കത്വാ പീഡനക്കേസ്; ഇരയുടെ ഹര്‍ജിയും പ്രതിയുടെ തടസ്സഹര്‍ജിയും ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: കത്വാ പീഡനക്കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയും സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതി നല്‍കിയ തടസ്സഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കേസില്‍ പരിഗണനയിലിരിക്കുന്ന വിവിധ ഹര്‍ജികള്‍ തീരുമാനമാകുന്നതുവരെ കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

കത്വാ പീഡനക്കേസില്‍ നിലവിലുള്ള ഹര്‍ജികള്‍ തീരുമാനമാകുന്നതുവരെ വിചാരണ സ്റ്റേ ചെയ്യാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നത്.

കേസില്‍ നീതിയുക്തമായ വിചാരണയ്ക്ക് ജമ്മു കശ്മീരിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കേസ് കശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെ പ്രതികള്‍ എതിര്‍ക്കുകയാണ്. എന്നാല്‍ ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വാദം തുടരുമെന്നും കോടതി അറിയിച്ചിരുന്നു.

കേസ് ജമ്മു കാശ്മീരിലെ കോടതിയില്‍ തന്നെ പരിഗണിക്കാമെന്നും നീതിയുക്തമായ രീതിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മെഹബൂബ മുഫ്തി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് ശ്രമമെന്നും ഭയമില്ലാതെ മുന്നോട്ട് പോവാന്‍ ഇരകളുടെ അഭിഭാഷകര്‍ക്ക് അവസരമുണ്ടാക്കുമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കത്വാ കോടതിയില്‍ ആരംഭിച്ചിരിക്കുന്ന വിചാരണ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇരയുടെ അഭിഭാഷകയായ ദീപിക സിംഗ് രജാവത്തിനെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉന്നയിച്ചു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ പ്രതികളുടെ ആവശ്യംപോലെ കേസ് ജമ്മു കാശ്മീരില്‍ തന്നെ വിചാരണ നടത്താനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here