ലക്ഷ്യം ട്രിപ്പിള്‍ ഫൈനലും കിരീടവും; രണ്ടാമങ്കത്തിന് റയല്‍ ഇന്നിറങ്ങുന്നു

ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന റയൽ മാഡ്രിഡ് ഇന്ന് ബയേൺ മ്യൂണിക്കുമായി രണ്ടാംപാദ സെമിക്ക്. ബയേണിന്‍റെ അലയന്‍സ് അരീനയില്‍ നടന്ന ആദ്യപാദത്തിൽ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് ജയിച്ച റയലിനാണ് ഇന്ന് മുന്‍തൂക്കം. സമനില നേടിയാല്‍ പോലും റയലിന് ഫൈനലിലേക്ക് യോഗ്യത നേടാം.

ക‍ഴിഞ്ഞവര്‍ഷം ക്വാര്‍ട്ടറില്‍ റയലിനെതിരെ തോറ്റ് പുറത്തായ ബയേണിന് ഇന്ന് റയലിന്‍റെ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോൾ പരുക്കാണ് പ്രധാന പ്രശ്നം. ആദ്യപാദത്തിനിടെ പരുക്കേറ്റ ആര്യൻ റോബെനും ജെറോം ബോട്ടെങ്ങും ഇന്ന് കളിക്കില്ല. അതേസമയം ഡേവിഡ് അലാബ തിരിച്ചെത്തുന്നത് ജര്‍മന്‍ ചാമ്പ്യന്‍ ടീമായ ബയേണിന് ആശ്വാസമാകും.

സ്പാനിഷ് ലീഗ് കിരീടം കൈവിട്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ കരുത്തരാണ് റയൽ. വമ്പൻമാരായ പിഎസ്ജി, യുവന്‍റസ് ടീമുകളെയാണ് നോക്കൗട്ടിൽ തകർത്തുവന്നത്.

ആദ്യപാദ സെമിയിൽ ഗോള്‍ നേടാനായില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോതന്നെയാണ് റയലിന്‍റെ കുന്തമുന. ചാമ്പ്യൻസ് ലീഗിൽ റയലിന്‍റെ അസാമാന്യ കുതിപ്പ് റെണാൾഡോയുടെ മികവിലായിരുന്നു.

11 കളിയിൽ 15 ഗോളുമായി ടോപ് സ്കോററാണ് ഈ ലോകതാരം. ഇസ്കോ, അസെൻസിയോ എന്നിവരും മിന്നുന്ന ഫോമിലാണ്.

ട്രിപ്പിള്‍ ഫൈനലിനും കിരീടത്തിനും തൊട്ടരുകിലാണ് സിനദന്‍ സിദാന്‍റെ റയല്‍. മൂന്നാം കിരീടം നേടാനായാൽ സിദാന് കാർലോ ആഞ്ചലോട്ടി, ബോബ് പെയ്സ്‌ലി എന്നീ ഇതിഹാസ പരിശീലകർക്ക് ഒപ്പമെത്താം.

രണ്ടാം സെമിയില്‍ നാളെ ലിവർപൂള്‍ റോമയെ നേരിടും. ആദ്യപാദത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ റോമെയ തകര്‍ത്തെങ്കിലും ലിവര്‍പൂളിനെ ഭയപ്പെടുത്തുന്നത് ആദ്യപാദ സെമിയുടെ അവസാനഘട്ടത്തിൽ വഴങ്ങിയ രണ്ടു ഗോളാണ്.

എവേ ഗോളിന്‍റെ ആനുകൂല്യമുള്ള റോമയ്ക്ക് രണ്ടാംപാദത്തിൽ എതിരില്ലാതെ മൂന്നു ഗോളിന് ജയിച്ചാൽ ഫൈനലിലേക്കു മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News