മുഹമ്മദലി ജിന്നയുടെ ഛായാചിത്രം; അലിഗഡ് സര്‍വകലാശാലയില്‍ അക്രമം അ‍ഴിച്ചുവിട്ട് ഹിന്ദുത്വ സംഘടനകള്‍; സര്‍വകലാശാലയില്‍ നിരോധാനാജ്ഞ; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം വെച്ചതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് സര്‍വകലാശായില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. അതോടൊപ്പം ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചു.

ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അര്‍ധരാത്രിവരെയാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. സാമൂഹ്യമാധ്യമങ്ങള്‍ മുഖേന വിഭാഗീയ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് നടപടി.

നേരത്തെ അലിഗഡ് സര്‍വകലാശാലയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. തുടര്‍ന്ന് അക്രമാസക്തരായ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തിനു നേരേ പൊലീസ് ലാത്തിവീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.

സംഘടിച്ചെത്തിയ ഹിന്ദുയുവവാഹിനി, എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ 150 ല്‍ അധികം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. യൂണിയന്‍ ചെയര്‍മാനായ മഷ്‌കൂര്‍ ആഹമ്മദ് ഉസ്മാനിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ ആക്രമണം കരുതികൂട്ടിയുള്ളതാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയ്യായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാല കവാടം ഉപരോധിച്ച് പ്രതിഷേധിച്ചു.അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍വകലാശാലക്കു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം വിമര്‍ശനവുമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പാകിസ്ഥാന്‍ നേതാവായ മുഹമ്മദലിയുടെ ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു എംപിയുടെ വാദം.

എന്നാല്‍ ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു. വിഭജനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം നല്‍കിയിരുന്നുവെന്നും ആജീവനാന്ത അംഗങ്ങളായ എല്ലാവരുടെയും ചിത്രങ്ങള്‍ ക്യാമ്പസിലുണ്ടെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.

എന്നാല്‍ സര്‍വകലാശാല അധികൃതരുടെ വിശദീകരണം കണക്കിലെടുക്കാതെയാണ് ഹിന്ദുയുവവാഹിനിയുടെയും എബിവിപിയുടേയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News