‘മോദി സർക്കാരിന്റെ നാലുവർഷം: തുറന്നുകാട്ടുക, പ്രതിഷേധിക്കുക’; ജൻ ഏക്താജൻ അധികാർ ആന്ദോളൻ പ്രക്ഷോഭത്തിലേക്ക‌്

“മോദി സർക്കാരിന്റെ നാലുവർഷം: തുറന്നുകാട്ടുക, പ്രതിഷേധിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ജൻ ഏക്താജൻ അധികാർ ആന്ദോളന്റെ നേതൃത്വത്തിൽ 23ന‌് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും റാലികൾ സംഘടിപ്പിക്കും. ഇതിനുമുന്നോടിയായി 16 മുതൽ 22 വരെ രാജ്യവ്യാപക യോഗങ്ങൾ, കൺവൻഷൻ, ജാഥകൾ, ഭവനസന്ദർശനം തുടങ്ങിയ പ്രചാരണപരിപാടികൾ നടക്കും.

പത്തുലക്ഷത്തോളംപേർ പ്രതിഷേധപരിപാടികളിൽ പങ്കെടുക്കുമെന്ന് ജൻ ഏക്താജൻ അധികാർ ആന്ദോളൻ കോ‐ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. എല്ലാവർക്കും നല്ല നാളുകളും വികസനവും വാഗ്ദാനംചെയ്ത് അധികാരത്തിൽവന്ന മോഡിസർക്കാർ നാലുവർഷം പിന്നിട്ടപ്പോൾ കോർപറേറ്റുകൾക്കും കുത്തകക്കമ്പനികൾക്കും മാത്രമാണ് നേട്ടം.

രാജ്യത്തെ സ്വത്തിന്റെ 53 ശതമാനവും ഒരുശതമാനം വരുന്ന സമ്പന്നർ കൈയടക്കി. പ്രതിവർഷം രണ്ടുകോടി പുതിയ തൊഴിലവസരമാണ് വാഗ്ദാനം ചെയ്തത്. എന്നാൽ, രണ്ടുലക്ഷം പേർക്കുപോലും പുതുതായി തൊഴിൽ ലഭിക്കുന്നില്ല. നോട്ടുനിരോധനവും ജിഎസ്ടിയും തൊഴിലില്ലായ്മ രൂക്ഷമാക്കി.

നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പൊതുവിതരണസമ്പ്രദായം തകർന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണസംവിധാനം ഉപേക്ഷിച്ചതോടെ ഇന്ധനവില ആകാശംമുട്ടുന്ന നിലയിലെത്തി. അഴിമതി അവസാനിപ്പിക്കും, കള്ളപ്പണം തിരിച്ചുകൊണ്ടുവരും തുടങ്ങിയ പ്രഖ്യാപനങ്ങൾ തമാശയായി.

നേരത്തെ പരാതി ലഭിച്ചിട്ടും, ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളായ നീരവ് മോഡിയും കൂട്ടരും രാജ്യംവിട്ടുപോകുന്നത് തടയാനായില്ല. ലോക്പാൽ ബിൽ ഇനിയും കൊണ്ടുവന്നിട്ടില്ല. മൂന്നുവർഷത്തിനകം കോർപറേറ്റുകൾ മനഃപൂർവം വരുത്തിയ രണ്ടുലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. വർഗീയവിദ്വേഷം പ്രചരിപ്പിച്ച് ബിജെപിയും ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസും രാജ്യത്ത് ഭീകരത പടർത്തുകയാണ‌്.

ഈ സാഹചര്യത്തിൽ ജനാധിപത്യ, മതനിരപേക്ഷ, സമത്വാധിഷ്ഠിത, ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോ‐ ഓർഡിനേഷൻ കമ്മിറ്റിക്കുവേണ്ടി ഹന്നൻ മൊള്ള അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News