ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; ഫേസ്ബുക്കില്‍ തരംഗമായി ജിഎന്‍പിസി ഗ്രൂപ്പ്; ഓഫറുകളുമായി ബാറുകളും ഹോട്ടലുകളും

സംസ്ഥാന ഖജനാവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമാണ് ബിവറേജസ് കോര്‍പ്പറേഷന്‍. മദ്യവില്‍പ്പനയില്‍ നിന്ന് കോടികളാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കുന്നത്. ലഹരി ബോധവത്കരണ പരിപാടികള്‍ സജീവമാണെങ്കിലും കേരളത്തില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുക തന്നെയാണ്.

മദ്യം പലര്‍ക്കും പലതാണ്. ചിലര്‍ക്ക് ദു:ഖം മറക്കാന്‍, ചിലര്‍ക്ക് സന്തോഷത്താല്‍ അര്‍മാദിക്കാന്‍, ചിലര്‍ക്ക് കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാന്‍.. പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടെന്ന് പറയുന്ന പോലെ കുടിക്കാനും കാരണങ്ങള്‍ നിരവധി.

മലയാളി മദ്യപാനികളുടെ കൂട്ടായ്മയാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ജിഎന്‍പിസി ഗ്രൂപ്പ്. ഉത്തരവാദത്തോടെയുളള മദ്യപാനം എന്നതാണ് മുദ്രാവാക്യം.

വെറും മദ്യപാന വിശേഷങ്ങള്‍ മാത്രമല്ല ഗ്രൂപ്പിലുളളത്. യാത്രാവിശേഷങ്ങളും ഭക്ഷണക്കൂട്ടും വിവിധ ഹോട്ടലുകളുടേയും കളളുഷാപ്പുകളുടേയും വിശേഷങ്ങളുമൊക്കെ ഗ്രൂപ്പില്‍ ചര്‍ച്ചാവിഷയങ്ങളായിരുന്നു.

2017 മെയ് 1ന് തുടങ്ങിയ ഗ്രൂപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം അംഗങ്ങളാണ് ഇപ്പോഴുളളത്.

തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ടിഎല്‍ അജിത്ത്കുമാറിന് തോന്നിയ ആശയമാണ് ഗ്രൂപ്പിന്റെ പിറവിക്ക് വഴിവെച്ചത്. നിഷ്‌കളങ്കമായി ഇടപെടാന്‍ കഴിയുന്നവരുടെ ഗ്രൂപ്പ് വേണം എന്ന ആശയത്തോടെയാണ് അജിത്ത് ഗ്രൂപ്പ് തുടങ്ങിയത്.

ഫേസ്ബുക്കിലെ ആയിരത്തി അഞ്ഞൂറോളം സുഹൃത്തുക്കളില്‍ സമാനമനസ്‌കരെ ചേര്‍ത്താണ് അജിത്ത് ഗ്രൂപ്പ് തുടങ്ങിയത്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും, ജിഎന്‍പിസി എന്ന് പേരുമിട്ടു.

സുഹൃത്തുക്കള്‍ ഗ്രൂപ്പ് ഏറ്റെടുത്തു. അവര്‍ പുതിയ അംഗങ്ങളെ ചേര്‍ത്തു. ഗ്രൂപ്പിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. കഴിഞ്ഞ മാസം അംഗങ്ങളുടെ എണ്ണം ഒരു ലക്ഷമായി. വാര്‍ഷികം ആഘോഷിക്കാനും തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ പ്രചാരണം നടന്നു.അഭൂതപൂര്‍വമായ പ്രതികരണമായിരുന്നു ഫേസ്ബുക്കില്‍ നിന്നുണ്ടായത്. ഒരാഴ്ച കൊണ്ട് ഒരു ലക്ഷം പേരാണ് ഗ്രൂപ്പില്‍ ചേര്‍ന്നത്. ആയിരക്കണക്കിന് പേരാണ് ഗ്രൂപ്പില്‍ ചേരാന്‍ കാത്തുനില്‍ക്കുന്നത്.

വിദ്വേഷമോ, വെറുപ്പോ, സംസ്‌കാര ശൂന്യമായ കമന്റുകളോ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പല്ല ഇതെന്ന് അഡ്മിന്‍ അജിത്ത് പറയുന്നു. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് അത് പങ്ക് വെയ്ക്കാനും സല്ലപിക്കാനും ഒരു പൊതുവേദി.

പരസ്പര ബഹുമാനത്തില്‍ ഊന്നിയാകണം ആശയവിനിമയം എന്ന് ഗ്രൂപ്പില്‍ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ കണ്ടെത്തി പുറത്താക്കും.

വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്‍പിസിയില്‍ അംഗങ്ങളാണ്. മദ്യപാനത്തിന്റെ നിമിഷങ്ങളാണ് കൂടുതലും പോസ്റ്റുകളില്‍.

കേരളത്തിലെ കളളുഷാപ്പിലെ വിശേഷങ്ങള്‍ മുതല്‍ അമേരിക്കയിലേയും യൂറോപ്പിലേയും വന്‍കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്‍ഫ് നാടുകളിലെ കുടുസു മുറികളിലെ ആഘോഷങ്ങളുമെല്ലാം ജിഎന്‍പിസിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നു.

കുടിക്കഥകള്‍ മാത്രമല്ല ജീവിതപ്രശ്‌നങ്ങള്‍ വരെ ഗ്രൂപ്പ് ചര്‍ച്ച ചെയ്യുന്നുണ്ട്.ജോലിയില്ലെന്ന് കാട്ടി പോസ്റ്റിട്ട അംഗത്തിന് ജോലിയും ഗ്രൂപ്പിലെ അംഗങ്ങള്‍ സംഘടിപ്പിച്ചു കൊടുത്തു.

കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാന്‍ തയ്യാറായി നില്‍പ്പാണ്. ഓഫറുകള്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

ഗ്രൂപ്പിന് ലോഗോ തയ്യാറാക്കാനുളള ശ്രമത്തിലാണ് ചില അംഗങ്ങള്‍. ചിലരാകട്ടെ ലോഗോ റെഡിയായാല്‍ ലോഗോ പതിച്ച ടീ ഷര്‍ട്ട് ഉണ്ടാക്കാനുളള തീരുമാനത്തിലാണ്.

വാഹനങ്ങളില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുമുണ്ട്.ഒരിക്കല്‍ ഒരംഗം ഗ്രൂപ്പില്‍ ഇങ്ങിനെയെഴുതി,” കുടിയ്ക്കാം, പക്ഷെ സ്വന്തം കുടുംബവും ജീവിതവും മറന്നാകരുത്. കൂട്ടുകാരോടൊപ്പം ആഘോഷിക്കാം, അത് വീട്ടിലുള്ളവരുടെ കണ്ണ് നനയിച്ചുകൊണ്ടാകരുത്. എല്ലാം ഒരു ശരിയായ അളവില്‍ പോയാല്‍ ജീവിതം ആഘോഷിക്കാം. DRINK RESPONSIBLY. ‘ഇത് തന്നെയാണ് തങ്ങളുടെ മന്ത്രമെന്ന് ജിഎന്‍പിസിക്കാര്‍ ഒരേ മനസോടെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here