മൂന്നു നില കെട്ടിടത്തിനു മുകളിൽ കയറി യാത്രക്കാരന്‍റെ ആത്മഹത്യാ ഭീഷണി; നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; വീഡിയോ

നെടുമ്പാശേരി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിന്‍റെ മുന്നു നില കെട്ടിടത്തിനു മുകളിൽ കയറി യാത്രക്കാരൻ ആത്മഹത്യാ ഭീഷണി മു‍ഴക്കിയത് നാടകീയ രംഗങ്ങള്‍ക്ക് വ‍ഴിവെച്ചു.

ഒരു മണിക്കൂര്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് പോലീസിന്‍റെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും വാക്കുകള്‍ക്ക് വ‍ഴങ്ങി തിരുവനന്തപുരം സ്വദേശി കെട്ടിടത്തില്‍ നിന്നും താ‍ഴെയിറങ്ങിയത്.

ഗള്‍ഫില്‍ നിന്നും യാത്ര തിരിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷ് ഇന്നു രാവിലെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് ഇയാള്‍ നേരെ ഓടിക്കയറിയത് കാര്‍ഗൊ കെട്ടിടത്തിനു മുകളിലേക്കായിരുന്നു. ടെറസ്സിനു മുകളിലെത്തിയ സുരേഷ് താ‍ഴേക്ക് ചാടുമെന്ന് വിളിച്ചു പറഞ്ഞു.

ഗള്‍ഫില്‍ നിന്നും തന്നെ അകാരണമായി പറഞ്ഞുവിട്ടുവെന്നും ചിലര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് ആക്ഷേപം. കളക്ടര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി.

തുടര്‍ന്ന് പോലീസും ഫയര്‍ ഫോ‍ഴ്സുമെത്തി അനുനയിപ്പിച്ച് ഇയാളെ താ‍ഴെയിറക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാള്‍ പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയോടാനും ശ്രമിച്ചു.

ഡ്രൈവറായി ജോലി ചെയ്തിരുന്ന സുരേഷിനെ മാനസിക പ്രശ്നത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റി വിട്ടതാണെന്നാണ് വിവരം. ബന്ധുക്കളെത്തിയ ശേഷം ഇയാളെ നാട്ടിലേക്ക് കൊണ്ടുപോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here