാനും ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നു.

അഫ്ഗാനിസ്ഥാൻ, സിറിയ, യമൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന ഇടപെടലുകളെയും യുദ്ധത്തെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെയും അപലപിക്കുന്നു. സാമ്രാജ്യത്വത്തെ ചെറുക്കും. സാമ്രാജ്യത്വം ഇല്ലാതാക്കുക എന്നത് ചൂഷണത്തിനെതിരായുള്ള പോരാട്ടത്തിൽ സുപ്രധാനമാണ്. സ്വന്തം രാജ്യത്തിനുവേണ്ടിയുള്ള പലസ്തീനികളുടെ പോരാട്ടത്തിന് ഐക്യദാർഢ്യം. 1967ലെ അതിർത്തികളോടുകൂടി കിഴക്കൻ ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാജ്യം ഉണ്ടാകണെമന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. നവലിബറലിസത്തിൻകീഴിൽ ലോകത്ത് അസമത്വം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നു.

അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിയർപ്പും രക്തവുംകൊണ്ട് നിർമിച്ച ആഗോള സമ്പത്ത് ഒരു ശതമാനം സമ്പന്ന വിഭാഗം കൈക്കലാക്കുകയാണ്. തൊഴിലാളിവർഗത്തെ ചൂഷണം ചെയ്ത്, സ്വജനപക്ഷപാതം നടപ്പാക്കി, നികുതി വെട്ടിച്ച്, ജലം, ഖനികൾ, വനം, ഭൂമി തുടങ്ങിയ പ്രകൃതിവിഭവങ്ങളെയും പൊതുമുതലിനെയും കൊള്ളയടിച്ച് ആദിവാസികളെയും കൃഷിക്കാരെയും ദ്രോഹിച്ചാണ് ഈ സമ്പത്ത് നേടിയെടുക്കുന്നത്. നവലിബറലിസത്തിന് പകരംവയ‌്ക്കാൻ ഒന്നും നൽകാനാകാത്ത വലതുപക്ഷ ശക്തികളുടെ വളർച്ചയിൽ സിഐടിയു വ്യാകുലപ്പെടുന്നു. രാജ്യം, മതം, ലിംഗഭേദം, ജാതി, പ്രദേശം, വംശം തുടങ്ങിയവയിലൂടെ തൊഴിലാളിവർഗത്തെ വേർതിരിക്കാൻ മാത്രമേ ഇവയ‌്ക്കാകൂ.

കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ ഐക്യം തകർത്ത് അവരുടെ പോരാട്ടങ്ങളുടെ ശക്തി കുറയ‌്ക്കാൻ ഇവർ ശ്രമിക്കുന്നു. ഇവരെ അധ്വാനിക്കുന്ന തൊഴിലാളി വിഭാഗത്തിന്റെ ശത്രുക്കളായി കാണണം. നിലവിലെ സാഹചര്യത്തിൽ ഒരു ശക്തമായ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ അഭാവമാണ് മുതലാളിത്തം നടപ്പാക്കുന്നതിൽ വലതുപക്ഷശക്തികൾക്ക് ധൈര്യം നൽകുന്നത്. മുതലാളിത്തവ്യവസ്ഥയിൽ, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അടക്കം ജനങ്ങളുടെ അധ്വാനംകൊണ്ട് ഉണ്ടാക്കിയ മുന്നേറ്റങ്ങളെ അവരുടെ നന്മയ‌്ക്ക് ഉപയോഗിക്കുന്നതിനുപകരം കോർപറേറ്റുകൾക്ക് ലാഭം കൊയ്യാൻ ഉപയോഗിക്കുന്നത് തികഞ്ഞ അന്യായമാണ്. പ്രതിസന്ധി വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുതലാളിത്തവ്യവസ്ഥയിലെ അന്തർലീനമായ ചൂഷണസ്വഭാവത്തെക്കുറിച്ച് തൊഴിലാളിവർഗത്തിനിടയിൽ അവബോധം വളർത്തിയെടുക്കുമെന്ന് സിഐടിയു പ്രതിജ്ഞചെയ്യുന്നു. മുതലാളിത്തത്തെ പിഴുതെറിഞ്ഞ‌് എല്ലാവിധ ചൂഷണത്തെയും ഇല്ലാതാക്കാൻ തൊഴിലാളിവർഗം ഒന്നിക്കേണ്ടതിന്റെ ആവശ്യകത തൊഴിലാളികൾക്ക് മനസ്സിലാക്കിക്കൊടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഇതിനായി ലോകത്തുള്ള എല്ലാ തൊഴിലാളികളെയും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിനു കീഴിൽ ഒന്നിപ്പിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുന്നു. ബിജെപി സർക്കാരിനു കീഴിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കുമേലുള്ള നവലിബറൽശക്തികളുടെ കടന്നുകയറ്റമാണ്. മറ്റൊന്ന‌് ആർഎസ്എസ് നേതൃത്വത്തിൽ ഉണ്ടാകുന്ന വർഗീയചേരിതിരിവും അസഹിഷ്ണുതയും. ശാസ്ത്രീയവും പുരോഗമനപരവുമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ കൊന്നൊടുക്കുന്നു. ബിജെപിയുടെ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ആക്രമിക്കുന്നു. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വ്യവസായമേഖലയിലെ മാന്ദ്യം, ദാരിദ്ര്യം, കാർഷികമേഖലയിലെ പ്രതിസന്ധികൾ, തുടർച്ചയായ കർഷക ആത്മഹത്യകൾ തുടങ്ങി നവലിബറൽ നയങ്ങൾക്കു കീഴിൽ വർധിച്ചുവരുന്ന അസമത്വങ്ങളിന്മേൽ സിഐടിയു ആശങ്ക രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ സമ്പത്തുമുഴുവൻ വനങ്ങൾ, ഭൂമി, ജലാശയങ്ങൾ, ഖനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം 100 ശതമാനം വിദേശനിക്ഷേപത്തിലൂടെ വിദേശ കോർപറേറ്റുകളുടെ കൈകളിൽ എത്തിക്കുന്നു. ദേശീയതയെപ്പറ്റി വാതോരാതെ പ്രസംഗിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. രാജ്യതാൽപ്പര്യങ്ങളെ ബലികൊടുത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് കൂട്ടുനിന്ന്് ദേശീയതയെപ്പറ്റി പ്രസംഗിച്ച് കേന്ദ്രസർക്കാർ കപടത വെളിവാക്കി. തൊഴിൽ അവകാശങ്ങൾക്കുമേൽ നടക്കുന്ന ആക്രമണങ്ങളെ സിഐടിയു പൂർണമായും തള്ളിപ്പറയുന്നു.

ജോലി ആയാസരഹിതമാക്കുന്നതിനു പകരം ജനങ്ങളെ കൊള്ളയടിക്കുന്നത് എളുപ്പമാക്കാൻവേണ്ടി ട്രേഡ് യൂണിയനുകളെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമം നടത്തുന്നു. എന്നാൽ, തൊഴിലാളികൾക്കുമേൽ അടിമത്തം അടിച്ചേൽപ്പിക്കാനുള്ള ഏത് ശ്രമത്തെയും സിഐടിയു പ്രതിരോധിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും.

