ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൈയും കാലും കൂട്ടിക്കെട്ടി ബൂത്തിലെത്തിക്കണമെന്ന് യെദ്യൂരപ്പയുടെ ഭീഷണി; പരാമര്‍ശം ജനാധിപത്യത്തെ അവഹേളിക്കലാണെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൈയും കാലും കൂട്ടിക്കെട്ടി ബൂത്തിലെത്തിക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

ബെലഗവി ജില്ലയിലെ കിത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മഹന്തേഷ് ദൊഡ്ഡഗൗഡറുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് യെദ്യൂരപ്പയുടെ വിവാദപരാമര്‍ശം.

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ആരെങ്കിലും വാശിപിടിച്ചാല്‍ അവരെ കൈയും വരിഞ്ഞ് കൂട്ടിക്കെട്ടി ബൂത്തിലെത്തിക്കണം. അവരെക്കൊണ്ട് മഹന്തേഷ് ദൊഡ്ഡഗൗഡര്‍ക്ക് നിര്‍ബന്ധമായും വോട്ട് ചെയ്യിക്കണമെന്നുമായിരുന്നു റാലിയില്‍ യെദ്യൂരപ്പ പ്രസംഗിച്ചത്. വിവാദപ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

വടക്കന്‍ കര്‍ണാടകത്തിന്റെ പല ഭാഗങ്ങളിലും ബിജെപി നേതാക്കള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പയും ഭീഷണി മുഴക്കിയത്. പ്രസംഗം ബിജെപിയെ തിരിഞ്ഞുകുത്തുമെന്നായതോടെ വിശദീകരണവുമായി യെദ്യൂരപ്പ രംഗത്തുവന്നു.

ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന യെദ്യൂരപ്പയുടെ നടപടി ജനാധിപത്യത്തെ അവഹേളിക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കനത്തതോല്‍വി ഏറ്റുവാങ്ങുമെന്ന സാഹചര്യം ഉടലെടുത്തതോടെ വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുകയാണ് ബിജെപിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here