കേരള എക്സ്പ്രസിന്‍റെ കോച്ചില്‍ ഗുരുതരമായ തകരാര്‍; അപകടത്തില്‍ നിന്ന് ഒ‍ഴിവായത് തലനാരി‍ഴയ്ക്ക്

ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് അപകടത്തില്‍ നിന്ന് ഒ‍ഴിവായത് തലനാരി‍ഴയ്ക്ക്. ട്രെയിനിലെ സ്ലീപ്പര്‍ കൊച്ചുകളിലൊന്നിന്‍റെ അടിയിലെ ഫ്രെയിമില്‍ വിളളല്‍ ഉണ്ടായിട്ടും ഭാഗ്യം കൊണ്ട് മാത്രമാണ് ചക്രങ്ങള്‍ വേര്‍പെടാതിരുന്നത്. എറണാകുളം റെയില്‍ വേ സ്റ്റേഷനില്‍ നടത്തിയ റോളിംഗ് ഇന്‍ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്.

രാവിലെ 10.15ന് എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ കേരള എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് എസ് ഫോര്‍ സ്ലീപ്പര്‍ കോച്ചിന്‍റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. പ്രധാന സ്റ്റേഷനുകളില്‍ സാധാരണ നടത്താറുളള റോളിംഗ് ഇന്‍ പരിശോധനയിലൂടെയാണ് വന്‍ദുരന്തം ഒ‍ഴിവായത്.

കോച്ചിന്‍റെ അടിയിലെ ഫ്രെയിം വിളളല്‍ വന്ന് വിട്ടുപോകാറായ അവസ്ഥയിലായിരുന്നു. ദില്ലിയില്‍ നിന്നും യാത്ര ആരംഭിച്ച ട്രെയിനില്‍ നിന്നും അപകടത്തിലായ സ്ലീപ്പര്‍ കോച്ച് വേര്‍പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. എസ് ഫോര്‍ കോച്ച് ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തി യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയ ശേഷം 11.27നാണ് വീണ്ടും യാത്ര പുനരാരംഭിച്ചത്.

സംഭവത്തില്‍ അട്ടിമറി ഉണ്ടായതായി പ്രാഥമികമായി പറയാനാവില്ലെന്ന് കൊച്ചി റെയില്‍വേ മാനേജര്‍ അറിയിച്ചു. സേഫ്റ്റി വിഭാഗവും ടെക്നിക്കല്‍ വിഭാഗവും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ കാലപ്പ‍ഴക്കം സംബന്ധിച്ച് ഏറെ ആശങ്ക നിലനില്‍ക്കെയാണ് സംസ്ഥാനത്ത് ഓടുന്ന പ്രധാന ട്രെയിനുകളിലൊന്നായ കേരള എക്സ്പ്രസ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News