ബിഡിജെഎസിന്റെ നിസഹകരണം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടുമെന്ന് കോടിയേരി; ബിഡിജെഎസിന് താല്‍പര്യമുണ്ടെങ്കില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാം; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പ്

തിരുവനന്തപുരം: ആര്‍എസ്എസ് ഒഴികെ ആരുടെയും വോട്ട് വേണ്ട എന്ന നിലപാട് എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചെങ്ങന്നൂരില്‍ ബിഡിജെഎസുകാര്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാം. കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്കോ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്കോ എല്‍ഡിഎഫിന് വോട്ടുചെയ്യാം.

എസ്എന്‍ഡിപി, എന്‍എസ്എസ്, കെപിഎംഎസ്, തുടങ്ങിയ സമുദായ സംഘടനകളോടെല്ലാം സൗഹാര്‍ദ്ദപരമായ ബന്ധമാണ് സിപിഐഎമ്മിന് ഉള്ളത്. എന്നാല്‍ സാമുദായികാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ടികളോട് ഈ സമീപനമല്ല.

ഇപ്പോഴത്തെ ബിഡിജെഎസുമായും മുന്‍പ് സമാനമായ രീതിയില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള എസ്ആര്‍പി, എന്‍ഡിപി എന്നീ പാര്‍ടികളോടും സിപിഐഎമ്മിന് ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു.

ബിഡിജെഎസിന്റെ നിസഹകരണം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയെ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സിപിഐഎം ബ്രാഞ്ച് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളുടെ പ്രതികരണം ആരായുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുമെത്തി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. അവര്‍ക്കുള്ള വിമര്‍ശനങ്ങള്‍ കേട്ട ശേഷം, വ്യക്തത വരുത്താനുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തും കോടിയേരി പറഞ്ഞു.

സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായ കെ രാധാകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയിലേക്കും എറണാകുളം, കൊല്ലം ജില്ലാ സെക്രട്ടറിമാരായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തെരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഈ ജില്ലകളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരെ തെരെഞ്ഞെടുക്കുന്ന കാര്യം ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും കോടിയേരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News