അപമര്യാദ കാട്ടിയ പോലീസുകാരനെ തല്ലി; ആ ധീരതയുടെ വിലയായി ജയിലിൽക്ക‍ഴിഞ്ഞു; അതിന്റെ പേരിൽ ഭർത്താവിനെ പിരിയേണ്ടി വന്നു; എന്നിട്ടും തലകുനിക്കാതെ ജീവിച്ചു – സുഭദ്രാമ്മ തങ്കച്ചിയുടെ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു ധീരാധ്യായം

സുഭദ്രാമ്മ തങ്കച്ചി കൊട്ടാരത്തിൽ ജനിച്ചു. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ രാമവര്‍മ രാജ വലിയ തമ്പുരാന്റെ മകളായി. എന്നിട്ടും കമ്യൂണിസ്റ്റുകാരിയായി. അതും കമ്യൂണിസ്റ്റായാൽ തല പോകുന്ന കാലത്ത്.

സുഭദ്രാമ്മയെ സ്വാധീനിച്ച ആദ്യ മാതൃക അച്ഛന്‍ തന്നെയായിരുന്നു. ഹരിജനങ്ങള്‍ക്ക് സ്വന്തം കൊട്ടാരത്തില്‍ ഇടം നല്‍കിയ രാജകുടുംബാംഗം. പന്തിഭോജനം നടത്തിയ പുരോഗമനേച്ഛു.

തികഞ്ഞ ഗാന്ധിയനും പുരോഗമന വാദിയുമായിരുന്ന തമ്പുരാന്‍ ഹരിജനങ്ങളുടെ മക്കള്‍ക്കായി സ്‌കൂളുകള്‍ പണിതു. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ യഥാസ്ഥിതിക സവര്‍ണരുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.

മഹാനായ അച്ഛന്‍ തെളിച്ച മാര്‍ഗങ്ങളിലൂടെ സഹോദരങ്ങളായ ഡോ. രാമകൃഷ്ണന്‍ തമ്പിയും ശങ്കരനാരായണന്‍ തമ്പിയും രാജശേഖരന്‍ തമ്പിയും വേലായുധന്‍ തമ്പിയും രാധമ്മ തങ്കച്ചിയും സുഭദ്രാമ്മയ്ക്കൊപ്പം നടന്നു. ആ യാത്ര അവരെ കമ്യൂണിസ്റ്റുകാരാക്കി.

മാന്നാര്‍ എന്‍.എസ്.എസ്. സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് തിരുവനന്തപുരം വിമന്‍സ് കോളേജിലാണ് സുഭദ്രാമ്മ ബിരുദപഠനത്തിനായി ചേരുന്നത്. പിൽക്കാലത്ത് കേരളത്തിന്റെ ആദ്യ സ്പീക്കറായ ജ്യേഷ്ഠന്‍ ശങ്കരനാരായണന്‍ തമ്പി അക്കാലത്ത് തികഞ്ഞ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു.

തമ്പിയുടെ പ്രേരണകൊണ്ട് സുഭദ്രാമ്മ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകയായി. ബി.എ. പാസായപ്പോള്‍ നിയമം പഠിക്കാന്‍ ലോ കോളേജിൽ ചേർന്നു. കോളേജിലെ ഒരേയൊരു പെണ്‍സഖാവായിരുന്നു. കലാലയങ്ങളില്‍ അവരുടെ തീപ്പൊരി പ്രസംഗങ്ങള്‍ ചിതറി.

എഫ്.എല്‍. പഠനം കഴിഞ്ഞ് എണ്ണയ്ക്കാട്ട് തിരികെയെത്തി. അന്ന് മധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായിരുന്നു എണ്ണയ്ക്കാട് . മധ്യതിരുവിതാംകൂറിലെ ആദ്യ കര്‍ഷകത്തൊഴിലാളി സമരംനടന്ന സ്ഥലം.

അന്നൊരിക്കല്‍ കാഞ്ഞിരംവിളയില്‍ കുട്ടി എന്ന കര്‍ഷകത്തൊഴിലാളിയുടെ വിളകള്‍ ജന്മി നശിപ്പിച്ചു. കുട്ടിയെ കുടിയിറക്കുകയും ചെയ്തു.

