ഇരുപതുകാരിയുടെ അവയവങ്ങൾ ദാനം ചെയ്ത് മലയാളി അച്ഛനമ്മമാർ മാതൃകയായി

തൃശൂർ താലോർ സ്വദേശി കണ്ണന്റെയും ഭാര്യ ഗീതയുടെയുടെയും ഇരുപതുകാരിയായ മകൾ ഗ്രീഷ്മ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബറോഡയിൽ ചികിത്സയിലായിരുന്നു. ആറ്റു നോറ്റു വളർത്തിയ പുന്നാര മകൾ നിനച്ചിരിക്കാതെ കരൾ രോഗത്തിന് അടിമപ്പെട്ടപ്പോൾ വിധിയുടെ മുന്നിൽ പകച്ചു നിൽക്കാനേ കണ്ണനും ഗീതക്കും കഴിഞ്ഞുള്ളു.

എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള പ്രതീക്ഷയോടെയായിരുന്നു അവർ ബറോഡയിൽ നിന്നും മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ എത്തിയത്.

ഇരുപത് വയസ്സ് പ്രായമുള്ള ഗ്രീഷ്മ കണ്ണന്റെ അസുഖം അപ്രന്റീസ് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നൽകിയപ്പോൾ പാർശ്വ ഫലം കൊണ്ട് സംഭവിച്ചതാകാമെന്നും ലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിച്ചേക്കാവുന്ന സൈഡ് എഫ്ഫക്റ്റ് ആണിതെന്നുമായിരുന്നു ഡോക്ടർമാരുടെ ആദ്യ നിഗമനം.

കരൾ രോഗത്തിന് സ്‌പെഷലൈസ് ചെയ്ത ഹോസ്പിറ്റലിലെ കൂടുതൽ പരിശോധനയും ടെസ്റ്റ് റിപ്പോർട്ടുകളും കരൾ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു . മകളെ രക്ഷിക്കാനായി തന്റെ കരൾ നൽകാമെന്ന് സ്നേഹനിധിയായ അച്ഛൻ പറഞ്ഞെങ്കിലും ലിവർ ട്രാൻസ്‌പ്ലാന്റ് എന്ന മോഡേൺ ചികിത്സാ രീതിക്ക് വലിയൊരു തുക വേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

നാല്പത് ലക്ഷത്തോളം വരുന്ന ചികിത്സാ ചിലവ് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതായിരുന്നില്ല. എന്നിരുന്നാലും എന്ത് വില കൊടുത്തും മകളെ രക്ഷിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു കണ്ണന്റെയും ഗീതയുടെയും മനസ്സ് നിറയെ. എന്നാൽ കരൾ മാറ്റി വയ്ക്കേണ്ട അവസ്ഥയിൽ നിന്നും ബ്രെയിൻ ഡാമേജൂം സംഭവിച്ചതോടെ അച്ഛന്റെ കരളിന് കാത്ത് നിൽക്കാതെ ഗ്രീഷ്മ യാത്രയായി.

താലോലിച്ച സ്വപ്നങ്ങളും പ്രതീക്ഷകളും ആശുപത്രിയിലെ എൺപത്തി എട്ടാം നമ്പർ മോർച്ചറിയിലടച്ചതോടെ അപരിചിതമായ നഗരത്തിൽ എന്ത് ചെയ്യണമെന്നറിയാതെ കണ്ണനും ഗീതയും വിധിയെ പഴിച്ചു കഴിച്ചു കൂട്ടി.

ഗ്രീഷ്മ ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് തിരിച്ചറിഞ്ഞ കണ്ണനും ഭാര്യ ഗീതയും ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. ഗ്രീഷ്മയുടെ പ്രധാന അവയവങ്ങളായ ഹാർട്ടും കിഡ്നികളും കണ്ണുകളെല്ലാം ദാനം ചെയ്യാമെന്ന് തീരുമാനിക്കുകയും ആശുപത്രി അധികൃതർക്ക് സമ്മതപത്രം ഒപ്പിട്ടു നൽകുകയും ചെയ്‌തു. അവയവദാനനടപടികൾ പൂർത്തിയാക്കുവാൻ രണ്ടു ദിവസമെടുത്തെങ്കിലും മോർച്ചറിക്ക് മുന്നിൽ അവർ കാത്തിരുന്നു.

ഗ്രീഷ്മയുടെ മൃതശരീരം കെ.ഇ.എം ൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബറോഡയിലേക്ക് റോഡുമാർഗ്ഗം കൊണ്ടു പോകുമ്പോൾ കണ്ണനും ഗീതയും മാത്രമാണ് അനുഗമിച്ചത്. ശവസംസ്കാരം നാളെ ബറോഡയിൽ നടത്തും.

ബറോഡ എസ്.വി.ഐ.റ്റി കോളേജിൽ മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനിയായ ഗ്രീഷ്മക്ക് പത്താം ക്ലാസ്സിൽ പഠിക്കുന്ന നവ്യ എന്ന ഒരനിയത്തി കൂടിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News