മെയ് ദിനത്തില്‍ പുതിയ മുഖവുമായി ദേശാഭിമാനി പത്രം

പുതിയ കെട്ടിലും മട്ടിലുമാണ് ദേശാഭിമാനി പത്രം മെയ് ദിനത്തില്‍ പുറത്തിറങ്ങിയത്. വായന കൂടുതല്‍ അനായാസമാക്കാനും ഉള്ളടക്കം ആകര്‍ഷകമാക്കാനുമാണ് പത്രത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വരുത്തിയതെന്ന് ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദനും ജനറല്‍ മാനേജര്‍ കെ ജെ തോമസും അറിയിച്ചു. ഡിസൈന്‍ എന്ന സ്ഥാപനം ദേശാഭിമാനി ടീമിന്റെ സഹായത്തോടെ രൂപകല്‍പ്പന ചെയ്തതാണ് പുതിയ ലേ ഔട്ട്.

പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ മെയ് ദിനം തെരഞ്ഞെടുക്കുകയായിരുന്നു. കാലത്തിനു മുന്നേ കുതിക്കാനുള്ള മാറ്റമാണ് ഇതെന്ന് ദേശാഭിമാനി പത്രാധിപരും ജനറല്‍ മാനേജരും പത്രക്കുറിപ്പില്‍ വിശദീകരിച്ചു:

‘കാലത്തിന്റെ കുതിപ്പിനൊപ്പമാണ് ദേശാഭിമാനി എന്നും സഞ്ചരിച്ചത്. മലയാളിയുടെ സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മാധ്യമം എന്ന നിലയിലാണ് ഈ പത്രം അടയാളപ്പെടുന്നത്.

ഈ മെയ് ദിനത്തില്‍ ദേശാഭിമാനി മറ്റൊരു പടവുകൂടി കയറുകയാണ്. സൈനുല്‍ ആബിദിന്റെ നേതൃത്വത്തില്‍ ‘DZAIN’
എന്ന സ്ഥാപനം ദേശാഭിമാനി ടീമിന്റെ സഹായത്തോടെ രൂപകല്‍പ്പന ചെയ്തതാണ് പത്രത്തിന്റെ പുതിയ ലേ ഔട്ട്.

‘വായനക്കാരുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ വ്യത്യസ്ത വാര്‍ത്തകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയും സാമൂഹ്യമാധ്യമങ്ങളിലെ ചലനങ്ങളും വാര്‍ത്തയ്ക്കപ്പുറമുള്ള യാഥാര്‍ഥ്യങ്ങളും വരച്ചുകാട്ടിയും കാലത്തിനു മുന്നേ കുതിക്കാനുള്ളതാണ് ഈ ഉദ്യമം.

‘ഭരണവര്‍ഗത്തിന്റെ വേട്ടയാടലിനെയും രാഷ്ട്രീയശത്രുക്കളുടെ കടന്നാക്രമണങ്ങളെയും ദേശാഭിമാനി അതിജീവിച്ചത് വായനക്കാര്‍ നല്‍കിയ പരിധിയില്ലാത്ത പിന്തുണയിലൂടെയാണ്. പക്ഷം തുറന്നുപറഞ്ഞും വാര്‍ത്തയില്‍ വെള്ളം കലര്‍ത്താതെയും മുന്നേറി എന്നതാണ് ദേശാഭിമാനിയുടെ വലിയ സവിശേഷത.

മാധ്യമരംഗത്തെ നവീന സാങ്കേതികവിദ്യകള്‍ പലതും ആദ്യം പ്രയോഗിച്ച ചരിത്രവും ദേശാഭിമാനിക്ക് സ്വന്തമാണ്.

വളര്‍ച്ചയുടെയും നവീകരണത്തിന്റെയും ഈ മുഹൂര്‍ത്തത്തില്‍ കൂടുതല്‍ ശക്തമായ പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ് തങ്ങള്‍ പുതിയ രൂപത്തിലുള്ള പത്രം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നതെന്നും ദേശാഭിമാനിയുടെ നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News