ഉത്തരേന്ത്യയിൽ സംഹാരതാണ്ഡവമാടി പൊടിക്കാറ്റും പേമാരിയും; മരണം 120 കവിഞ്ഞു;   48 മണിക്കൂർ സമാനമായ സാഹചര്യമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പ്രദേശത്ത്  കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വ്യാപകമായി വീശിയടിച്ച പൊടിക്കാറ്റിലും കനത്ത മഴയിലും 120ലേറെ മരണം. 250ലേറെ പേര്‍ക്ക് പരിക്കേറ്റു.

പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്ക്  കനത്ത ജാഗ്രതാ നിര്‍ദ്ദേശം, നല്‍കി.   അടുത്ത 48 മണിക്കൂർ സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്നാണ് ഇത്.

ഉത്തർപ്രദേശ‌്, രാജസ്ഥാൻ, ഉത്തരാഖണ്ഡ‌്, ഹിമാചൽപ്രദേശ്‌, പഞ്ചാബ‌് എന്നിവിടങ്ങളിലാണ‌് പൊടിക്കാറ്റ‌് മരണവും ദുരിതവും വിതച്ചത‌്. കാറ്റിലും മഴയിലും വീടുകൾ തകർന്നും മരങ്ങൾ കടപുഴകിയുമാണ് കൂടുതൽ പേരും മരിച്ചത്. ഇടിമിന്നൽ പലയിടത്തും ജീവനപഹരിച്ചു.

ബുധനാഴ്ച വൈകിട്ട് തുടങ്ങിയ അതിശക്തമായ കാറ്റ് മണിക്കൂറുകൾ സംഹാരതാണ്ഡവമാടി. ഗ്രാമീണമേഖലകളിലാണ‌് കൂടുതൽ ദുരിതമുണ്ടായത‌്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

ഉത്തർപ്രദേശിൽ അഞ്ചു ജില്ലയിലായി 64 പേർ മരിച്ചു. ആഗ്രയിലാണ് ഏറ്റവും കനത്ത നാശം. ഇവിടെ 43 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ഗ്രാമങ്ങളിൽ സുരക്ഷിതമല്ലാത്ത കെട്ടിടഭിത്തികൾ ഇടിഞ്ഞുവീണാണ് ഏറെപ്പേരും മരിച്ചത്. ബിജ്നോറിലും കാൺപുരിലും മൂന്നുപേർ വീതവും സഹാറൻപുരിൽ രണ്ടുപേരും ബറേലിയിൽ ഒരാളും മരിച്ചു.

പിലിബിത്ത്, ചിത്രകൂട്, ഫിറോസാബാദ്, മുസഫർനഗർ എന്നീ ജില്ലകളിലും പ്രകൃതിക്ഷോഭം നാശം വിതച്ചു. രാജസ്ഥാനിൽ 35 പേർ മരിച്ചു. 200ൽപരം പേർക്ക് പരിക്കേറ്റു. ഭരത്പുർ ജില്ലയിൽ മാത്രം 17 പേർ മരിച്ചു.

അൽവർ, ദോൽപുർ എന്നിവിടങ്ങളിലും മരണവും വൻതോതിൽ നാശനഷ്ടവുമുണ്ടായി. നൂറുകണക്കിനു മരങ്ങൾ കടപുഴകി. ഉത്തരാഖണ്ഡിലും പഞ്ചാബിലും രണ്ടുപേർ വീതം മരിച്ചു. അർധരാത്രിയാണ് പലഭാഗങ്ങളിലും കാറ്റ് വീശിയത്. ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത‌്.

ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ജനജീവിതം താറുമാറായി. വൈദ്യുതിവിതരണം നിലച്ചു. ഡൽഹിയിലും കാറ്റും മഴയും നാശനഷ്ടങ്ങൾക്ക് കാരണമായി. ശനിയാഴ‌്ച വരെ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

ഉത്തരാഖണ്ഡിൽ മഴയും പ്രളയവും തീർഥാടകരെ ബാധിച്ചു. ബദരീനാഥ് ദേശീയപാതയിൽ വാഹനങ്ങൾ കുടുങ്ങി. ഡെറാഡൂണിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. നൈനിറ്റാൾ, മസൂറി, ഹൽദ്വാനി എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടായി. മധ്യപ്രദേശിലെ സത്ന, ഭിന്ദ് ജില്ലകളിൽ രണ്ടു കുട്ടികൾ മരിച്ചു.

ഗ്വാളിയർ, മൊറേന, ഡാബ്റ, ഡാട്യ എന്നിവിടങ്ങളിലും നാശമുണ്ടായി. ഡൽഹി രാജ്യാന്തരവിമാനത്താവളത്തിൽ 15 വിമാനം വഴിതിരിച്ചുവിട്ടു. തലസ്ഥാനത്ത് മണിക്കൂറിൽ 59 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശി. മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

പഞ്ചാബിൽ മൊഹാലി, ലുധിയാന, സിറക്ക്പുർ, മുക്ത്സർ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് ആഞ്ഞുവീശി. പട്യാലയിൽ രണ്ടുപേർ മരിച്ചു. ഹരിയാനയിൽ അംബാല, കർണാൽ, പഞ്ച്കുള, മഹേന്ദർഗഡ് എന്നിവിടങ്ങളിൽ മരങ്ങൾ കട പുഴകി.പൊടിക്കാറ്റ‌് സംബന്ധിച്ച‌് മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി പരാതിയുയർന്നു.

ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി, പിത്തോരഗഡ് ജില്ലകളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിൽ 30 ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News