നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി ഇല്‌സ മടങ്ങുന്നു; ആരോടും പരിഭവമോ ദേഷ്യമോ ഇല്ല; കേരളത്തെ ഇപ്പോഴും സ്‌നേഹിക്കുന്നു

ലാത്വീനക്കാരി ഇല്‌സ മടങ്ങാനൊരുങ്ങുകയാണ്.. നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി…

പ്രിയ സോദരി ലിഗയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ യാത്രാമൊഴിയേകി ഇല്‌സ മടങ്ങുമ്പോള്‍ അവര്‍ക്ക് ആരോടും പരിഭവമോ ദേഷ്യമോ ഇല്ല. ഇനി ലീഗയുടെ ഓര്‍മ്മകളുറങ്ങുന്ന ആ നാട്ടിലേക്ക്.

യാത്ര തിരിക്കുന്നതിനു മുമ്പ് ഇല്‍സയ്ക്ക് ഒരു ആഗ്രഹം. നടക്കുമോ എന്ന് ഉറപ്പില്ലെങ്കിലും അവള്‍ ആ ആഗ്രഹം തന്റെ കേരളത്തിലെ സുഹൃത്തുക്കളോടും ഫെയ്‌സ് ബുക്ക് കൂട്ടായ്മയോടും പങ്കുവയ്ക്കാനും മറന്നില്ല.

ലീഗയെ തേടിയുള്ള അവളുടെ യാത്രകളില്‍ താങ്ങായി തണലായി നിന്ന, ആശ്വാസമേകിയ, സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പിന്തുണ നല്‍കിയ എല്ലാവരോടും ഒന്ന് നന്ദി പറയണം. ആരോടും പരിഭവമില്ലെന്ന് പറയണം. കേരളത്തെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് പറയണം. ലീഗയെന്ന അവളുടെ സഹോദരി എന്തെന്ന് ഈ ലോകത്തോട് പറയണം.

അതിനായി ഒരു ചെറിയ ഈവന്റ് സംഘടിപ്പിക്കണം. സംഗീത സാന്ദ്രമായ ഒരു അന്തരീക്ഷത്തില്‍ മെഴുകുതിരി വെളിച്ചത്തില്‍, അവള്‍ക്കു താങ്ങായി നിന്നവര്‍ക്കൊപ്പം ലീഗയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ അല്‍പ്പ സമയം.

അവളുടെ ഓര്‍മ്മ എന്നെന്നും നിലനില്‍ക്കാനായി ഒരു മരത്തെ നടണം.. അതു മാത്രമാണ് ഇല്‍സ ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ ചിലവും ഇല്‍സ തന്നെ വഹിച്ചുകൊള്ളാമെന്നും പറഞ്ഞു.

ഇതില്‍ പങ്കാളികളാന്‍ സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അങ്ങനെ കൊടിയുടെ നിറം നോക്കാതെ എല്ലാപേരെയും ഇല്‍സ ക്ഷണിക്കുകയാണ്. ഞായറാഴ്ച തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബുധനാഴ്ച ലിഗയുടെ മൃതദേഹം ഏറ്റുവാങ്ങി തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കണം. പിന്നെ ലിഗയുടെ ചിതാഭസ്മം ഏറ്റുവാങ്ങി അവളുടെ നാട്ടിലേക്ക് കൊണ്ടുപോകണം.

അവളെ കാത്തിരിക്കുന്നവര്‍ക്കായി….അവസാനം ഒരു നോക്കുകാണാന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍….

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചിട്ടും അതെല്ലാം മറക്കാന്‍, പൊറുക്കാന്‍ തയ്യാറായ ഇല്‍സയ്ക്ക് ഉചിതമായ ഒരു യാത്രയയപ്പ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News