അതിനെ എതിര്‍ത്ത കുട്ടിക്ക് പിന്‍ബലമേകി കമ്യൂണിസ്റ്റുകാര്‍ സമരമുഖത്തെത്തി. അപ്പോള്‍, കുട്ടിക്കെതിരെ ജന്മി കള്ളക്കേസ് കൊടുത്തു. സ്വാധീനം ഉപയോഗിച്ച് കുട്ടിയെയും മറ്റു കര്‍ഷകത്തൊഴിലാളികളെയും കമ്യൂണിസ്റ്റുകാരെയും അറസ്റ്റു ചെയ്യിച്ചു. പോലീസ് അവരുടെ കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടി മര്‍ദിച്ചു.

വിവരമറിഞ്ഞ സുഭദ്രാമ്മയിലെ കമ്യൂണിസ്റ്റ് അസ്വസ്ഥയായി. സുഭദ്രാമ്മ കൂട്ടാളികള്‍ക്കൊപ്പം എണ്ണയ്ക്കാട്ടുവെച്ച് പോലീസുകാരെ തടഞ്ഞു. ആ സമരവീര്യത്തിന്റെ മുമ്പില്‍ പോലീസുകാര്‍ക്ക് അടങ്ങേണ്ടിവന്നു. അവര്‍ കര്‍ഷകത്തൊഴിലാളികളെയും മറ്റും മോചിപ്പിച്ചു.

സഹപാഠി ഭാസ്കര മേനോനാണ് സുഭദ്രാമ്മയെ കല്യാണം ക‍ഴിച്ചത്. 1944 സപ്തംബര്‍ ആറിന് അവർ വിവാഹിതരായി. വൈകാതെ മകള്‍ കല്പന പിറന്നു. കല്പനയ്ക്ക് മൂന്നു മാസം പ്രായമുള്ളപ്പോഴാണ് സുഭദ്രാമ്മയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം.

അന്ന് സുഭദ്രയുടെ സഹോദരി പതിനെട്ടുകാരി രാധമ്മയും ജന്മിത്വത്തിനെതിരെയുള്ള സമരത്തില്‍ മുന്നണിയിലുണ്ടായിരുന്നു. പല്ലനയില്‍നിന്ന് രാധമ്മയടക്കം ചിലരെ പോലീസ് അറസ്റ്റുചെയ്യുന്നതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ സുഭദ്രാമ്മ പ്രസവക്കിടക്കയില്‍ നിന്ന് ഇറങ്ങിയോടി.

രാധമ്മയെ കൊണ്ടുവന്ന പോലീസ് വണ്ടി ഒറ്റയ്ക്ക് തടഞ്ഞു. രാധമ്മയെ കൊണ്ടുപോകരുതെന്ന് ആക്രോശിച്ചപ്പോള്‍ ഒരു പോലീസുകാരന്‍ സുഭദ്രാമ്മയെ കടന്നുപിടിച്ചു.

വേലിപ്പത്തലെടുത്ത് പോലീസുകാരനെ ആക്രമിച്ചാണ് സുഭദ്രാമ്മ മറുപടി പറഞ്ഞത്. ആ കേസിലാണ് അവർക്കു ജയിൽ ശിക്ഷ കിട്ടിയത്.

പോലീസ് വണ്ടി നേരെ പോയത് ഹരിപ്പാട് സ്റ്റേഷനിലേക്ക്. തുടര്‍ന്ന് ജാമ്യം നിഷേധിക്കപ്പെട്ട് അമ്പലപ്പുഴ സബ്ജയിലില്‍.ഒടുവില്‍, ആലപ്പുഴയിലേക്ക്. അങ്ങനെ രണ്ടരവര്‍ഷം വിചാരണത്തടവുകാരിയായി തടവറയില്‍ കിടന്നു.
ജയിലില്‍ മോഷ്ടാക്കള്‍ക്കും ലൈംഗിക തൊ‍ഴിലാളികള്‍ക്കുമൊപ്പമാണ് പാര്‍പ്പിച്ചത്. മകള്‍ കല്പനയുടെ ഉടുപ്പും പൊട്ടിയ വളകളും മറ്റും കൊണ്ടുവന്ന് കാണിച്ച് മകള്‍ മരിച്ചുപോയെന്നുവരെ ചില പോലീസുകാര്‍ പറഞ്ഞു. സുഭദ്രാമ്മ കുലുങ്ങിയില്ല. മാപ്പെഴുതിക്കൊടുത്താല്‍ വിട്ടയയ്ക്കാമെന്നും സര്‍ക്കാര്‍ ജോലി നല്‍കാമെന്നും പറഞ്ഞു. അവര്‍ വഴങ്ങിയില്ല.

