നീറ്റ് പരീക്ഷയ്‌ക്കെത്തിയ കസ്തൂരി, നാട്ടിലേക്ക് മടങ്ങിയത് പിതാവിന്റെ മൃതശരീരവുമായി; ആ പിതാവ് മടങ്ങിയത് മകനെ ഡോക്ടറാക്കണമെന്ന മോഹം സഫലമാക്കാനാകാതെ

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നും പിതാവിനൊടൊപ്പം നീറ്റ് പരീക്ഷയ്‌ക്കെത്തിയ കസ്തൂരി മഹാലിംഗം തിരിച്ച് നാട്ടിലേക്ക് മടങ്ങിയത് പിതാവിന്റെ മൃതശരീരവുമായി.

മകനെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ച കൃഷ്ണ സ്വാമിയുടെ വിയോഗം പരീക്ഷ കഴിഞ്ഞ് പുറത്ത് വന്നപ്പോഴാണ് കസ്തൂരി അറിഞ്ഞത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി കൃഷ്ണസ്വാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മകന്‍ ഡോക്ടറാകണമെന്ന മോഹം സഫലമാക്കാനാകാതെ ആ പിതാവ് മടങ്ങിയത്. നീറ്റ് പരീക്ഷാ കേന്ദ്രമായ തമ്മനം നളന്ദ സ്‌കൂള്‍ വരെ കസ്തൂരി മഹാലിംഗത്തിനൊപ്പം പിതാവ് കൃഷ്ണസ്വാമിയും ഉണ്ടായിരുന്നു.

പരീക്ഷാ ഹാളിലേക്ക് മകനെ കടത്തി വിട്ടതിന് പിന്നാലെയാണ് നെഞ്ചുവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ട് കൃഷ്ണസ്വാമി മരിച്ചത്. ഇതൊന്നുമറിയാതെ പരീക്ഷയെഴുതിയ കസ്തൂരി ഒന്നരയോടെ പുറത്തിറങ്ങിയപ്പോഴാണ് പിതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞത്.

മകനെ ഡോക്ടറാക്കാന്‍ കൈകോര്‍ത്ത് പിടിച്ചെത്തിയ അച്ഛന്റെ മൃതശരീരവുമായി മടങ്ങുന്ന കസ്തൂരിയെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും.

ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുളളയുടെ നേതൃത്വത്തില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

അയല്‍ സംസ്ഥാനങ്ങളിലേക്ക് നീറ്റ് പരീക്ഷാകേന്ദ്രം നിശ്ചയിച്ച സിബിഎസ്ഇ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നിന്നുളളവരില്‍ നിന്നുണ്ടായത്. എന്നാല്‍ കേരള സര്‍ക്കാരിന്റെ നടപടികളെയും പ്രവര്‍ത്തനങ്ങളെയും അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാന അതിര്‍ത്തി വരെ കൃഷ്ണസ്വാമിയുടെ മൃതദേഹത്തെ പൊലീസ് പൈലറ്റും അനുഗമിച്ചിരുന്നു. റവന്യൂ അധികൃതര്‍ തമിഴ്‌നാട് തിരുവാരൂര്‍ വരെ മൃതദേഹത്തെ അനുഗമിച്ചു. തിരുവാരൂരിന് സമീപം സര്‍ക്കാര്‍ ലൈബ്രേറിയനായിരുന്നു 46കാരനായിരുന്ന കൃഷ്ണസ്വാമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News