ഒരുമിച്ച് ജീവിക്കാൻ വിവാഹം ക‍ഴിക്കേണ്ട; പ്രായപൂർത്തിയായാൽ മതിയെന്ന് സുപ്രീം കോടതി

പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമാകില്ലെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധങ്ങള്‍ക്ക് നിയമപ്രകാരം യാതൊരു തടസവുമില്ലെന്ന് സുപ്രീം കോടതിയുടെ വിപ്ളവകരമായ ഉത്തരവ്.

18 വയസായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാം. പുരുഷന്റെ നിയമപ്രകാരമുള്ള വിവാഹപ്രായമായ 21 വയസ് ഇതിന് തടസമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള തുഷാരയുടേയും നന്ദ കുമാറിന്റേയും വിവാഹം റദ്ദാക്കി തുഷാരയെ മാതാപിതാക്കളൊടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നന്ദ കുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2017 ഏപ്രിലില്‍ ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നന്ദ കുമാറിന് 20 വയസേ പ്രായമുള്ളൂ എന്നാണ് തുഷാരയുടെ പിതാവിന്റെ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി കാരണമായി പറഞ്ഞത്.

എന്നാല്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ പോലും വിവാഹിതരാകാതെ ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകുമെന്ന് ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

2005ലെ പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ടിലൂടെ ലെജിസ്ലേച്ചറും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ട്.

കോടതികള്‍ക്ക് ഇവരുടെ പിതാവ് ചമയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ബഞ്ച് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here