എന്നാല്‍ രണ്ടരവര്‍ഷത്തെ ജയില്‍ ജീവിതത്തേക്കാള്‍ സുഭദ്രാമ്മയെ തകര്‍ത്തത് മോചിതയായി എത്തിയപ്പോഴറിഞ്ഞ വാര്‍ത്തകളാണ്. ജയിലില്‍ തന്നെ കാണാന്‍ ഒരിക്കല്‍പ്പോലും വന്നിട്ടില്ലാത്ത ഭര്‍ത്താവ് ഭാസ്‌കരമേനോന്‍ വേറെ വിവാഹം കഴിച്ചിരിക്കുന്നു! അതില്‍ അദ്ദേഹത്തിന് രണ്ടു കുട്ടികള്‍ ജനിച്ചിരിക്കുന്നു!

അവര്‍ മഹിളാസംഘം പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അതിനിടയ്ക്കാണ് സഖാവ് എം.എന്‍. ഗോവിന്ദന്‍ നായര്‍ സുഭദ്രാമ്മയുടെ കാര്യം എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നത്. അങ്ങനെ എ.കെ.ജിയും ഇ.എം.എസ്സും എം.എന്നും സുഭദ്രയുടെ അച്ഛന്‍തമ്പുരാനെ കാണാന്‍ എണ്ണയ്ക്കാട് കൊട്ടാരത്തിലെത്തി.

അവര്‍ ക്രിസ്ത്യാനിയായ ഒരു സഖാവിന്റെ കാര്യം പറഞ്ഞു. അടിയുറച്ച കമ്യൂണിസ്റ്റ്, ആദര്‍ശധീരന്‍, ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് കെട്ടുറപ്പ് നല്കിയവന്‍, അന്തിക്കാട്ടെ ചെത്തുതൊഴിലാളികളെ ചേര്‍ത്ത് ഒരു സംഘടന കെട്ടിപ്പടുത്ത സഖാവ് ജോര്‍ജ് ചടയംമുറി. വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കരക്കാരന്‍.

എഫ്.എല്‍. പഠനകാലത്ത് ആ പേര് സുഭദ്രാമ്മയും കേട്ടിരുന്നു. പിടികൂടാന്‍ വന്ന പത്തോളം പോലീസുകാരെ വീട്ടിലെ ഉലക്ക കൊണ്ട് അടിച്ചോടിച്ച ധീരന്‍. അതുവഴിയുണ്ടായ കേസ് ഒറ്റയ്ക്ക് വാദിച്ച് ജയിച്ചയാള്‍. ആ കേസ് എഫ്.എല്‍. കാലത്ത് പഠനവിഷയമായിരുന്നു.

ക്രിസ്ത്യാനിയായ ഒരാള്‍ക്ക് മകളെ നല്‍കുന്നതില്‍ തമ്പുരാന്‍ എതിരു നിന്നില്ല. ‘വ്യത്യസ്ത മതക്കാരായ ഇവരുടെ വിവാഹം കൊണ്ട് സമൂഹത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമെങ്കില്‍ അങ്ങനെയാവട്ടെ’ എന്ന തമ്പുരാന്റെ സമ്മതത്തോടെ 1953 ജൂലായ് 10ന് കായംകുളം ഡി.സി. ഓഫീസില്‍ വെച്ച് പരസ്​പരം രക്തഹാരം അണിയിച്ച് സുഭദ്രയും ചടയംമുറിയും വിവാഹിതരായി. അവര്‍ക്ക് അഞ്ച് മക്കള്‍ പിറന്നു: പ്രഭ, പ്രകാശ്, പ്രദീപ് എന്നിങ്ങനെ മൂന്ന് ആണ്‍മക്കളും പെണ്‍മക്കളായ ലീനയും മായയും.

പിൽക്കാലത്ത് സുഭദ്രാമ്മ തിരക്കിട്ട പാർട്ടി പ്രവർത്തനം വിട്ട് വീട്ടമ്മയായി മാറി. എപ്പോ‍ഴെങ്കിലും ആരെങ്കിലും ആ പഴയകാലം ഓര്‍മിപ്പിച്ചാല്‍ അവര്‍ പറയുമായിരുന്നു: ”ഓ, ഞാന്‍ അത്ര വലിയകാര്യമൊന്നും ചെയ്തിട്ടില്ല. കുറച്ചുകാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. വളരെക്കുറച്ച് സമരങ്ങളില്‍ മാത്രം പങ്കെടുത്തു. അതല്ലാതെ…”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News