ത്രിപുരയിൽ അധികാരത്തിലെത്തിയ ഉടൻ ബിജെപി ഗുണ്ടകൾ ഇടതുപാർടികളുടെയും സിഐടിയുവിന്റെയും ഓഫീസുകൾ തകർക്കുകയും ലെനിന്റെ പ്രതിമ നശിപ്പിക്കുകയും ചെയ്തു. ഈ നടപടിയെ സിഐടിയു ശക്തമായി അപലപിക്കുന്നു. ആക്രമണങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇവയെ ത്രിപുരയിലെ ജനം എത്രയുംവേഗം നേരിടുമെന്ന ആത്മവിശ്വാസമുണ്ട‌്. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇടതുമുന്നണി പ്രവർത്തകർക്കും സിഐടിയു പ്രവർത്തകർക്കും നേരെ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന ആക്രമണങ്ങളെയും മെയ് ദിനത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെയും അപലപിക്കുന്നു. മനുസ്മൃതി പിന്തുടരുന്ന ആർഎസ്എസ്, ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും അടിച്ചമർത്താനും ഇവരെ തെരഞ്ഞെടുപ്പിൽമാത്രം ഉപയോഗിക്കാൻ ഉള്ളവരായി കാണുകയും ചെയ്യുന്നു. തൊഴിലാളികൾ, കർഷകർ, ദളിതർ, വിദ്യാർഥികൾ എന്നിവർക്കിടയിൽ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുന്നു. ഈ മെയ് ദിനത്തിൽ തൊഴിലാളികൾക്കെതിരായ ആക്രമണങ്ങളെ നേരിടാൻ മൂന്നുതരത്തിൽ പോരാടേണ്ടിയിരിക്കുന്നു.

നവലിബറലിസത്തിനെതിരെയുള്ള പോരാട്ടം, വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടം, ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടം. ഈ വെല്ലുവിളികളെ നേരിടാൻ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കും. ജനവിരുദ്ധ നയങ്ങൾക്കെതിരെ എല്ലാ വിഭാഗം തൊഴിലാളികളെയും സംഘടിപ്പിച്ച് പോരാട്ടപാതയിലെത്തിക്കാൻ സിഐടിയു ബാധ്യസ്ഥമാണ്. വർഗീയതയും മതമൗലികവാദവും സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളാണ്. വർഗീയത ചൂഷകർക്കു സഹായകമാകുന്നതുമാത്രമാണ്.

ഇത്തരം ചൂഷണങ്ങൾക്കെതിരെ പോരാടി നവലിബറൽ, മുതലാളിത്തനയങ്ങളെ തോൽപ്പിക്കാൻ തൊഴിലാളികൾ ഒന്നിക്കണം. ഇതിനായി സിഐടിയു തുടർച്ചയായ പ്രചാരണ പരിപാടി സംഘടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയനെ ശക്തിപ്പെടുത്തും. 2018ലെ മെയ് ദിനത്തിൽ സിഐടിയു ഇന്ത്യയിലെ തൊഴിലാളിവർഗത്തോട് അപേക്ഷിക്കുന്നത് എന്തെന്നാൽ ശക്തിയായി ഒരുമിച്ച് നവലിബറൽനയങ്ങളെ തോൽപ്പിച്ച് തൊഴിലാളി അനുകൂല നിലപാടുകൾ നടപ്പാക്കുക, ഐക്യം തകർക്കാനുള്ള വർഗീയശക്തികളുടെ നീക്കത്തെ ചെറുക്കുക, കർഷകത്തൊഴിലാളികളടക്കം എല്ലാ വിഭാഗത്തെയും ഒന്നിപ്പിക്കാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുക, മുതലാളിത്തവും അതിനെ പിന്തുണയ‌്ക്കുന്ന നയങ്ങളുമാണ് യഥാർഥ ശത്രുക്കളെന്ന് തിരിച്ചറിയുക, ഈ ചൂഷണത്തെ ചെറുക്കാൻ പ്രക്ഷോഭത്തിനൊരുങ്ങുക. ഈ മെയ് ദിനത്തിൽ അന്താരാഷ്ട്ര തൊഴിലാളികൾക്ക് സിഐടിയു ഐക്യദാർഢ്യം നേരുന്നു. ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ ഒരുമിക്കേണ്ടതിന്റെ ആവശ്യവും ചൂണ്ടിക്കാട്ടുന്നു. മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ. സോഷ്യലിസം പുലരട്ടെ.സർവരാജ്യ തൊഴിലാളികളേ സംഘടിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here