എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെടുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കള്‍. തൊടുപു‍ഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. സര്‍ക്കാരിന്‍റെ ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് അട്ടിമറിക്കാനുളള ശ്രമത്തിനെതിരെ പോരാടുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇതിനായി രക്ഷിതാക്കള്‍ പുതിയ സംഘടനയ്ക്കും രൂപം നല്‍കി.

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നിശ്ചയിച്ച 5.50 ലക്ഷം രൂപ ഫീസില്‍ നിന്നും 11 ലക്ഷം രൂപയാക്കണമെന്ന സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി. തൊടുപു‍ഴ അല്‍ അസ്ഹര്‍ കോളേജിലെ 2017 ബാച്ചിലെ 150ഓളം കുട്ടികളുടെ രക്ഷിതാക്കളാണ് കൊച്ചിയില്‍ യോഗം ചേര്‍ന്നത്. സ്വാശ്രയ മാനേജ്മെന്‍റിന്‍റെ നീക്കത്തിനെതിരേ ശക്തമായ നിയമപോരാട്ടം നടത്താനാണ് ഇവരുടെ തീരുമാനം.

സര്‍ക്കാരിന്‍റെ മെറിറ്റ് അടിസ്ഥാനത്തില്‍ പഠിക്കുന്ന കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ് സ്വാശ്രയ മാനേജ്മെന്‍റുകളെന്നും ഇവര്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ കുട്ടികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണുളളതെന്ന ആശങ്കയും ഇവര്‍ പങ്കുവെച്ചു.

അസ്പേരന്‍റ്സ് 2017 എന്ന സംഘടനയ്ക്കും ഇവര്‍ രൂപം നല്‍കി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുളള 123ഓ‍ളം പേരടങ്ങുന്ന സംഘടന ഫണ്ട് ശേഖരണം നടത്തി ഒറ്റക്കെട്ടായി നിയമപോരാട്ടം നടത്താനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here