
ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന റയൽ മാഡ്രിഡ് ഇന്ന് ബയേൺ മ്യൂണിക്കുമായി രണ്ടാംപാദ സെമിക്ക്. ബയേൺ മൈതാനത്ത് നടന്ന ആദ്യപാദത്തിൽ റയൽ 2−1ന് ജയിച്ചു. നാളെ റോമയും ലിവർപൂളും രണ്ടാംപാദത്തിൽ ഏറ്റുമുട്ടും.
ആദ്യപാദത്തിൽ 5−2നായിരുന്നു ലിവർപൂളിന്റെ ജയം. റയലിനെതിരെ മാഡ്രിഡിൽ കളിക്കാനിറങ്ങുമ്പോൾ പരിക്കാണ് ബയേണിന്റെ പ്രധാന പ്രശ്നം. ആദ്യപാദത്തിൽ പരിക്കേറ്റ ആര്യൻ റോബെനും ജെറോം ബോട്ടെങ്ങും ടീമിൽ ഇല്ല. ഡേവിഡ് അലാബയുടെ തിരിച്ചുവരവാണ് ഇതിനിടയിൽ ആശ്വാസം.
സ്വന്തം തട്ടകത്തിൽ രണ്ടു ഗോൾ വഴങ്ങിയ ബയേണിന് ഒട്ടും എളുപ്പമാകില്ല മാഡ്രിഡിൽ. അലയൻസ് അരീനയിൽ ജയംകുറിച്ച റയൽ സാന്റിയാഗോ ബെർണബ്യൂവിലെത്തുമ്പോൾ ഇരട്ടിക്കരുത്തരാണ്. മറ്റ് കിരീടപ്രതീക്ഷകൾ അവസാനിച്ച റയലിന് ചാമ്പ്യൻസ് ലീഗിൽ മാത്രമാണ് ശ്രദ്ധ. ആദ്യപാദത്തിൽ ബയേൺ അവസരങ്ങൾ തുലച്ചത് റയലിന് ഗുണകരമായി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം മാഴ്സെലോയും മാർകോ അസെൻസിയോയും നേടിയ ഗോളിലാണ് റയൽ ജയംകുറിച്ചത്.
സ്പാനിഷ് ലീഗിൽ പതറിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ കരുത്തരാണ് റയൽ. വമ്പൻമാരായ പിഎസ്ജി, യുവന്റസ് ടീമുകളെയാണ് നോക്കൗട്ടിൽ തകർത്തുവന്നത്. ഫൈനലിലേക്കുള്ള വഴി എളുപ്പമാണ് നിലവിൽ റയലിന്. കോച്ച് സിനദിൻ സിദാനു കീഴിൽ ഹാട്രിക് കിരീടം ചൂടുമെന്ന പ്രതീക്ഷ സജീവമാണ്.
ആദ്യപാദ സെമിയിൽ തിളങ്ങിയില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോതന്നെയാണ് റയലിന്റെ കുന്തമുന. ചാമ്പ്യൻസ് ലീഗിൽ റയലിന്റെ അസാമാന്യ കുതിപ്പ് റെണാൾഡോയുടെ മികവിലായിരുന്നു. 11 കളിയിൽ 15 ഗോളുമായി ടോപ് സ്കോററാണ് ഇൗ പോർച്ചുഗീസുകാരൻ. ഇസ്കോ, അസെൻസിയോ എന്നിവരും മിന്നുന്ന ഫോമിലാണ്.
ബയേണിന്റെ വേഗമുള്ള കളി റയൽ പ്രതിരോധത്തിന് ആദ്യപാദത്തിൽ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. റോബർട്ട് ലെവൻഡോവ്സ്കി, ഫ്രാങ്ക് റിബേറി എന്നിവരാണ് റയലിന് വെല്ലുവിളി. റിബേറിയെ തടയാൻ ആദ്യനിമിഷങ്ങളിൽ ഡാനി കർവഹാൽ കഷ്ടപ്പെട്ടു. ആക്രമണത്തിന് മൂർച്ചയില്ലാത്തതാണ് ബയേൺ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയുന്നില്ല. റോബെന്റെ അഭാവം കനത്ത തിരിച്ചടിയാകും.
ലിവർപൂളിന് നാളെ റോമയുടെ തട്ടകത്തിലാണ് കളി. വമ്പൻ ജയം നേടിയെങ്കിലും റോമയെ ഭയക്കുന്നുണ്ട് ലിവർപൂൾ. ക്വാർട്ടറിൽ ബാഴ്സലോണയെ രണ്ടാംപാദത്തിൽ മൂന്നു ഗോളിന് തകർത്തായിരുന്നു റോമയുടെ മുന്നേറ്റം. ലിവർപൂളിനെ അസ്വസ്ഥപ്പെടുത്തുന്നത് ആദ്യപാദ സെമിയുടെ അവസാനഘട്ടത്തിൽ വഴങ്ങിയ രണ്ടു ഗോളാണ്. രണ്ടാംപാദത്തിൽ റോമയ്ക്ക് എതിരില്ലാതെ മൂന്നു ഗോളിന് ജയിച്ചാൽ ഫൈനലിലേക്കു മുന്നേറാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here